- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മരിച്ചതുപോലെ കിടന്നതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്; സ്‌തെറോദിൽ വഴിനീളെ മൃതദേഹങ്ങളായിരുന്നു'; നടുക്കം മാറാതെ ദൃക്‌സാക്ഷിയായ ഇസ്രയേൽ വനിത; സ്‌ഫോടനശബ്ദം കേട്ടാണ് എഴുന്നേറ്റത്; മുന്നറിയിപ്പ് അലാറം കേൾക്കുമ്പോൾ ഭയമെന്ന് മലയാളി യുവതി
ജറുസലം: ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ വെളിപ്പെടുത്തി ദൃക്‌സാക്ഷിയായ ഇസ്രയേലി വനിത. പുറത്തേക്കു നോക്കിയപ്പോൾ അക്രമികളുടെയും ഇസ്രയേലി പൗരന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടതെന്ന് സ്‌തെറോദ് സ്വദേശിയായ യുവതി പറയുന്നു. 'ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അക്രമികളും പൗരന്മാരുമടക്കം നിരവധി പേരുടെ മൃതദേഹങ്ങളാണു കണ്ടത്. സ്‌തെറോദിൽ വഴിനീളെ മൃതദേഹങ്ങളായിരുന്നു.' സ്‌തെറോദ് സ്വദേശിനിയായ ഷലോമി പറഞ്ഞു.
രാവിലെ വാതിലിനു മുന്നിൽ ആയുധധാരികളായ അക്രമികളെയും വഴി നീളെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങളും കണ്ടതായി ഏറ്റുമുട്ടലിനു ദൃക്‌സാക്ഷിയായ മറ്റൊരു ഇസ്രയേൽ വനിത വിവരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന ആളുകൾക്കു നേരെയും ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ മാത്രം ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇവരിൽ ചിലരെ ഹമാസിന്റെ ആളുകൾ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.
വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ മരിച്ചതുപോലെ കിടന്നതുകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് പാർട്ടിയിൽ പങ്കെടുക്കാനെത്തിയ എസ്തർ പറയുന്നു. 'എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീകരർ കൊലപ്പെടുത്തി. മരിച്ചെന്നു തോന്നിയതോടെ അവർ എന്നെ എടുത്ത് കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ മരിച്ചതു പോലെ കിടന്നു. എനിക്ക് എന്റെ കാലുകൾ അനക്കാൻ കഴിഞ്ഞില്ല.' എസ്തർ പറഞ്ഞു.
ശനിയാഴ്ച രാവിലെ മുതൽ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതിനു പിന്നാലെയാണ്, അക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ശനിയാഴ്ച പുലർച്ചെ റെയിമിനടുത്ത് നടന്ന ഡാൻസ് പാർട്ടിയിൽ പങ്കെടുത്തവരാണ് ഹമാസിന്റെ ആക്രമണത്തിന് ഇരയായത്. 'നൂറിലേറെപ്പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. റോക്കറ്റിന്റെ സൈറൺ മുഴങ്ങിയതും പാട്ട് നിർത്തി. പെട്ടെന്ന് ആയുധധാരികളെത്തി വെടിയുതിർത്തു. എവിടെ നിന്നാണ് ഇവരെത്തിയതെന്നു വ്യക്തമല്ല.' ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി.
'നിരവധി തവണ വെടിവയ്പിന്റെ ശബ്ദം ഞങ്ങൾ കേട്ടു. കുടുംബാംഗങ്ങളോടു പോലും സംസാരിക്കാനായില്ല. എന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആരും എന്നോട് പറഞ്ഞില്ല. എന്റെ അമ്മ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല.' ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി.
അതേ സമയം ഇന്നലെ ബങ്കറിൽ ഒളിച്ചിരുന്നുവെന്നും ഇസ്രയേൽ ചെറുത്തുനിൽപ്പ് തുടങ്ങിയതോടെ ആശ്വാസമുണ്ടെന്നും ജറുസലേമിനടുത്തുള്ള മെവാസരത്ത് പ്രദേശത്ത് നഴ്‌സിങ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളി യുവതിയായ റീന പറഞ്ഞു.
'ഇന്നലെ നിങ്ങൾ വിളിക്കുമ്പോൾ സൈറൺ മുഴങ്ങി ബങ്കറിലേക്ക് ഓടാൻ നിൽക്കുകയായിരുന്നു. ജീവനക്കാരെയൊക്കെ സുരക്ഷിതരാക്കിയ ശേഷമാണ് നിങ്ങളോട് സംസാരിച്ചത്. പേടിച്ച അവസ്ഥയിലായിരുന്നു. ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. എന്നാൽ ഇസ്രയേലിന്റെ ചെറുത്തുനിൽപ്പ് തുടങ്ങിയെന്ന റിപ്പോർട്ട് വന്നപ്പോൾ ആശ്വാസം തോന്നി. അതിന്റെ ബലത്തിലാണ് ഇരിക്കുന്നത്. ഇനി ഇസ്രയേലിന്റെ പ്രതിരോധനിര നോക്കിക്കൊള്ളും എന്ന ആശ്വാസമുണ്ട്'- റീന പറഞ്ഞു.
ഇന്നലെ സ്‌ഫോടനശബ്ദം കേട്ടാണ് എഴുന്നേറ്റത്. ബങ്കറിലേക്ക് ഓടി. മുന്നറിയിപ്പ് അലാറം മുഴങ്ങാറുണ്ട്. മുൻകരുതൽ എടുക്കാനുള്ള അലേർട്ടാണത്. പക്ഷെ കേൾക്കുമ്പോൾ ഒരു നെഞ്ചിടിപ്പാണ്. ബിപിയൊക്കെ കൂടും. പക്ഷെ അത് സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ പേടി കുറയുമെന്ന് റീന വിശദീകരിച്ചു.
ഇസ്രയേലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണ്. വിമാനത്താവളങ്ങളൊക്കെ ക്ലോസ് ചെയ്തിരിക്കുകയാണ്. തന്റെ സുഹൃത്ത് പിതാവ് മരിച്ച് നാട്ടിലേക്ക് പോവാനിരിക്കുകയായിരുന്നുവെന്ന് റീന പറഞ്ഞു. പക്ഷെ ഇനിയിപ്പോൾ കഴിയില്ല. എന്നാലും മലയാളികളൊക്കെ നിലവിൽ സുരക്ഷിതരാണ് എന്നതാണ് ആശ്വാസം. ഇസ്രയേലിന്റെ നഗരങ്ങളിലും കുഗ്രാമങ്ങളിലും വരെ മലയാളികളുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി എല്ലാവരുടെയും കാര്യങ്ങൾ അറിയുന്നുണ്ടെന്ന് റീന വ്യക്തമാക്കി.
ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് പോരാളികൾ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു ഭാഗത്തുമായി 2500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗസ്സയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും ഫലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി.
മറുനാടന് ഡെസ്ക്