കോഴിക്കോട്: ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രധാനപാതകൾ അടച്ചതോടെ കൊച്ചിയിൽനിന്നുള്ള 45 അംഗ തീർത്ഥാടക സംഘം ഫലസ്തീനിൽ കുടുങ്ങി. ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് യാത്രാസംഘം കുടുങ്ങിയത്. ബെത്ലഹേമിലെ ഹോട്ടലിൽ താമസിക്കുന്ന ഇവർക്ക് അതിർത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

പത്തുദിവസത്തെ തീർത്ഥാടനത്തിനായി ഒക്ടോബർ മൂന്നിന് കേരളത്തിൽനിന്ന് പുറപ്പെട്ടതാണ് സംഘം. ജോർദാനിലെ അമ്മാനിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം അൽ അഖ്സ പള്ളി സന്ദർശിച്ച് ഇവിടെനിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാൻ എത്തിയതാണ് സംഘം. ഫലസ്തീനിൽ ബെത്ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ് നിലവിൽ ഇവർ താമസിക്കുന്നത്.

നേരത്തെയുള്ള യാത്രാ പദ്ധതിയനുസരിച്ച് താബ വഴി ഈജിപ്തിലേക്ക് ശനിയാഴ്ചയായിരുന്നു പോകേണ്ടിയിരുന്നത്. ബസിൽ യാത്രയാരംഭിച്ച് ഏഴുപതുകിലോമീറ്ററോളം പിന്നിട്ടശേഷമാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്. ഇതേത്തുടർന്ന് എല്ലാ വഴികളും അടച്ചപ്പോൾ സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നു.

കോൺസുലേറ്റിലും അംബാസിഡറേയും മുഖ്യമന്ത്രിയേയും വിവരം അറിയിച്ചിരുന്നു. നിലവിൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. കൊച്ചിയിൽനിന്ന് ജോർദാൻ, ഇസ്രയേൽ, ഫലസ്തീൻ, ഈജിപ്ത് സന്ദർശനത്തിനായി എറണാകുളത്തെ സി.എം. മൗലവിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. ടൂർ ഓപ്പറേറ്ററായ നസീറും സംഘത്തിനൊപ്പമുണ്ട്. ഇതുകൂടാതെ മറ്റൊരു 38 അംഗ തീർത്ഥാടക സംഘവും ബെത്ലഹേമിൽ കുടുങ്ങിക്കിയതായി വിവരമുണ്ട്.

38 അംഗങ്ങൾ ഉൾപ്പെട്ട സംഘവും ഹോട്ടലി തങ്ങുകയാണ്. എല്ലാവരും സുരക്ഷിതരാണ്. അതിർത്തിയും വിമാനത്താവളവുമെല്ലാം ബ്ലോക്ക് ആയതുകൊണ്ട് എങ്ങോട്ടും നീങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഇന്ത്യൻ എംബസിയുമായും അവിടെയുള്ള ടൂറിസം ഡിപ്പാർട്ട്‌മെന്റുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ജറുസലേമിൽ ഇന്നലെ കുർബാനയ്ക്ക് പോയ സമയത്ത് ഷെൽ ആക്രമണം ഉണ്ടായിരുന്നു. പക്ഷെ സംരക്ഷണം ലഭിച്ചു. ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങൾക്കൊന്നും പ്രയാസം വന്നിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ടൂർഓപ്പറേറ്റർ അറിയിച്ചു. അതേസമയം ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കൽ നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.