- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി; ആവശ്യമെങ്കിൽ ഇന്ത്യാക്കാരെ ഒഴുപ്പിക്കാൻ പ്രത്യേക ഓപ്പറേഷൻ; 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്ന് നിഗമനം; വിദേശികളെയും ബന്ദികളാക്കി ഹമാസ് യുദ്ധതന്ത്രം
ന്യൂഡൽഹി: ഹമാസ്-ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ആവശ്യമെങ്കിൽ ഇവിടെയുള്ള ഇന്ത്യാക്കാരെ ഒഴുപ്പിക്കാൻ പ്രത്യേക ഓപ്പറേഷൻ നടത്തും. സ്ഥിതിഗതികൾ ഇന്ത്യ വിലയിരുത്തുന്നുണ്ട്.
18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന 'കെയർഗിവർ' ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമ്മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 യഹൂദരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു. അവശ്യഘട്ടത്തിൽ ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം.
അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് ഫലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്നലെ പുലർച്ചെ തുടക്കമിട്ടത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രയേലിന് ഉള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തിൽ 22 പേർ മരിച്ചുവെന്നും നൂറിലേറെ പേർക്ക് പരിക്കേറ്റുവെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സാഹചര്യങ്ങൾ വിലയിരുത്താൻ യുഎൻ രക്ഷാ സമിതി ഞായറാഴ്ച യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോരാട്ടം കടുത്തതിനു പിന്നാലെ രക്ഷാ സമിതി ചേരണമെന്ന് ബ്രസീൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇസ്രയേലിനെതിരെ കാര്യമായ പ്രകോപനം കൂടാതെ ഹമാസ് നടത്തിയ ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. സംഘർഷം വ്യാപിക്കുന്നത് തടയാൻ എല്ലാത്തരത്തിലുമുള്ള നയതന്ത്ര ഇടപെടലിനായി യുഎൻ സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തതായി യുഎൻ വക്താവ് സ്റ്റീഫൻ ദുജാറിക് അറിയിച്ചു.
അതേസമയം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മോദി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
്
ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഇത്തവണ കളത്തിലിറങ്ങിയത് കൃത്യമായ ആസൂത്രണത്തോടെ എന്ന് റിപ്പോർട്ട്. നിരവധി ഇസ്രയേലുകാരെ ഹമാസ് പിടികൂടി ബന്ദികളാക്കി. ഇതിൽ ഇസ്രയേൽ സൈനികരും ഉൾപ്പെടും. ഇവരിൽ ചിലരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. അതേസമയം, വിദേശികളെയും ഹമാസ് പിടിച്ചുകൊണ്ടുപോയി എന്നാണ് ഏറ്റവും പുതിയ വിവരം.
ശക്തമായ സൈനിക ശേഷിയുള്ള ഇസ്രയേലുമായി നേരിട്ടുള്ള യുദ്ധം ചെയ്യാൻ ഹമാസിന് ഒരിക്കലും സാധിക്കില്ല എന്നാണ് വിലയിരുത്തൽ. ഇന്ത്യയുൾപ്പെടെ ലോകത്തെ പ്രധാന രാജ്യങ്ങളുമായി പ്രതിരോധ സഹകരണമുള്ള രാജ്യമാണ് ഇസ്രയേൽ. ജനങ്ങൾ തിങ്ങി താമസിക്കുന്ന ഗസ്സയിൽ മാത്രം അധികാരമുള്ള ഹമാസ് ഇസ്രയേലുമായി സൈനികമായി ഏറ്റുമുട്ടുന്നത് വലിയ ദുരന്തത്തിലാകും അവസാനിക്കുക എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
20000ത്തോളം ഇന്ത്യക്കാർ ഇസ്രയേലിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നഴ്സിങ് ജോലി ആവശ്യാർഥം പോയ മലയാളികളും ഇതിൽപ്പെടും. മലയാളികൾക്കിടയിൽ വാട്സ്ആപ്പ് കൂട്ടായ്മകൾ നിലവിലുണ്ട്. തെക്കൻ ഇസ്രയേലിലാണ് ഹമാസിന്റെ ആക്രമണം ഉണ്ടായതെന്ന് മലയാളികൾ പറയുന്നു. സൈറൺ മുഴങ്ങുന്ന വേളയിൽ ഇവർ ബങ്കറുകളിൽ അഭയം തേടുകയും അൽപ്പ നേരത്തിന് ശേഷം തിരിച്ചുവരികയുമാണ് ചെയ്യുന്നതത്രെ.
മറുനാടന് ഡെസ്ക്