ണ്ടൻ സ്വദേശിയായ 20 കാരൻ ഗസ്സയിൽനിന്നുള്ള ഹാമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകൾ. ഇസ്രയേൽ സൈന്യത്തിന്റെ 13-ാം ബറ്റാലിയനിൽ ജോലി ചെയ്ത് വന്നിരുന്ന നഥാനെൽ യംഗ് കൊല്ലപ്പെട്ട കാര്യം ഇസ്രയേലി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ വഴി ഗസ്സയിൽ വെച്ച് ഇയാൾ കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങളും പങ്കുവച്ചു.

പതിറ്റാണ്ടുകൾക്കിടയിൽ ഈ മേഖലയിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ബ്രിട്ടീഷുകാരന്റെ മരണം ഇതാണ്. നേരത്തേ ജർമ്മൻ സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റും ഹമാസ് ഭീകരാൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു. മറ്റൊരു ബ്രിട്ടീഷുകാരനെ കാണാതായതായും റിപ്പോർട്ടുണ്ട്. ഹമാസ് ഭീകരർ ആക്രമിച്ച ഉത്സവം നടന്നിരുന്ന വേദിയിൽ സുരക്ഷാ ഗാർഡായി ജോലി ചെയ്തിരുന്ന ജെയ്ക്ക് മാർലോവിനെയാണ് കാണാതായിരിക്കുന്നത്. ഇതും ഇസ്രയേലി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടയിൽ ഇസ്രയേലിലും ഇസ്രയേൽ അധിനതയിലുള്ള ഫലസ്തീൻ പ്രദേശങ്ങളിലും താമസിക്കുന്ന ബ്രിട്ടീഷുകാരുമായും അവരുടെ കുടുംബാംഗങ്ങളുമായും ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് ബന്ധപ്പെടുന്നതായി അറിയുന്നു. വടക്കൻ ലണ്ടനിൽ വളർന്ന യംഗ്, ഇസ്രയേലി സൈന്യത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ടെൽ അവീവ് നഗരത്തിന് അടുത്തുള്ള ഒരു പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. ഗസ്സാ അതിർത്തിയിൽ നിന്നും 50 മൈൽ മാത്രം ദൂരെ മാറിയാണ് ഈ പ്രദേശം എന്നും റിപ്പോർട്ടിൽ പറയുന്നു.

കുടുംബത്തെയും സുഹൃത്തുക്കളെയും ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു യംഗ് എന്ന് അയാളുടെ സുഹൃത്തുക്കൾ പറയുന്നു. വടക്കൻ ലണ്ടനിലെ കെന്റോണിലുള്ള ജെ എഫ് എസ് ജ്യുയിഷ് സ്‌കൂളിലായിരുന്നു ഇയാൾ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്ന യംഗ് കുടുംബത്തിലെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അമ്മാവൻ കൂടിയായിരുന്നു എന്നും അവർ പറയുന്നു.

കാണാതായ ജെയ്ക്ക് മാർലോ എന്ന 26 കാരനെ കുറിച്ച് ശനിയാഴ്‌ച്ച മുതൽ വിവരങ്ങൾ ഒന്നും തന്നെയില്ല. ഗസ്സ അതിർത്തിയോട് അടുത്ത് മരുഭൂമിയിൽ ഉത്സവാഘോഷങ്ങൾ നടന്നിരുന്ന വേദിയിൽ സുരക്ഷാ ഗാർഡായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഹമാസ് തീവ്രവാദികൾ ഈ ഉത്സവവേദിയിലാണ് ആദ്യം ആക്രമണം അഴിച്ചു വിട്ടത്. ഇതിനെ തുടർന്ന് ഇയാളെ കാണാതായി എന്നാണ് ലണ്ടനിലെ ഇസ്രയേലി എംബസ്സി അറിയിച്ചത്.

ഉത്സവാഘോഷങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു എന്നറിയിച്ചു കൊണ്ട് ജെയ്ക്ക് വിളിച്ചതായി അയാളുടെ അമ്മ പറഞ്ഞു. ശനിയാഴ്‌ച്ച ബ്രിട്ടീഷ് സമയം അതിരാവിലെ ആയിരുന്നു ഇത്. അതിനു ശേഷം അയാളെ കുറിച്ച് വിവരമൊന്നുമില്ല. സത്യത്തിൽ, ഹമാസ് തീവ്രവാദികളുടെ ആക്രമണം ബാധിച്ച ബ്രിട്ടീഷുകാർ ഇവർ മാത്രമല്ല. ബ്രിട്ടീഷ്-ഇസ്രയേലി പൗരത്വമുള്ള ഒരു കുടുംബം പറഞ്ഞത് ഭീകരരെ ഭയന്ന് ഏതാണ് ഒൻപത് മണിക്കൂറോളം വീട്ടിൽ ഒളിച്ചു കഴിഞ്ഞു എന്നാണ്.

വീടിനടുത്തുള്ള ഒരു ചെറിയ മുറിയിലായിരുന്നു റോംഫോർഡ് സ്വദേശിയായ ഡെബോറാ മിന്റ്സും മകനും, ഭാര്യയും കൊച്ചു മക്കളും ഒളിച്ചു കഴിഞ്ഞത്. തീവ്രവാദികൾ അവരുടെ വീടിനും കാറിനും തീയിടുകയും വളർത്തു നായയെ കൊല്ലുകയും ചെയ്തു. പിന്നീട് ഇവർ വിളിച്ചതിനനുസരിച്ച് ഇസ്രയേലി സൈന്യം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.