- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസും ഇറാനും താലിബാനും ഒരു വശത്ത്; മറു വശത്ത് ഇസ്രയേലും അമേരിക്കയും; ഇന്ത്യയുടെ പിന്തുണയും ഇസ്രയേലിനൊപ്പം; റഷ്യയുടെ മനസ്സ് നിർണ്ണായകം; ഇറാൻ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയ 2020ലെ പക ഇപ്പോഴത്തെ ആക്രമണമായി
ജറുസലം: ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് ഇറാന്റെ സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ഫലസ്തീനിലെ സായുധ പ്രസ്ഥാനമായ ഹമാസ് രംഗത്ത്. ഇറാൻ നൽകിയ സഹായത്തെക്കുറിച്ച് ഹമാസ് വക്താവ് ഗസ്സി ഹമദ് ആണ് ബിബിസിയോടു വെളിപ്പെടുത്തിയത്. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലത്തിലെത്തുകയാണ്. താലിബാനും ഹമാസിനെ സഹായിക്കാൻ രംഗത്തുണ്ട്. ലബനൻ അതിർത്തിയിലും ഇസ്രയേൽ ബോംബിട്ടു. ഇസ്രയേലിലെ 21 ഇടത്ത് പോരാട്ടം തുടരുകയാണ്. ഹമാസ് നുഴഞ്ഞു കയറ്റുക്കാരെ കണ്ടെത്താൻ ഇനിയും പൂർണ്ണമായും കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധ സമാന സാഹചര്യമാണുള്ളത്. ഹമാസ് കേന്ദ്രങ്ങളെ തകർക്കാൻ പദ്ധതിയൊരുക്കകയാണ് ഇസ്രയേൽ.
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇറാനെതിരേയും ഇസ്രയേൽ യുദ്ധത്തിന് തയ്യാറാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകും. ലോകത്തെ ആകെ അത് ബാധിക്കാനും സാധ്യത ഏറെയാണ്. താലിബാനും ഇസ്രയേലിനെതിരെ രംഗത്തു വരുന്നത് പുതിയ കൂട്ടുകെട്ടിന്റെ ലക്ഷണമാണ്. ഹമാസും ഇറാനും താലിബാനും ഒരുമിക്കുന്നുവെന്നാണ് വിലയിരുത്തൽ. മറ്റ് അറബ് രാജ്യങ്ങൾ ഇസ്രയേലിനെ പൂർണ്ണമായും തള്ളി പറയുന്നില്ല. അവർ കരുതലോടെയാണ് പ്രതികരിക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിനാലാണ് അത്.
ഇറാന്റെ ഉന്നത ആണവ, മിസൈൽ ശാസ്ത്രജ്ഞൻ മൊഹ്‌സീൻ ഫക്രിസദേ കൊല്ലപ്പെട്ടത് 2020ലാണ് . തലസ്ഥാനമായ ടെഹ്‌റാനിൽ മൊഹ്‌സീൻ ഫക്രിസദേ സഞ്ചരിച്ച കാറിനു നേരെ അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇറാന്റെ ആണവ, മിസൈൽ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്‌സീൻ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിലൊരാളായിരുന്നു. ശാസ്ത്രജ്ഞന്റെ വധത്തിൽ ഇസ്രയേൽ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞിരുന്നു. അന്ന് തുടങ്ങിയ വൈരാഗ്യമാണ് ഹമാസിലൂടെ ഇസ്രയേലിനുള്ള തിരിച്ചടിയായി ഇറാൻ നൽകുന്നതെന്നാണ് വിലയിരുത്തൽ.
