- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ ഫലസ്തീൻ സംഘർഷം; ബ്രിട്ടനിലെ ഇസ്രയേൽ വംശജർ അധിവസിക്കുന്ന പ്രദേശങ്ങളിൽ പൊലീസിന്റെ പെട്രോളിങ് ശക്തിപ്പെടുത്തി; യഹൂദ വിരോധത്തോടെയുള്ള ആക്രമണങ്ങൾ ശക്തിപ്പെടുവാൻ സാധ്യത
ലണ്ടൻ: ഇസ്രയേൽ - ഫലസ്തീൻ സംഘർഷം ശക്തമായതോടെ യഹൂദ വിരോധം കടുക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ലണ്ടനിൽ പൊലീസ് പട്രോളിങ് വർദ്ധിപ്പിച്ചതായി മെറ്റ് പൊലീസ് സ്ഥിരീകരിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇസ്രയേലും ഫലസ്തീനും തമ്മിൽ ഇത്രയും ശക്തമായ സംഘർഷം ഉണ്ടാകുന്നത്. മദ്ധ്യപൂർവ്വ പ്രദേശത്തെ ഒരു യുദ്ധത്തിന്റെ വക്കിലെത്തിച്ച ഫലസ്തീൻ ആക്രമണം ചില ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ കൂടി സമൂഹ മാധ്യമങ്ങളിൽ വന്നതോടെ നഗരത്തിലെമ്പാടും പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ചില പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ, അവ നിയന്ത്രിക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ള പൊലീസിങ് രീതി തയ്യാറാക്കുമെന്നും മെറ്റ് പൊലീസ് പറഞ്ഞു. ഹോം ഓഫീസും കമ്മ്യുണിറ്റി സെക്യുരിറ്റി ടസ്റ്റും തമ്മിൽ, സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്‌ച്ച രാത്രി ഹമാസ് തീവ്രവാദികൾ ഇസ്രയേലിനെ ആക്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
അയ്യായിരത്തിലധികം റോക്കറ്റുകൾ ഇസ്രയേലിനു നേരെ തൊടുത്തു വിട്ടു എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. അതിനിടയിൽ തീവ്രവാദികൾ അതിർത്തികളിലൂടെ ഇസ്രയേലിലെക്ക് നുഴഞ്ഞുകയറുകയും ചെയ്തു. ഇസ്രയേലിനെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു ആക്രമണം തന്നെയായിരുന്നു അതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. 12 മണിക്കൂറിനുള്ളിൽ ഇസ്രയേലിലും ഗസ്സ മുനമ്പിലുമായി 400 ഓളം പേർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.. മറ്റ് 2610 പേർക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്.
അതേസമയം, ഫലസ്തീൻ ആക്രമണം ആഘോഷിക്കുന്നതിന്റെ പൂർണ്ണ വിവരം ലഭിച്ചിട്ടുണ്ടെന്നും കരുതൽ എടുക്കുകയാണെന്നും സ്‌കോട്ട്ലാൻഡ് യാർഡ് പ്രതിനിധി അറിയിച്ചു. ലണ്ടൻ നഗരത്തിലാകെ പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുമുണ്ട്. യുദ്ധം ആരംഭിച്ചിരിക്കുന്നു എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പ്രസ്താവിച്ചതോടെ മേഖലയാകെ ആശങ്കയിലായിരിക്കുകയാണ്. ഇത് ഏറെ നാൾ നീണ്ടു നിൽക്കും എന്ന് പാശ്ചാത്യ ശക്തികളും ആശങ്കപ്പെടുന്നു.
