- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ നിരീക്ഷണവലയത്തിൽ ഒതുക്കിയ മൊസാദിനും പിഴച്ചു; ഹമാസിന്റെ ക്രൂരതയിൽ തെരുവോരങ്ങളിൽ ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങൾ; ആക്രമണത്തിന് സഹായം കിട്ടിയത് ഇറാനിൽ നിന്നും; വിശ്വാസ്യത വീണ്ടെടുക്കാൻ ഇസ്രയേൽ സൈന്യം
ടെൽ അവീവ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്‌ത്തിയ ഇസ്രയേലിലെ ഹമാസിന്റെ ആക്രമണത്തിൽ ഇറാനും പങ്കെന്ന് സൂചന. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് രാജ്യത്ത് ആക്രമണം നടത്താൻ തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന് ഉള്ളിൽ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാൻ. എന്നാൽ ഫലസ്തീൻ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
മിഡിലീസ്റ്റിലെ രണ്ട് പ്രമുഖ ശക്തികളും പ്രഖ്യാപിത ശത്രുക്കളുമാണ് ഇറാനും ഇസ്രയേലും. എങ്ങനെയെങ്കിലും ഇറാനുമായി ഒരു സൈനിക സംഘട്ടനത്തിന് തയാറാവണമെന്നും അതുവഴി ഇറാന്റെ ആണവ സാങ്കേതികവിദ്യ തകർക്കണമെന്നുമാണ് ഇസ്രയേലിന്റെ പക്ഷം. ഇസ്ഫഹാനിലെ യുദ്ധോപകരണ നിർമ്മാണ ശാലക്കുനേരെ മൂന്നു മിസൈലുകൾ തൊടുത്തുവിട്ടതടക്കം ഉദാഹരണമാണ്.
ഇറാനും ഇസ്രയേലും തമ്മിൽ വർഷങ്ങളായി നിഴൽ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി തകർക്കുന്നതിനായി നടന്ന നിരവധി ആക്രമണങ്ങൾക്കുപിന്നിൽ ഇസ്രയേൽ ആണെന്നാണ് കരുതപ്പെടുന്നത്. ആണവപദ്ധതിയുടെ തലപ്പത്തുള്ള ശാസ്ത്രജ്ഞർ അടക്കം നിരവധി പേരെ കൊല ചെയ്ത സംഭവങ്ങൾക്കു പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇസ്രയേലിന്റെ ബദ്ധവൈരികളായ ലബനോനിലെ ഹിസ്ബുല്ലയ്ക്ക് സഹായമെത്തിക്കുന്നു എന്നാരോപിച്ച് ഇറാന്റെ നിരവധി കപ്പലുകളും ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇതിനു പകരമായി ഇറാനും ഇസ്രയേൽ കപ്പലുകൾക്കു നേരെ നിരവധി ആക്രമണം നടത്തിയിരുന്നു.
അതിനിടെയാണ് ലോകത്തെ ഏറ്റവും മികച്ച ചാരന്മാർ എന്ന വിശേഷണം ഉള്ള മൊസാദിനെപ്പോലും ഞെട്ടിച്ച് ഇസ്രയേലിന്റെ മണ്ണിൽ ഹമാസ് ആക്രമണം നടത്തിയത്. മൊസാദിന്റെ പിഴവാണ് തീവ്രാദികൾക്ക് രാജ്യത്തേക്ക് കടന്നുകയറാനുള്ള വഴിയൊരുക്കിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനത്തിൽ ലോകരാജ്യങ്ങൾക്കുപോലും വലിയ വിശ്വാസമായിരുന്നു. ഷെല്ലുകൾ ആകാശത്ത് വച്ച് നിർവീര്യമാക്കുന്ന സാങ്കേതിക വിദ്യകൾ കൈവശമുള്ള ഇസ്രയേലിന് ഇപ്പോൾ എന്താണ് പറ്റിയതെന്ന് അറിയില്ല.
