- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിന്റെ ഇസ്രയേൽ ആക്രമണം; ഓയിൽ-ഗ്യാസ് വില ഉയർന്നു; വിമാനക്കമ്പനികളുടെ ഷെയർ ഇടിഞ്ഞു; മദ്ധ്യപൂർവ്വ ഏഷ്യയിൽ കൂടുതൽ അസ്ഥിരത പ്രവചിച്ച് നിക്ഷേപകർ; റഷ്യ-യുക്രെയിൻ യുദ്ധത്തേക്കാൾ പ്രത്യാഘാതം കൂട്ടും ഈ പ്രതിസന്ധി
ലണ്ടൻ: ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതോടെ ഇന്നലെ എണ്ണ- പ്രകൃതി വാതക വില കുതിച്ചുയർന്നു. മേഖലയിലെ അസ്ഥിരത മൂലം നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കേണ്ടി വരും എന്ന വാർത്ത പരന്നതോടെ പല വിമാനക്കമ്പനികളുടെ ഓഹരി വിലയാകട്ടെ കുത്തനെ ഇടിയുകയും ചെയ്തു. ഒരുപക്ഷെ, റഷ്യ- യുക്രെയിൻ യുദ്ധത്തേക്കാൾ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക ഈ യുദ്ധമായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.
ദീർഘകാലാടിസ്ഥാനത്തിലുള്ള, ഭയാനകമായ ഒരു യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നു എന്ന് ഇസ്രയെൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പ്രസ്താവിച്ചതോടെ മദ്ധ്യ പൂർവ്വ മേഖലയിൽ അസ്ഥിരതയും അസ്വസ്ഥാതയും ഏറെനാൾ നിലനിന്നേക്കും എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ശനിയാഴ്‌ച്ച ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 1,100 പേരോളം മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഇസ്രയേൽ ഒരു എണ്ണ ഉദ്പാദന രാജ്യമല്ലെങ്കിലും, ഈ മേഖലയിലുണ്ടാകുന്ന അനിശ്ചിതത്വവും സംഘർഷവും രണ്ട് പ്രധാന എണ്ണ ഉദ്പാദകരായ ഇറാനെയും സൗദി അറേബ്യയേയും പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഹാമാസിന്റെ ആക്രമണത്തിൽ ഇറാന്റെ സഹായം ഉണ്ട് എന്നതിന് തെളിവുകൾ ലഭിച്ചാൽ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കും. മാത്രമല്ല, ഇസ്രയേലും സൗദിയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാർ ഒരുപക്ഷെ ഈ യുദ്ധത്തോടെ പാളം തെറ്റിയേക്കാം. ഭാവിയിൽ എണ്ണയുദ്പാദനം വർദ്ധിപ്പിക്കുന്നതിന് വരെ സഹായകമാകും ഈ കരാർ എന്നാണ് കരുതപ്പെടുന്നത്.
ഇന്നലെ ബ്രിട്ടനിൽ വിപണി അടയ്ക്കുമ്പോൾ എണ്ണവിലയിൽ 4 ശതമാനത്തിന്റെ വർദ്ധനവാന് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ തീരത്തുള്ള ടമാർ പ്രകൃതി വാതക പാടം അടച്ചിടാൻ ഇസ്രയേൽ ഊർജ്ജ മന്ത്രി ഉത്തരവിട്ടതോടെ പ്രകൃതി വാതകത്തിനും വില ഉയർന്നു. യൂറോപ്പിൽ ഇതോടെ വാതക വില കുതിച്ചുയരും എന്നാണ് പ്രതീക്ഷിക്കുന്നത്. യു കെയിൽ ഇതിനോടകം തന്നെ വിലയിൽ 19.5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
വിമാനക്കമ്പനികളുടെ ഓഹരി മൂല്യം ഇടിയുമ്പോൾ, ഫോസിൽ ഇന്ധന കമ്പനികളായ ബി പി, ഷെൽ, ഹാർബർ എനർജി എന്നിവയുടെ ഓഹരി മൂല്യങ്ങളിൽ വർദ്ധനവാന് കാണുന്നത്. അതിനിടയിൽ, ഇസ്രയേൽ കറൻസിയായ ഷെക്കിളിന്റെ വില ഇടിഞ്ഞതോടെ കൂടുതൽ നടപടികളുമായി ഇസ്രയേൽ സെൻട്രൽ ബാങ്ക് രംഗത്തിറങ്ങിയിട്ടുണ്ട്. 30 ബില്യൻ ഡോളർ വരെ മൂല്യമുള്ള വിദേശ കറൻസികൾ തുറന്ന വിപണിയിൽ വിൽക്കുകയാണെന്ന് ബാങ്ക് ഓഫ് ഇസ്രയേൽ പ്രഖ്യാപിച്ചു.
വിമാനക്കമ്പനികൾക്കാണ് ഏറ്റവും വലിയ അടിയേറ്റിരിക്കുന്നത്. ഡെൽറ്റ, അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെയൊക്കെ വിപണി മൂല്യത്തിൽ 5 ശതമാനത്തോളം ഇടിവുണ്ടായി. ലണ്ടനിൽ നിന്നും ടെൽ അവീവിലെക്കുള്ള വിമാനത്തിന്റെ സമയം രാവിലേക്ക് മാറ്റിയിട്ടുണ്ട്. വിമാന ജീവനക്കാർ രാത്രികാലങ്ങളിൽ ടെൽ അവീവിൽ തങ്ങുന്നത് ഒഴിവാക്കാനാണ് സമയം നേരത്തെ ആക്കിയിരിക്കുന്നത്.
അതേസമയം, ഉപഭോക്താക്കളുടെ എണ്ണത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ റെയ്ൻഎയർ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും വ്യാഴാഴ്‌ച്ച വരെ റദ്ദാക്കിയിട്ടുണ്ട്. വിസ് എയർ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ടെൽ അവീവിലെക്കുള്ള വിമാന സർവ്വീസുകൾ നിർത്തി വെച്ചു. പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ ഓഹരി മൂല്യത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
മറുനാടന് ഡെസ്ക്