- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിനെ നേരിൽ കണ്ട് പിന്തുണ തേടാൻ ഫലസ്തീൻ പ്രസിഡന്റ്; ഗസ്സയിൽ തുടർച്ചയായ ബോംബാക്രമണത്തിന് ശേഷം തങ്ങൾ യുദ്ധം ആഗ്രഹിച്ചതല്ലെന്ന് പ്രഖ്യാപിക്കുന്ന ഇസ്രയേൽ പ്രസിഡന്റ്; സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക; സംഘർഷത്തിൽ മരണം രണ്ടായിരത്തോളം; ഗസ്സയിൽ ബോംബുകൾ തീ തുപ്പുമ്പോൾ
ടെൽ അവീവ്: ഇസ്രയേലിന്റെ ആക്രമണ തുടരുന്നതിനിടെ മറു തന്ത്രങ്ങളുമായി ഫലസ്തീനും. ലോകരാജ്യങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ചൈനയുടേയും റഷ്യയുടേയും പിന്തുണ ആർജ്ജിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഫലസ്തീൻ പ്രസിഡന്റ് മെഹമ്മദ് അബ്ബാസ് റഷ്യ സന്ദർശിക്കും. റഷ്യയുടെ മനസ് ഹമാസിന് അനുകൂലമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്. ഹമാസിനെ മാത്രമായി കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് റഷ്യയുടെ നിലപാട്. ഐക്യരാഷ്ട്ര പൊതു സഭയിൽ അടക്കം ഇസ്രയേൽ നിലപാടിനെതിരെ റഷ്യയെ മുന്നിൽ നിർത്തി മറു തന്ത്രമൊരുക്കാനാണ് പദ്ധതി. ചൈനയും പാക്കിസ്ഥാനും ഇറാനും തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് ഫലസ്തീൻ പ്രതീക്ഷ.
ഗസ്സയെ കരമാർഗ്ഗം ആക്രമിക്കാനാണ് ഇസ്രയേൽ തീരുമാനം. അതിനിടെ സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഈ സാഹചര്യമെല്ലാം തിരിച്ചറിഞ്ഞാണ് റഷ്യയിലേക്ക് ഫലസ്തീൻ പ്രസിഡന്റ് പോകുന്നത്. ഗസ്സയിൽ തുടർച്ചയായ ബോംബാക്രമണത്തിന് ശേഷം തങ്ങൾ യുദ്ധം ആഗ്രഹിച്ചതല്ലെന്ന് നെതന്യാഹു പറഞ്ഞു. അതേ സമയം ഇസ്രയേലിലേക്ക് തത്കാലം സൈന്യത്തെ അയക്കുന്നില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. 'ഇസ്രയേലിലേക്ക് സൈന്യത്തെ അയക്കാൻ യുഎസ് സർക്കാരിന് ഉദ്ദേശമില്ലെങ്കിലും മേഖലയിലെ യുഎസ് താൽപ്പര്യങ്ങൾ സംരക്ഷിക്കും'വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.
ഇതിനിടെയാണ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഫലസ്തീൻ പ്രസിഡന്റ്, റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി കൂടിക്കാഴ്ചയ്ക്കുള്ള നീക്കങ്ങൾ ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. അദ്ദേഹം മോസ്കോ സന്ദർശനത്തിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതിനിടെ
ഹമാസിന്റെ മിന്നൽ ആക്രമണത്തിൽ 33 ഇസ്രയേലി സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ഹമാസ്- ഇസ്രയേൽ സംഘർഷത്തിൽ മരിച്ച സൈനികരുടെ എണ്ണം 134 ആയി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനിയൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിലും വ്യോമാക്രമണത്തിലുമാണ് രണ്ട് റിപ്പോർട്ടർമാരും ഒരു ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടത്. ഇതോടെ സംഘർഷം തുടങ്ങിയ ശേഷം മരിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം ആറായി.
സംഘർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നുവെന്നാണ് റിപ്പോർട്ട്. 900 ഇസ്രയേലികൾക്കും 700 ഗസ്സ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗസ്സയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.
ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രയേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു. ഇപ്പോൾ ഗസ്സയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു. ഇതിനിടെ 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രയേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.
ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നതിൽ നടുക്കം രേഖപ്പെടുത്തി യുഎഇയും രംഗത്തു വന്നു. ഇസ്രയേലി ഗ്രാമങ്ങളും നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും റോക്കറ്റുകളുപയോഗിച്ച് ആക്രമിച്ച ഹമാസ് നടപടി സംഘർഷങ്ങളുടെ തീവ്രത കൂട്ടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിലെ സാധാരണക്കാരെ ഹമാസ് ബന്ദികളാക്കിയെന്ന റിപ്പോർട്ടുകൾ ഞെട്ടലുണ്ടാക്കിയെന്നും പ്രസ്താവനയിലുണ്ട്. ചർച്ചകളിലേക്ക് മടങ്ങിപ്പോവുകയും, ശാശ്വത പരിഹാരം കാണലും മാത്രമാണ് പോംവഴിയെന്നാണ് യുഎഇ നിലപാട്. ചർച്ചകളുടെയും സഹകരണത്തിന്റെയും അന്തരീക്ഷം തകർക്കരുത്. മറ്റ് ഗ്രൂപ്പുകൾ ഇടപെട്ട് സംഘർഷം വലുതാക്കുന്നതും, മേഖലയാകെ അസ്ഥിരത പരുന്നത് ഒഴിവാക്കണമെന്നും രാജ്യം ആവശ്യപ്പെട്ടു
ഇസ്രയേൽ പ്രസിഡന്റിന്റെ പ്രസ്താവന
'ഇസ്രയേൽ യുദ്ധത്തിലാണ്, ഞങ്ങൾ ഇത് ആഗ്രഹിച്ചതല്ല. ഏറ്റവും ക്രൂരമായ രീതിയിൽ ഞങ്ങൾക്ക്മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ഈ യുദ്ധം തുടങ്ങിവെച്ചത് ഇസ്രയേൽ അല്ലെങ്കിലും ഞങ്ങളാകും ഇത് അവസാനിപ്പിക്കുക. യഹൂദ ജനത ഒരിക്കൽ രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ഞങ്ങളെ ആക്രമിച്ചതിലൂടെ ചരിത്രപരമായ അബദ്ധമാണ് തങ്ങൾക്ക് സംഭവിച്ചതെന്ന് ഹമാസ് മനസ്സിലാക്കും. വരും ദശാബ്ദങ്ങളിൽ അവരും ഇസ്രയേലിന്റെ മറ്റ് ശത്രുക്കളും ഓർക്കുന്ന ഒരു പ്രതിഫലം ഞങ്ങൾ നിശ്ചയിക്കും.
നിരപരാധികളായ ഇസ്രയേലികൾക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങൾ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു, അവരുടെ വീടുകളിൽ കുടുംബങ്ങളെ കശാപ്പ് ചെയ്യുക, ഒരു ഔട്ട്ഡോർ ഫെസ്റ്റിവലിൽ നൂറുകണക്കിന് യുവാക്കളെ കൂട്ടക്കൊല ചെയ്യുക, അനേകം സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെ പോലും തട്ടിക്കൊണ്ടുപോയി. ഹമാസ് ഭീകരർ കുട്ടികളെ തടങ്കലിലാക്കി കത്തിച്ചു. അവർ കാട്ടാളന്മാരാണ്. ഹമാസ് ഐഎസ്ഐഎസ് ആണ്. ഐഎസിനെ പരാജയപ്പെടുത്താൻ സമൂഹ ശക്തികൾ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്തുന്നതിന് സമൂഹം ഇസ്രയേലിനെ പിന്തുണയ്ക്കണം.
ഞങ്ങൾക്ക് പിന്തുണ നൽകിയതിന് യുഎസ് പ്രസിഡന്റ് ബൈഡനോട് നന്ദി അറിയിക്കുന്നു. ഇസ്രയേലിനൊപ്പം നിന്ന മറ്റു ലോക നേതാക്കളോടും നന്ദി പറയുന്നു. ഹമാസിനെതിരെ പോരാടുന്നതിൽ ഇസ്രയേൽ സ്വന്തം ജനങ്ങൾക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പ്രാകൃത രീതികൾക്കെതിരെ നിലകൊള്ളുന്ന ഓരോ രാജ്യത്തിനും വേണ്ടി പോരാടുകയാണ്. ഇസ്രയേൽ ഈ യുദ്ധത്തിൽ ജയിക്കുക തന്നെ ചെയ്യും' നെതന്യാഹു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