2021-ൽ സമാനമായ രീതിയിൽ ഇസ്രയേൽ- ഫലസ്തീൻ സംഘർഷമുണ്ടായപ്പോൾ ഏതാണ് 628 ഓളം അക്രമ സംഭവങ്ങളായിരുന്നു ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ബ്രിട്ടനിലെ യഹൂദ സമൂഹത്തിനു നേരെയായിരുന്നു അക്രമങ്ങളിൽ അധികവും നടന്നത്. അടുത്തിടെ പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ 2022-23 കാലഘട്ടത്തിൽ മത വിദ്വേഷവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾ ബ്രിട്ടനിൽ വർദ്ധിച്ചു വരുന്നതായാണ് സൂചിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളാകുന്ന രണ്ടാമത്തെ വിഭാഗമാണ് യഹൂദർ. ഇസ്ലാമോഫോബിയയാണ് ഏറ്റവുമധികം ഇരകളെ സൃഷ്ടിക്കുന്നത്. ഹമാസ് അക്രമം നടത്തിയ വിവരം അറിഞ്ഞ ഉടൻ തന്നെ ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കൾ, കൂടുതൽ അക്രമസംഭവങ്ങൾ ഒഴിവാക്കുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണം തന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞ പ്രധാനമന്ത്രി ഋഷി സുനക്, ഇസ്രയേലിന് പ്രതിരോധിക്കുവാനുള്ള എല്ലാ അവകാശങ്ങലും ഉണ്ടെന്നും കൂട്ടിച്ചേർത്തു.
ഇസ്രയേൽ അധികൃതരുമായി തന്റെ സർക്കാർ സമ്പർക്കം പുലർത്തുന്നുണ്ടെന്നും, ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്ന ബ്രിട്ടീഷുകാർ യാത്രാ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിനും, ഇസയെലി പൗരന്മാർക്കും നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ലേബർ നേതാവ് സർ കീർ സ്റ്റാർമറും പറഞ്ഞു. ഈ തീവ്രവാദ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഹമാസിന്റെ നടപടി തികച്ചും കാട്ടാളത്തമാണെന്നായിരുന്നു ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്റെ പ്രതികരണം.
അതിർത്തി കാത്തു സൂക്ഷിക്കുവാനും, പൗരന്മാരെ സംരക്ഷിക്കുവാനുമുള്ള ഇസ്രയേലിന്റെ അവകാശത്തെ ബ്രിട്ടൻ ഒന്നടങ്കം ബഹുമാനിക്കുന്നു എന്നും ഹോം സെക്രട്ടറി പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ അപലപിച്ച ലണ്ടൻ മേയർ സാദിഖ് ഖാൻ, വർദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധ വികാരം ആശങ്കകൾ ഉയർത്തുന്നു എന്നും പറഞ്ഞു. മദ്ധ്യപൂർവ്വ ദേശത്തെ സംഘർഷം, ലണ്ടൻ നഗരത്തിൽ വിദ്വേഷ കലാപത്തിന് വഴിമരുന്നിട്ടേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്മാരുമായും, സാമൂഹ്യ നേതാക്കന്മാരുമായും താൻ ഇക്കാര്യം ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
അതിനിടയിൽ, ഹമാസ് തീവ്രവാദികൾ ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇരു വിഭാഗങ്ങളും യുദ്ധം കടുപ്പിച്ചിരിക്കുകയാണ്. 22 സ്ഥലങ്ങളിലായാണ് പോർമുഖം തുറന്നിരിക്കുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടയിൽ ഗസ്സയിലേക്കുള്ള ഊർജ്ജ വിതരണം അടിയന്തിരമായി നിർത്തിവയ്ക്കാൻ ഇസ്രയേൽ ഊർജ്ജ- അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇതേ തുടർന്ന് ഗസ്സയിലെ വൈദ്യൂതി വിതരണത്തിന്റെ 80 ശതമാനത്തോളം മുടങ്ങിയതായി ഗസ്സ പവർ അഥോറിറ്റിയും അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് ഗസ്സ. 140 ചതുരശ്ര മൈൽ സ്ഥലത്ത് ഏകദേശ്ശം 20 ലക്ഷം പേരാണ് തിങ്ങിപ്പാർക്കുന്നത്. എന്നാൽ, വെള്ളം, വൈദ്യൂതി, ടെലിക്കമ്മ്യുണിക്കേഷൻ തുടങ്ങിയ സൗകര്യങ്ങൾക്കായി ഗസ്സക്ക് ഇസ്രയേലിനെ തന്നെ ആശ്രയിക്കേണ്ടുന്ന സാഹചര്യമാണ് ഉള്ളത്.
മറുനാടന് മലയാളി ബ്യൂറോ