ലെബനനിലെ ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയെന്നാണ് വിവരം. മോർട്ടാർ ആക്രമണത്തിന്റെതെന്ന പേരിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ലെബനനിലെ ഷിയാ സായുധ സംഘമാണ് ഹിസ്ബുല്ല. തെക്കൻ ലബ്നാനിന്റെ സുരക്ഷാ ചുമതല ഹിസ്ബുല്ലയ്ക്കാണ്. ഇവർക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇസ്രയേലിനെതിരെ ആക്രമണം നടത്തുമോ എന്ന ചോദ്യത്തോട് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ് എന്നാണ് ഹിസ്ബുല്ല നേതാക്കൾ പ്രതികരിച്ചത്. ലെബനനിൽ നിരവധി ഫലസ്തീൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി ചർച്ച നടത്തി വരികയാണ് എന്ന കാര്യവും ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇസ്രയേൽ പിടിച്ചടക്കിയ ഷബഅ ഫാംസ് ഭാഗത്ത് മൂന്നിടങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു.
ലെബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഹിസ്ബുല്ല ആക്രമിക്കാനുള്ള സാധ്യത ഇസ്രയേൽ മുൻകൂട്ടി കാണുന്നു. ഇരുരാജ്യങ്ങളും ഇടയ്ക്കിടെ പരസ്പരം ആക്രമണം നടത്താറുണ്ടെങ്കിലും അപൂർവമായിട്ടേ യുദ്ധ സാഹചര്യമുണ്ടായിട്ടുള്ളൂ. അതിനിടെ ലബ്നാൻ അതിർത്തിയിലെ ഹിസ്ബുല്ലയുടെ പോസ്റ്റ് ആക്രമിച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്സിൽ അറിയിച്ചു. അഫ്ഗാനിസ്താനിലെ താലിബാൻ ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. ഇറാഖ്, ഇറാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളോട് ജറുസലേമിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടുവെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വാർത്തയ്ക്ക് സ്ഥിരീകരണമില്ല. തീവ്രവാദ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടനകൾ ഇസ്രയേലിനെതിരെ യോജിക്കുമെന്നും സൂചനകളുണ്ട്.
ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിന് ഇറാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാൻ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ ഫലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ അമേരിക്ക പൂർണ്ണമായും ഇസ്രയേലിനൊപ്പമാണ്. ഇന്ത്യയും പിന്തുണയ്ക്കുന്നു.
ഹമാസിന്റേത് ഭീകരാക്രമാണമെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എല്ലാവിധ പിന്തുണയും ഇസ്രയേലിനു നൽകുമെന്നും ബൈഡൻ വ്യക്തമാക്കി. സൈനിക സഹകരണവും ബൈഡൻ വാഗ്ദാനം ചെയ്തു.ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേലും യുഎസും സൈനിക സഹകരണത്തിനുള്ള ചർച്ചകളും ആരംഭിച്ചു. ഇതും പശ്ചമേഷ്യയിലെ സംഘർഷത്തിൽ നിർണ്ണായകമാകും. റഷ്യ ഏതു പക്ഷത്ത് നിൽക്കുമെന്നതും നിർണ്ണായകമാണ്. ചൈനീസ് മനസ്സ് ഹമാസിനൊപ്പമാകാനാണ് സാധ്യതകൾ. ലോകം വീണ്ടും രണ്ടു ചേരിയാകാനുള്ള സാധ്യത ഏറയൊണ്. റഷ്യ-യുക്രെയിൻ യുദ്ധത്തിന് അപ്പുറത്തുള്ള പ്രതിസന്ധി പശ്ചിമേഷ്യയിലെ സംഘർഷം ആഗോള തലത്തിലുണ്ടാക്കുമെന്നും ഉറപ്പാണ്.
തെക്കൻ ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ ഗസ്സ മുനമ്പ് യുദ്ധക്കളമായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 230ൽ അധികം ഫലസ്തീൻകാർ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. ശത്രു രാജ്യങ്ങൾക്കെതിരെ എല്ലാം ആക്രമണം നടത്താനാണ് ഇസ്രയേൽ പദ്ധതി.
മറുനാടന് മലയാളി ബ്യൂറോ