- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിനെ നിർദയം അടിച്ചമർത്തും; ഗസ്സയിൽ ശക്തമായ തിരിച്ചടി നൽകാൻ ഇസ്രയേൽ; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ്; പോരാട്ടം ഏറെക്കാലം നീണ്ടുനിൽക്കുമെന്നും നെതന്യാഹു; ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് ഇന്ത്യ
ജറുസലേം: ഹമാസിനെതിരെ നിർദയം ഇസ്രയേൽ സൈന്യം ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നിർദയം അടിച്ചമർത്തും. ഇസ്രയേലിനും പൗരന്മാർക്കും ഹമാസ് നൽകിയ കറുത്ത ദിനങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും ടെലിവിഷൻ അഭിസംബോധനയിൽ നെതന്യാഹു അവകാശപ്പെട്ടു. ഗസ്സയിൽ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ, തങ്ങളുടെ എല്ലാശേഷിയും ഉപയോഗിച്ച് അവിടെ ആക്രമണം നടത്തുമെന്നും അറിയിച്ചു.
കുഞ്ഞുങ്ങളേയും അമ്മമാരുടേയും അവരുടെ വീട്ടിൽ, കിടക്കകളിൽ വധിക്കുന്ന ശത്രുക്കളാണ് ഇവർ. മുതിർന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. തങ്ങളുടെ പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധിദിനത്തിൽ അവർ ആനന്ദിക്കുകയാണ്. മുമ്പ് ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലിൽ അരങ്ങേറിയത്, അതിനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ച നെതന്യാഹു, എന്നാൽ പോരാട്ടം ഏറെക്കാലം നീണ്ടുനിൽക്കുമെന്നും വ്യക്തമാക്കി.
ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്രം അവർ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവർത്തകർ ഒളിച്ചിരിക്കുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഗസ്സയിലേക്കുള്ള വൈദ്യുതി, ഇന്ധന, സാധനങ്ങൾ എന്നിവയുടെ വിതരണം ഇസ്രയേൽ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ശനിയാഴ്ച തന്നെ ഗസ്സയിലേക്കുള്ള വൈദ്യുതി ഇസ്രയേൽ വിച്ഛേദിച്ചിരുന്നു. ഗസ്സയിലെ ഏഴ് മേഖലകളിൽ ആളുകളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരകേന്ദ്രങ്ങളിലെ ഷെൽട്ടറുകളിലോ അഭയം തേടാനാണ് നിർദ്ദേശം. ഇതേത്തുടർന്ന് നിരവധി കുടുംബങ്ങൾ ഇവിടംവിട്ടു പോകാൻ ആരംഭിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു.
അതേ സമയം ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിർദ്ദേശം നൽകും. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കലിന് നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 കടന്നു. 1590 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രയേൽ തിരിച്ചടിച്ചതോടെ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു. ഇസ്രയേൽ - ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ ആഹ്വാനം ചെയ്തു. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തി. മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷമുണ്ടായത്.
അതേസമയം ഇസ്രയേലിന് അമേരിക്ക ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു.
ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഭൂരിഭാഗവും എയർലൈനുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസും എയർ ഫ്രാൻസും എമിറേറ്റ്‌സുമെല്ലാം സർവീസുകൾ റദ്ദാക്കി. ജർമ്മനിയും ലുഫ്താൻസയും താത്കാലികമായി സർവ്വീസുകൾ നിർത്തിവയ്ക്കുകയാണ്.
ഇസ്രയേലിന്റെ നഹാൽ ബ്രിഗേഡിന്റെ കമാൻഡർ കേണൽ ജൊനാതൻ സ്രൈൻബെർഗ് ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നുഴഞ്ഞു കയറിയ ഹമാസുകാരെ കണ്ടെത്താൻ ഇസ്രയേൽ ശ്രമം തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ള സൈന്യവും ഇസ്രയേലിനെതിരായ യുദ്ധത്തിൽ പങ്കുചേരുമോയെന്ന ആശങ്കയും ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും.
50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. യുദ്ധം തുടങ്ങിയതായും വിജയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കി. അതേസമയം തന്നെ തിരിച്ചടികളില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ശത്രുക്കൾ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ഡീഫിന്റെ പ്രതികരണം. അക്രമം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും ജറൂസലമിലേക്കും വ്യാപിപ്പിക്കുമെന്നും ഹമാസ് നേതൃത്വം അറിയിക്കുന്നു.
