ടെൽ അവീവ്: ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് മുന്നിൽ ആദ്യമായി പകച്ചുപോയ ഇസ്രയേൽ ഗസ്സയിൽ ശക്തമായ തിരിച്ചടി നൽകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശനിയാഴ്ച രാവിലെ തന്നെ ഭീതിപ്പെടുത്തുന്ന വ്യോമാക്രമണ സൈറണുകൾ കേട്ടാണ് ഇസ്രയേൽ ഉണർന്നത്. ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ അയൺ ഡോം സംവിധാനം കൈവശമുണ്ടായിട്ടും ഹമാസിന്റെ ആക്രമണത്തിൽ കനത്തനാശമാണ് ഇസ്രയേൽ നേരിട്ടത്.

ഗസ്സ ഭാഗത്തുനിന്ന് തുരുതുരെ വരുന്ന റോക്കറ്റുകളെ അയൺ ഡോം ആകാശത്തുവെച്ച് നശിപ്പിക്കുകയും ഇസ്രയേലിന്റെ ആകാശം പൊട്ടിത്തെറികൾ കൊണ്ട് പ്രകാശിക്കുകയും ചെയ്തു. ഇത്തരത്തലുള്ള പൊട്ടിത്തെറികൾ ഇവിടെ ഇടയ്ക്ക് ഉണ്ടാകാറുള്ളതാണെങ്കിലും ഇത്തവണ ആക്രമണത്തിന്റെ വ്യാപ്തി ഭയപ്പെടുത്തുന്നതായിരുന്നു. ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഓപ്പറേഷൻ അൽ അഖ്സ ഫ്ളഡ് എന്ന പേരിൽ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗസ്സ മുനമ്പിൽ നിന്ന് 5000-ഓളം റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ 'അയൺ ഡോം സിസ്റ്റം' ഭേദിച്ചുകൊണ്ടാണ് ഹമാസിന്റെ റോക്കറ്റുകൾ ഇസ്രയേലിൽ വർഷിച്ചത്. പിന്നാലെ ഉണർന്ന സംവിധാനം ആകാശത്തുവച്ചുതന്നെ ഹമാസിന്റെ റോക്കറ്റുകൾ തകർത്തു.

അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പൗരന്മാരും സൈന്യവും വിറങ്ങലിച്ചു. പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചെങ്കിലും അപ്പോഴേക്കും നൂറിലധികം ഇസ്രയേൽ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇസ്രയേലിന്റെ എല്ലാ പ്രതിരോധവും മറികടന്നാണ് ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് ഇരച്ചെത്തിയത്. ബുൾഡോസറുകൾ ഉൾപ്പെടെ ഉപയോഗിച്ച് നിമിഷങ്ങൾ കൊണ്ട് സുരക്ഷാ വേലികൾ തകർത്താണ് ഭീകരർ ഇസ്രയേലിലേക്ക് ഇരച്ചെത്തിയത്. എസ് യു വികളിലും ബൈക്കുകളിലുമായി തോക്കുധാരികൾ രാജ്യത്തേയ്ക്ക് കടന്നു. പാരഗ്‌ളൈറുകളിലൂടെ പറന്നിറങ്ങി. പിന്നാലെ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചിട്ടും കുത്തിമലർത്തിയും ആഘോഷിക്കുകയായിരുന്നു ഹമാസ് ഭീകരർ.

പ്രതിരോധക്കോട്ടയായ അയൺ ഡോം

ഇസ്രയേലിനുനേരെയുള്ള നീക്കങ്ങളിൽ ഹമാസിന് ദീർഘകാലമായി തലവേദന സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു അയൺ ഡോം എന്ന അവരുടെ പ്രതിരോധ സംവിധാനം. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യു എ വി) എന്നിവയെ നേരിടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള, ഭൂമിയും ആകാശവും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് അയൺ ഡോം സിസ്റ്റം.70 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഈ സംവിധാനം സുരക്ഷയൊരുക്കുന്നത്. ഒരു യൂണിറ്റായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് മൂന്ന് ഘടകങ്ങളാണുള്ളത്. ശത്രുക്കൾ വിന്യസിക്കുന്ന വ്യോമ ആയുധങ്ങളെ കണ്ടെത്താനുള്ള റഡാർ, ആയുധങ്ങളെയും യുദ്ധത്തെയും നിയന്ത്രിക്കാനുള്ള സംവിധാനം, 20 തമിർ മിസൈലുകൾ ഉൾപ്പെടുന്ന മിസൈൽ ലോഞ്ചർ എന്നിവയാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക.

