ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇരുരാജ്യങ്ങളിലുമായി മരണം 1,200 കടന്നു. അതിനിടെ ഗസ്സ അതിർത്തിയിലേക്ക് ഇസ്രയേൽ സൈന്യം നീങ്ങുകയാണ്. കരമാർഗ്ഗം യുദ്ധം തുടങ്ങുകയാണ് ലക്ഷ്യം. ഗസ്സയെ പൂർണ്ണമായും അധീനതയിലാക്കുകയെന്നതാണ് പദ്ധതി. ഇതോടെ യുദ്ധം പുതിയ തലത്തിലെത്തും. അതിനിടെ ഇസ്രയേലിൽ നുഴഞ്ഞു കയറിയ ഹമാസ് ഭീകരർ നടത്തുന്ന ആക്രമണം ഇസ്രയേലിനെ വലയ്ക്കുന്നുണ്ട്. ഇസ്രയേലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൂർണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇസ്രയേൽ ഭാഗത്തേക്ക് പുറപ്പെട്ടു. ഇതും വരാനിരിക്കുന്ന രക്തരൂക്ഷിത യുദ്ധത്തിന്റെ സൂചനയാണ്.

ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നു. ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 450 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഗസ്സയിലെ 800 കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് സൂചന. നൂറിലേറെ ഇസ്രയേൽ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും അറിയിച്ചു. കൂടാതെ, 30 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ പിടിയിലുണ്ടെന്ന് ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടു. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള ഫലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.

ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നൽകി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. അതേസമയം ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമേരിക്കൻ പടക്കപ്പലായ യു.എസ്.എസ്. ജെറാൾഡ് ആർ ഫോർഡ് ഇസ്രയേൽ ലക്ഷ്യമാക്കി കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങിയിട്ടുണ്ട്. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യു.എസ്.എസ്. ജെറാൾഡ് ഫോർഡ്. ഇതിന് പുറമെ ഒരു മിസൈൽ വാഹിനിയും നാല് മിസൈൽ നശീകരണികളും അയക്കും. യു.എസ്. യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറും. നിലവിലെ സാഹചര്യത്തിൽ ലെബനോനിലെ ഹിസ്ബുല്ല പോലുള്ള സായുധപ്രസ്ഥാനങ്ങൾ ഇസ്രയേലിനെതിരെ തിരിയാതിരിക്കാനുള്ള മുൻകരുതൽ കൂടിയായാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തൽ.

അതിനിടെ ഇസ്രയേലിനെതിരായ ആക്രമണങ്ങളെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്തു വന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാജ്യങ്ങൾ ഒരുമ്മിച്ച് നിൽക്കണമെന്നും യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ ധാരണയിലെത്താനായില്ലെന്നും യുഎൻ ഉദ്യോഗസ്ഥൻ ടോൾ വെനസ്ലന്റ് അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതായും വ്യാപകമായ സംഘർഷം ഒഴിവാക്കാൻ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

നാല് അമേരിക്കൻ പൗരന്മാരും ഹമാസിന്റെ ആക്രമണത്തിൽ കൊലപ്പെട്ടുവെന്ന് വിവരമുണ്ട്. ഇസ്രയേലിൽ ഗസ്സയോട് ചേർന്നുള്ള പ്രദേശത്താണ് ഇവർ കൊലപ്പെട്ടത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ, ഇത് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ബുൾഡോസറുകൾകൊണ്ട് അതിർത്തിവേലികൾ പൊളിച്ചാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഗസ്സ മുനമ്പിൽനിന്ന് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറിയത്.

റോക്കറ്റാക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഇസ്രയേലിലെ സെദ്രോത്ത് പട്ടണത്തിൽ കയറിയ ഹമാസ് പട്ടാളക്കാരെയും ജനങ്ങളെയും ആക്രമിച്ചു. സ്ത്രീകളെ നഗ്‌നരാക്കി ക്രൂരമായി മർദിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിന്റെ ഏഴു പ്രദേശങ്ങൾ ഹമാസ് പിടിച്ചെടുത്തെന്നും നിരവധി ഇസ്രേലികളെ തടവുകാരായി കൊണ്ടുപോയെന്നും റിപ്പോർട്ടുകളുണ്ട്.