ജറുസലം: ഇസ്രയേലിൽ 2023ൽ ഹമാസ് നടത്തിയ യുദ്ധം ഓർമ്മിപ്പിക്കുന്നത് 1973 ലെ യോം കിപ്പർ യുദ്ധത്തെ. 1973 ലെ യുദ്ധത്തിന്റെ 50ാം വാർഷികത്തിന്റെ പിറ്റേന്നാണ് ഇപ്പോഴത്തെ ആക്രമണം. 1973ൽ നിന്നു വ്യത്യസ്തമായി അറബ് രാജ്യങ്ങളുമായി ഇസ്രയേൽ ഇപ്പോൾ മെച്ചപ്പെട്ട ബന്ധത്തിലാണ്. 1973 ലെ യുദ്ധം കഴിഞ്ഞ് 5 വർഷത്തിനുശേഷം അവർ ഈജിപ്തുമായി സമാധാന ഉടമ്പടി ഒപ്പുവച്ചു. 1994 ൽ ജോർദാനുമായും 2020ൽ യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങളുമായും സമാധാനക്കരാറുകളുണ്ടാക്കി. സൗദി അറേബ്യയുമായും വലിയ പ്രശ്‌നമൊന്നുമില്ല.

യഹൂദരുടെ ഏറ്റവും പ്രധാന പുണ്യദിനമായ യോം കിപ്പർ (പ്രായശ്ചിത്ത ദിനം) ആചരണത്തിൽ ഇസ്രയേൽ മുഴുകിയിരുന്നപ്പോൾ 1973 ഒക്ടോബർ 6ന് സിറിയയുടെയും ഈജിപ്തിന്റെയും സൈന്യം അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. സൈനികരിൽ നല്ലൊരു ഭാഗം അവധിയിലായിരുന്നു. 1973 ലെ യുദ്ധത്തിൽ 2600 ഇസ്രയേൽ സൈനികരാണ് കൊല്ലപ്പെട്ടത്. ഈജിപ്തിന് 15,000 സൈനികരെയും സിറിയയ്ക്ക് 3500 പേരെയും നഷ്ടപ്പെട്ടു. സിറിയക്കും ജോർദാനും, ഇസ്രയേലിന്റെയും അതിർത്തിയിൽ യർമൂക് നദിയുടെ കരയിൽ വെച്ച് 6 ദിവസം തുടർച്ചയായിട്ടാണ് ഈ യുദ്ധം നടന്നത്.

യഹൂദരുടെ ഒരാഴ്ചനീണ്ട മതഗ്രന്ഥപാരായണ ആഘോഷമായ 'സിംഹറ്റ് തോറ'യുടെ അവസാനദിവസമായിരുന്നു ശനിയാഴ്ച. ആദ്യ ആക്രമണത്തിൽ ഗസ്സാമുനമ്പിൽനിന്ന് ഇസ്രയേലിലുടനീളം 20 മിനിറ്റിനകം ആയിരക്കണക്കിന് റോക്കറ്റുകൾ പതിച്ചു. കൊല്ലപ്പെട്ടവരിൽ ഷാർ ഹനേഗേവ് റീജണൽ കൗൺസിൽ മേയറുമുണ്ട്. സെൻട്രൽ ഗസ്സയിലും ഗസ്സാസിറ്റിയിലും സ്‌ഫോടനങ്ങളുണ്ടായി. ഒട്ടേറെ വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ഗസ്സയിൽനിന്ന് ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകൾ അഷ്‌കെലോണിൽ പതിച്ചതായാണ് റിപ്പോർട്ട്. ഏതായാലും ഹമാസിന്റെ ഏകപക്ഷീയ ആക്രമണത്തിന് വലിയ പിന്തുണ ആഗോള തലത്തിൽ ഇപ്പോൾ കിട്ടുന്നില്ല.

ഇസ്രയേലിനുനേരെ 'ഓപ്പറേഷൻ അൽ അഖ്സ ഫ്‌ളഡ്' എന്നപേരിൽ സൈനികനടപടി ആരംഭിച്ചതായി ഹമാസ് പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിതിഗതികൾ സങ്കീർണമായത്. ഫലസ്തീൻകാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡകൾക്കുള്ള പ്രതികരണമാണ് ആക്രമണമെന്ന് ഹമാസ് വക്താവ് ഖാലിദ് ഖദോമി 'അൽ ജസീറ' ചാനലിനോടു പറഞ്ഞു. ''ഗസ്സയിലും അൽ അഖ്സ പോലുള്ള ഞങ്ങളുടെ പുണ്യസ്ഥലങ്ങളിലും ഫലസ്തീൻകാർക്കുനേരെയും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹം ഇടപെടണം. ഇക്കാരണങ്ങളാലാണ് ഞങ്ങൾ ഈ ആക്രമണം തുടങ്ങിയത്'' -ഖദോമി പറഞ്ഞു. എന്നാൽ അറബ് രാജ്യങ്ങൾക്ക് പോലും ഹമാസിനെ പിന്തുണയ്ക്കാൻ ഇപ്പോൾ കഴിയുന്നില്ല.

ഹമാസ് നടത്തുന്നത് ഗുരുതരകുറ്റമാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു. ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്.) ശത്രുവിനെതിരേ പോർക്കളത്തിലാണെന്നും യുദ്ധത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനു സന്നദ്ധമാണെന്ന് അറിയിച്ച ഐ.ഡി.എഫ്. ഹമാസിനുനേരെ 'ഓപ്പറേഷൻ അയൺ സ്വോഡ്‌സ്' എന്നപേരിൽ സൈനികനടപടി പ്രഖ്യാപിക്കുകയായിരുന്നു. ഭീകരതയ്‌ക്കെതിരായ യുദ്ധമായാണ് ഇതിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത്. ഇത് ലോക രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിക്കാനാണ് ശ്രമം. അതുണ്ടായാൽ ഹമാസിനുള്ള പിന്തുണയും കുറയും.

ഹമാസ് സായുധസംഘങ്ങൾ ഇസ്രയേൽ റോഡുകളിൽ റോന്തുചുറ്റുന്നതിന്റെയും സാധാരണക്കാർക്കുനേരെ വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇസ്രയേൽ സൈനികരെ ആക്രമിക്കുന്നതിന്റെയും വാഹനങ്ങൾ തീവെക്കുന്നതിന്റെയും ചിത്രങ്ങളും കൂട്ടത്തിലുണ്ട്.