ശത്രു നടത്തുന്ന വ്യോമമാർഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകർക്കുന്നതിനുള്ള അത്യാധുനിക സംവിധാനമാണ് അയൺ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈൽ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകർക്കുകയാണ് അയൺ ഡോം ചെയ്യുന്നത്. റോക്കറ്റുകൾ, മോർട്ടാറുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകർക്കാൻ അയൺ ഡോമിന് കഴിയും.

മൂന്ന് യൂണിറ്റുകളാണ് ഒരു അയൺ ഡോമിന് ഉണ്ടാവുക. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാർ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം (ബാറ്റിൽ മാനേജ്മെന്റ് ആൻഡ് വെപ്പൺ കൺട്രോൾ സിസ്റ്റം- ബിഎംസി), മിസൈലുകൾ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകൾ എന്നിവയടങ്ങുന്നതാണ് അയൺ ഡോമിന്റെ ഒരു 'ബാറ്ററി'. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകൾ തയ്യാറായിരിക്കും. നാലു മുതൽ 70 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതാണ് ഇതിൽ ഉപയോഗിക്കുന്ന 'താമിർ' മിസൈലുകൾ.

മേൽപറഞ്ഞ മൂന്നു യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. മറ്റു റോക്കറ്റ് ലോഞ്ചർ ബാറ്ററികളുമായി അയൺ ലോഞ്ചറിനുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോഞ്ചറുകളെ വയർലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഓരോ ബാറ്ററിക്കും 150 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയൺ ഡോമിന് കാര്യക്ഷമമായി പ്രവർത്തിക്കാനാകും. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനും ഇത് കഴിയും. ഒരു റോക്കറ്റിനെ തകർക്കുന്നതിനുള്ള ഓരോ മിസൈൽ വിക്ഷേപണത്തിനും ഏകദേശം അമ്പതിനായിരം ഡോളറാണ് ചെലവ് വരിക.

റഡാർ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിർണയിക്കുകയും ചെയ്താൽ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈൽ തൊടുക്കുകയും ചെയ്യും. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപുതന്നെ ആകാശത്തുവെച്ച് അത് തകർക്കപ്പെടും. ചിലപ്പോൾ അത് സംഭവിക്കുക ശത്രുവിന്റെ പരിധിക്കുള്ളിൽ വെച്ചുതന്നെ ആയിരിക്കും.

ഹമാസിന്റെ കുതന്ത്രം

അയൺ ഡോം സംവിധാനത്തിൽ ദൗർബല്യം കണ്ടെത്താൻ കുറേ വർഷങ്ങളായി ഹമാസ് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തവണ ഒരു സാൽവോ റോക്കറ്റ് ആക്രമണം (കുറഞ്ഞ സമയത്തിനുള്ളിൽ അനേകം റോക്കറ്റുകൾ വിക്ഷേപണം) ഉപയോഗിച്ച് സിസ്റ്റത്തെ കീഴടക്കാൻ ഹമാസിനെ കഴിഞ്ഞു. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നത് അയൺ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഹമാസ് അവരുടെ തന്ത്രത്തിൽ വലിയ തോതിൽ വിജയിച്ചു. 20 മിനിറ്റിനുള്ളിൽ 5000 റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചത്.

ഇത്തരത്തിൽ റോക്കറ്റ് വിക്ഷേപിച്ചതിലൂടെ അയൺ ഡോം സംവിധാനത്തിന് എല്ലാ ടാർജറ്റുകളെയും ഒന്നിച്ച് തടയാൻ സാധിക്കാതെ വന്നു. ഇസ്രയേലിന്റെ തമിർ മിസൈലുകളേക്കാൾ കുറഞ്ഞ ചെലവിൽ നിർമ്മിച്ചവയായിരുന്നു ഹമാസിന്റെ റോക്കറ്റുകൾ.

എന്നിരുന്നാലും അനേകം ജീവനുകളെ രക്ഷിക്കാൻ ഇസ്രയേലിന്റെ അയൺ ഡോം സംവിധാനത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്. 2012ൽ ഗസ്സയിൽ നിന്ന് വിക്ഷേപിച്ച 400 റോക്കറ്റുകളിൽ 85 ശതമാനവും അയൺ ഡോം സംവിധാനം തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. 2014ലെ ഏറ്റുമുട്ടലിലും ഹമാസ് തൊടുത്തുവിട്ട 4500 റോക്കറ്റുകളിൽ 800 എണ്ണത്തെ തടയുകയും 735 എണ്ണത്തെ തകർക്കുകയും ചെയ്തു. 2021ലെ ഇസ്രയേൽ- ഫലസ്തീൻ ഏറ്റുമുട്ടലിലും അയൺ ഡോം സംവിധാനം 90 ശതമാനം വിജയനിരക്ക് നൽകിയതായി ഇസ്രയേൽ അധികൃതർ പറയുന്നു. 2021ൽ അയൺ ഡോം സംവിധാനത്തെ പുതിയ സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി നവീകരിച്ചതായും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേൽ ലബനൻ യുദ്ധം നിർണായകമായി