എല്ലാം പിഴച്ചു. എന്തുരഹസ്യവും എവിടെ നിന്നും ചോർത്തും. മറ്റുരാജ്യങ്ങളുടെ ഉന്നത കേന്ദ്രങ്ങളിൽ പോലും എത്തപ്പെട്ട ചാരന്മാരെ ആ രാജ്യങ്ങൾ പോലും അറിയാതെ നിമിഷങ്ങൾ കൊണ്ട് പിടികൂടും. അങ്ങനെ ഇസ്രയേൽ സൈന്യത്തിന് വിശേഷണങ്ങൾ ഒട്ടനവധിയാണ്. അതെല്ലാമാണ് ഒറ്റദിവസം കൊണ്ട് തകർന്നുവീണത്. ഇസ്രയേലിന്റെ എല്ലാ പ്രതിരോധവും മറികടന്നാണ് ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് ഇരച്ചെത്തിയത്.
അതിർത്തിക്കപ്പുറത്ത് ഒരു ഈച്ച അനങ്ങുന്നതുപോലും ഒപ്പിയെടുക്കുന്ന ക്യാമറകളാണ് അതീവ സുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികളിൽ സ്ഥാപിച്ചിരുന്നത്. പക്ഷേ, അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല. ബുൾഡോസറുകൾ ഉൾപ്പെടെ ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ട് ഈ സുരക്ഷാ വേലികൾ തകർത്താണ് ഭീകരർ ഇസ്രയേലിലേക്ക് ഇരച്ചെത്തിയത്.
കൃത്യമായ പദ്ധതികളൊരുക്കിയാണ് ഹമാസ് ഇസ്രയേലിന്റെ കനത്ത പ്രതിരോധസംവിധാനങ്ങൾ മറികടന്നത്. ബുൾഡോറുകൾക്കൊപ്പം എസ് യു വികളും ബൈക്കുകളും തീവ്രവാദികൾ ഉപയോഗിച്ചിരുന്നു. ആകാശത്തുനിന്ന് പാരാഗ്ളൈഡറുകളിലൂടെയും അവർ പറന്നിറങ്ങി.
വിദൂരത്തുനിന്നുള്ള ചലനങ്ങളും മനുഷ്യരുടെ ശരീരത്തിലെ നേരിയ ചൂടുപോലും മുൻകൂട്ടി അറിയാൻ സാധിക്കുന്ന സെൻസറുകളെയും കൂരിരുട്ടിലെ ചലനങ്ങൾ ഒപ്പിയെടുക്കാൻ ശേഷിയുള്ള ക്യാമറക്കണ്ണുകളും ഈ സമയത്ത് ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു. തങ്ങളുടെ സഹപ്രവർത്തകരെ തീവ്രവാദികൾ ബന്ദികളാക്കിയപ്പോഴാണ് സൈന്യം എല്ലാം മനസിലാക്കിത്തുടങ്ങിയത്. അപ്പോഴേക്കും നിരവധിപേരുടെ ജീവൻ തീവ്രവാദികൾ എടുത്തിരുന്നു.
പിടികൂടിയവരെ ഹമാസ് തീവ്രവാദികൾ അതിക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോർട്ട്. ബന്ദികളാക്കിയ സൈനികരെ നിഷ്‌കരുണമാണ് വധിച്ചത്. ജീവനെടുക്കുന്ന സമയത്തുപോലും അല്പം ദയ അവർ നൽകിയില്ല. പിടികൂടിയ സൈനികരെ കൈകാലുകൾ കെട്ടിയിട്ട് അതിക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊച്ചുകുട്ടികളെപ്പോലും അവർ വെറുതേ വിട്ടില്ല. ജീവനുവേണ്ടി യാചിച്ചവരെയും കൊന്നുതള്ളി. പാർക്കിലും പാതയോരത്തും റോഡരികിലും തെരുവോരങ്ങളിലുമെല്ലാം മനുഷ്യശരീരങ്ങൾ ചിതറിക്കിടപ്പുണ്ട്.