പെട്ടെന്നുള്ള ആക്രമണത്തിന് ഇരുപക്ഷത്തിനും പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇസ്രയേലിനും സൗദി അറേബ്യ ഉൾപ്പെടേയുള്ള അറബ് രാഷ്ട്രങ്ങൾക്കും ഇടയിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ട് വരുന്ന ഒരു സാഹചര്യമാണ് പശ്ചിമേഷ്യൻ മേഖലയിൽ അടുത്തിടെയായിട്ടുള്ളത്. ചരിത്രപരമായ പല തീരുമാനങ്ങളും ഈ ബന്ധ സ്ഥാപിക്കലിന് പിന്നാലെയുണ്ടായിട്ടുണ്ട്.
ഇസ്രയേൽ അധിനിവേശത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് എക്കാലവും അറബ് രാഷ്ട്രങ്ങൾ പിന്തുണ നൽകിപ്പോരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രയേലുമായി സൗദി അറേബ്യ അടക്കം പുതുതായി ഉണ്ടാക്കുന്ന ബന്ധം സ്വാഭാവികമായും ഫലസ്തീൻ ജനതയിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ച് ഹമാസ് ഉൾപ്പെടേയുള്ള സായുധ സംഘങ്ങൾക്ക് ഇസ്രയേൽ ബന്ധത്തിൽ അറബ് രാഷ്ട്രങ്ങൾ നടത്തുന്ന വിട്ടുവീഴ്ചകൾ അംഗീകരിക്കാൻ തയ്യാറല്ല.
ഇസ്രയേൽ ബന്ധത്തിൽ നിലപാട് മാറ്റിയെങ്കിലും ഫലസ്തീന്റെ കാര്യത്തിൽ തങ്ങൾ പഴയ നിലപാട് തുടരുമെന്ന് തന്നെയാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്. മേഖലയിൽ ഉടൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് നിലവിലെ സംഘർഷങ്ങളുടെ ഭാഗമായി സൗദിയുടെ പ്രതികരണം. എന്നാൽ ഇസ്രയേലുമായി മെച്ചപ്പെട്ട് വന്ന ബന്ധം നിലനിർത്താനും സൗദി ശ്രമിക്കുന്നുണ്ട്.
യുദ്ധം അതിശക്തമായി മുന്നോട്ട് പോകുകയാണെങ്കിൽ സൗദി അറേബ്യക്ക് നിലവിലെ നിലപാട് തുടർന്ന് പോകാൻ കഴിയുമോയെന്നതും കണ്ടറിയേണ്ടതാണ്. ഇസ്രയേൽ ആക്രമണം ശക്തമാക്കുകയും ഫലസ്തീനികളുടെ അവസ്ഥ കൂടുതൽ ദുരിതമാകുകുയം ചെയ്താൽ സൗദി അറേബ്യയ്ക്ക് മാത്രമല്ല, ഇസ്രയേലുമായി ബന്ധം ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന മറ്റ് അറബ് രാഷ്ട്രങ്ങൾക്കും പഴയ ഇസ്രയേൽ വിരുദ്ധ നിലപാടിലേക്ക് തിരിച്ച് പോകേണ്ടി വന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
മറുവശത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാരിനുനേരെ ഇസ്രയേലിൽ എതിർപ്പ് ശക്തമാകുന്നതിനിടയിലുമാണ് സംഘർഷം. ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള സർക്കാരിന്റെ നിയമപരിഷ്‌കാരത്തിൽ രാജ്യവ്യാപകപ്രതിഷേധം നിലനിൽക്കുന്നു. ഇതിനിടയിലാണ് ഹമാസിന്റെ ഭാഗത്ത് നിന്നുള്ള ആക്രണം ഉണ്ടാകുന്നത്. ഹമാസ് ആക്രമണം തന്റെ പ്രതിച്ഛായ വളർത്താൻ നെതന്യാഹും ഉപയോഗപ്പെടുത്തുകയും പെട്ടെന്ന് തന്നെ യുദ്ധപ്രഖ്യാപനം നടത്തുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