2006-ൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന യുദ്ധത്തെ തുടർന്നാണ് ഇസ്രയേൽ ഇത്തരമൊരു വ്യോമപ്രതിരോധ മാർഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഈ യുദ്ധത്തിൽ ലബനൻ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രയേലിൽ മാരകാക്രമണമാണ് നടത്തിയത്. തൊട്ടടുത്ത വർഷംതന്നെ തങ്ങളുടെ നഗരങ്ങൾക്കു നേരെയുള്ള വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് പുതിയൊരു വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു.

2012-ൽ ഹമാസുമായുള്ള സംഘർഷത്തിൽ ഗസ്സയിൽ നിന്ന് വിക്ഷേപിച്ച 400 റോക്കറ്റുകളിൽ 85 ശതമാനവും പ്രതിരോധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. 2014-ലെ സംഘർഷത്തിനിടെ ഹമാസ് 4,500-ലധികം റോക്കറ്റുകൾ പല ദിവസങ്ങളിലായി തൊടുത്തുവിട്ടു. ഇതിൽ 90 ശതമാനവും പ്രതിരോധിക്കാനായെന്നും ഇസ്രയേൽ അറിയിച്ചിരുന്നു. 2021-ലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ഏറെ നവീകരിച്ചു. സാൽവോ റോക്കറ്റാക്രമണത്തെയും തടയുമെന്ന് അന്ന് അവർ അവകാശപ്പെട്ടിരുന്നു.

ഇസ്രയേലിന്റെ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ആണ് അയൺ ഡോം വികസിപ്പിച്ചത്. അയൺ ഡോം ഗവേഷണ വിഭാഗത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായമുണ്ട്. 2016ൽ അഞ്ച് ബില്യൺ ഡോളർ അമേരിക്ക ഇതിനായി ചെലവിട്ടു എന്നാണ് റിപ്പോർട്ട്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ഇടപാടകളിൽ സുപ്രധാനമാണ് അയൺ ഡോമിന്റെ ഗവേഷണവും നിർമ്മാണവും. 2019 ആഗസ്തിൽ റഫാലിൽനിന്ന് രണ്ട് അയൺ ഡോൺ ബാറ്ററികൾ വാങ്ങുന്നതിന് അമേരിക്ക കരാറുണ്ടാക്കുകയും ചെയ്തിരുന്നു.

അയൺ ഡോമിന്റെ ആദ്യ 'ബാറ്ററി' 2011ൽ ഹമാസിന്റെ ഇസ്രയേലിലെ പതിവ് ആക്രമണസ്ഥാനമായ ഗസ്സയിൽനിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബീർഷേവ നഗരത്തിൽ സ്ഥാപിച്ചു. പിന്നീട് വിവിധ കാലങ്ങളിലായി പത്ത് ബാറ്ററികൾ ഇസ്രയേൽ പല നഗരങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചു. നിരന്തര സംഘർഷ മേഖലയായ ഇസ്രയേലിന് അതിന്റെ അതിർത്തികളിൽ സംരക്ഷണം ഒരുക്കുന്നതിന് അയൺ ഡോമിന്റെ 13 ബാറ്ററികൾ ആവശ്യമുണ്ടെന്ന് സൈനിക വിദഗ്ദ്ധർ പറയുന്നു.

അയൺ ഡോമിന് 90 ശതമാനം വിജയനിരക്കാണ് നിർമ്മാതാക്കളായ റഫാൽ അവകാശപ്പെടുന്നത്. എന്നാൽ 80 ശതമാനത്തിന് മേൽ കൃത്യതയാണ് വിദഗ്ദ്ധർ പറയുന്നത്. അയൺ ഡോം ഉപയോഗിച്ചുതുടങ്ങിയ ശേഷം കഴിഞ്ഞ വർഷങ്ങളിൽ 2,400ൽ അധികം ശത്രുറോക്കറ്റുകളെ ആകാശത്തുവെച്ച് തകർക്കാൻ കഴിഞ്ഞിട്ടുള്ളതായി ഇസ്രയേൽ മിസ്സൈൽ ഡിഫെൻസ് ഓർഗനൈസേഷൻ അവകാശപ്പെടുന്നു. ഇതിലൂടെ നൂറുകണക്കിന് ജീവനുകൾ രക്ഷിക്കാൻ സാധിച്ചതായും അവർ പറയുന്നു.