സ്വർണവും പണവും അപഹരിക്കുന്നു. എങ്ങും അക്രമികളുടെ തേർവാഴ്ച മാത്രം. പിടിയിലായ ഇസ്രയേൽ സൈന്യത്തിൽ നിന്ന് വൻ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും തീവ്രവാദികൾ പിടിച്ചെടുത്തിട്ടുണ്ട്.
ഇസ്രയേലിലേക്ക് കടന്നു കയറിയുള്ള ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണത്തിന് പിന്നിൽ മൂന്നുകാരണങ്ങളുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സ്വന്തമെന്ന് അവകാശപ്പെടുന്ന ഈസ്റ്റ് ജറുസലേമിലെ അൽ അഖ്‌സ മുസ്ലിം പള്ളിയുടെ പേരിൽ വർഷങ്ങളായുള്ള തർക്കമാണ് സമീപകാലത്ത് ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ സംഘർഷത്തിലേക്ക് നീങ്ങുന്നതെന്നാണ് ഒരു കാരണം. അൽ അഖ്‌സ പള്ളിയുടെ നാമത്തിൽ 'അൽ അഖ്സ സ്റ്റോം' എന്ന പേരിലാണ് ഹമാസിന്റെ ഓപ്പറേഷൻ. 'സ്വോർഡ്‌സ് ഓഫ് അയൺ' എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണമാണ് മറ്റൊന്ന്. കഴിഞ്ഞ ദിവസം നാല് ഫലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ കൊലപ്പെടുത്തിയിരുന്നു. ഒരു വർഷത്തിനിടെ 250ഓളം ഫലസ്തീൻകാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.കഴിഞ്ഞ മാസം മുതൽ ഇവിടെയുള്ള തൊഴിലാളികളെ അതിർത്തിയിൽ ഇസ്രയേൽ സൈന്യം തടയുന്നത് ശക്തമാക്കി. ഇത് വലിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ഇടയാക്കിയിരുന്നു. ഇത് അക്രമത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം.
അൽ അഖ്‌സ പള്ളിമക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ മൂന്നാമത്തെ വിശുദ്ധ ഇടമാണ് അൽ അഖ്‌സപരിശുദ്ധ ഖുറാനിൽ പരാമർശം ഉണ്ട്പ്രവാചകനായ മുഹമ്മദ് നബി ഒറ്റ രാത്രിയിൽ മക്കയിൽ നിന്ന് ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ എത്തിയ ശേഷം ദൈവസന്നിധിയിലേക്ക് പോയതെന്ന് വിശ്വാസം ഈസ്റ്റ് ജറുസലേമിലെ ഓൾഡ് ടൗണിൽ യഹൂദന്മാർക്കിടയിൽ ഹർ ഹാ - ബായിത്ത് ( ടെംബിൾ മൗണ്ട് ) എന്നും മുസ്ലിങ്ങൾക്കിടയിൽ അൽ ഹറം അൽ - ഷെരീഫ് ( നോബിൾ സാങ്ങ്ച്വറി ) എന്നും അറിയപ്പെടുന്ന മലനിരകളിൽ സ്ഥിതി ചെയ്യുന്നു യഹൂദരുടെ പ്രാർത്ഥനാ കേന്ദ്രമായ വെസ്റ്റേൺ വോളിന് നേർക്കാണ് അൽ അഖ്‌സ യഹൂദരുടെ പുണ്യ കേന്ദ്രമാണ് ടെമ്പിൾ മൗണ്ട് സോളമൻ രാജാവ് 3,000 വർഷം മുമ്പ് ഇവിടെ ആദ്യ ദേവാലയം നിർമ്മിച്ചെന്ന് കരുതുന്നു
