- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ കടന്നുകയറിയുള്ള ആക്രമണത്തിന് ഒരുക്കം തുടങ്ങിയത് ഓഗസ്റ്റിൽ; ബെയ്‌റൂട്ടിൽ തിങ്കളാഴ്ച നടന്ന യോഗത്തിൽ ഇറാൻ പച്ചക്കൊടി വീശി; എല്ലാം ഹമാസ് ആസൂത്രണം ചെയ്തത് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോപ്‌സിന്റെ സഹായത്തോടെ; ആരോപണങ്ങൾ ചൂടുപിടിക്കുമ്പോൾ നിഷേധക്കുറിപ്പിറക്കി ഇറാൻ
യെരുശലേം: ഇസ്രയേലിന് നേരേ ഹമാസ് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടത് ഇറാൻ പച്ചക്കൊടി കാട്ടിയതോടെയാണെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്‌ബൊള്ള ഇന്നലെ അവകാശപ്പെട്ടിരുന്നു. കര, കടൽ, വ്യോമ ആക്രമണങ്ങൾ ഹമാസ് ആസൂത്രണം ചെയ്തത് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോപ്‌സിന്റെ സഹായത്തോടെ ആണെന്ന് വാൾ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇറാനെ ഭീകരരാഷ്ട്രമായാണ് ഇസ്രയേൽ കണക്കാക്കുന്നത്.
ബെയ്‌റൂട്ടിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ആക്രമണത്തിന് പച്ചക്കൊടി വീശിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഹമാസ്, ഹിസ്‌ബൊള്ള പ്രതിനിധികളെ കൂടാതെ, ഇറാന്റെ പിന്തുണയുള്ള മറ്റുനാല് തീവ്രവാദ ഗ്രൂപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തെന്നും ആരോപണമുണ്ട്.
അതേസമയം, ആക്രമണത്തിൽ, ഇറാന്റെ പങ്കാളിത്തത്തെ കുറിച്ച് തെളിവ് കിട്ടിയിട്ടില്ലെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ പറഞ്ഞത്. ഫലസ്തീന്റെയും, ഹമാസിന്റെയും മാത്രം തീരുമാനമാണെന്നും മറ്റാർക്കും പങ്കില്ലെന്നും ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ, സിറിയയിൽ ഉപദേഷ്ടാവായ ഒരു യൂറോപ്യൻ ഉന്നത ഉദ്യോഗസ്ഥൻ കൈമാറുന്ന വിവരമനുസരിച്ച് ഇതൊരു ആസൂത്രിത ആക്രമണം ആയിരുന്നു. ഓഗസ്റ്റ് മുതൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഐആർജിസി സൈനിക മേധാവി ഇസ്മയിൽ ഖ്വാനി, ഹിസ്‌ബൊള്ള നേതാവ് ഹസൻ നസ്രള്ള, ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖല, ഹമാസിന്റെ സൈനിക മേധാവി സലേ അൽ അരൂരി, ഇറാന്റെ വിദേശ കാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദൊള്ളാഹിയൻ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. ഇറാൻ മുമ്പും ഹമാസിനെ പിന്തുണച്ചിരുന്നെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ പരസ്യമായി ഒന്നും പ്രകടിപ്പിച്ചിരുന്നില്ല.
ആരോപണം നിഷേധിച്ച് ഇറാൻ
ഹമാസിന്റെ ആക്രമണത്തിൽ, തങ്ങൾക്ക് ഒരുപങ്കും ഇല്ലെന്ന് യുഎന്നിലെ ഇറാൻ പ്രതിനിധി വ്യക്തമാക്കി. 7 പതിറ്റാണ്ടായി സയണിസ്റ്റ് ഭരണകൂടം നടത്തുന്ന അധിനിവേശവും കുറ്റകൃത്യങ്ങളും ചെറുക്കാൻ ഫലസ്തീൻ നടത്തുന്ന നിയമപരമായ പ്രതിരോധമാണ് ഇതെന്നും ഇറാന്റെ യുഎൻ മിഷന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീന്റെ അവകാശങ്ങൾക്കൊപ്പമാണ് ഇറാൻ എല്ലാക്കാലത്തും നിന്നിട്ടുള്ളത്. എന്നാൽ മറ്റൊരു രാജ്യത്തിനകത്ത് കടന്നുകയറിയുള്ള ആക്രമണത്തിന് തങ്ങൾ പിന്തുണ നൽകിയിട്ടില്ലെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ ഇറാന്റെ വിശദീകരണം ഇസ്രയേൽ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ആയുധങ്ങൾ അടക്കം നൽകി ഇറാൻ ഹമാസിനെ സഹായിച്ചെന്ന നിലപാടിലാണ് ഇസ്രയേൽ.
മറുനാടന് ഡെസ്ക്