1967ലെ ആറു ദിവസ യുദ്ധത്തിൽ ഇസ്രയേൽ ഈസ്റ്റ് ജറുസലേം ജോർദ്ദാനിൽ നിന്ന് പിടിച്ചെടുത്തു. വെസ്റ്റ് ജറുസലേമുമായും വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളുമായും ഈസ്റ്റ് ജറുസലേമിനെ കൂട്ടിച്ചേർത്തെന്ന് അവകാശവാദം.ജറുസലേമിലെ മുസ്ലിം, ക്രിസ്ത്യൻ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോർദ്ദാനാണ് അൽ അഖ്‌സയുടെ മേൽനോട്ടം വഹിക്കുന്ന ജറുസലേം വഖഫ് ബോർഡിലെ അംഗങ്ങളെ നിയമിക്കുന്നത്അൽ അഖ്‌സ പള്ളിക്ക് താഴെ സോളമന്റെ ദേവാലയം ഉണ്ടെന്ന് ഇസ്രയേൽ വാദം
അവിടെ യഹൂദ അധിനിവേശത്തിന് ശ്രമങ്ങൾ 2000ത്തിൽ അന്നത്തെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് ഏരിയൽ ഷാറോണിന്റെ ടെമ്പിൾ മൗണ്ട് സന്ദർശനം ഫലസ്തീനികളുടെ പ്രതിഷേധത്തിനിടയാക്കി.നിയമങ്ങൾ ലംഘിച്ച് യഹൂദന്മാർ അൽ അഖ്‌സ പ്രദേശം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും മുസ്ലിം വിശ്വാസികൾക്ക് തടസം സൃഷ്ടിക്കുകയും ചെയ്തു. അൽ അഖ്‌സയിൽ എല്ലാവർക്കും പ്രവേശിക്കാമെങ്കിലും മുസ്ലിം വിഭാഗക്കാർക്ക് മാത്രമാണ് പ്രാർത്ഥനകൾക്കുള്ള അനുവാദം.
ഇസ്രയേൽ സുരക്ഷാ സേന മുസ്ലിം വിശ്വാസികളുമായി ഏറ്റുമുട്ടലുകളും പതിവായി. ഏറ്റുമുട്ടലുകൾ രണ്ടാം ഫലസ്തീനിയൻ പ്രക്ഷോഭത്തിന് ( അൽ അഖ്‌സ ഇൻതിഫാദ ) കാരണമായിരുന്നു. ഇത് കടുത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും വഴിവച്ചു. 2021 മേയിൽ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് ഫലസ്തീനികൾക്ക് പരിക്കേറ്റു. പിന്നാലെ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. ഇസ്രയേൽ തിരച്ചടിച്ചു. നൂറുകണക്കിന് മരണം. ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് ആരംഭിച്ച് വെള്ളിയാഴ്ച അവസാനിച്ച യഹൂദമത തീർത്ഥാടക ആഘോഷമായ സുകോത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഇസ്രയേൽ വംശജരാണ് അൽ - അഖ്‌സ മേഖലയിലേക്ക് കടന്നുകയറിയത്.വമാമ3െഗസ്സയിൽ എന്നും അശാന്തിമാത്രം
റഷ്യ- യുക്രെയിൻ യുദ്ധം അവസാനമില്ലാതെ നീണ്ടുപോകുന്നതിനിടെ പശ്ചിമേഷ്യയിലും യുദ്ധം ഉടലെടുത്തതോടെ ലോകം മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയിലാണ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രാജ്യത്ത് എതിർപ്പ് ശക്തമാകുന്നതിനിടെയാണ് ഇസ്രയേലിൽ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ അക്രമം നടത്തിയത്. അതിനാൽ തന്നെ തീവ്രവാദികൾക്കെതിരെ ശക്തമായി തിരിച്ചടിക്കേണ്ടത് ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യവുമാണ്. അതുകൊണ്ടുതന്നെയാണ് ഹമാസിനുനേരെ ഞൊടിയിടയ്ക്കുള്ള ഭരണകൂടം യുദ്ധം തുടങ്ങിയത്.