യെരുശലേം: ബന്ദികളാക്കിയ ഇസ്രയേലി സൈനികരെയും, പൗരന്മാരെയും വച്ചുള്ള ഹമാസിന്റെ വിലപേശൽ വിലപ്പോവുമോ? ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇസ്രയേൽ അതിന് വഴങ്ങില്ലെന്ന സൂചനയാണ്, ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്.

ഇസ്രയേലിൽ കടന്നുകയറിയുള്ള കൂട്ടക്കുരുതിക്ക് പ്രതികാരമായി ഹമാസിനെ ഇല്ലായ്മ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം വാക്കുകളിലൂടെ സൂചിപ്പിച്ചത്. 1996 ൽ ആദ്യമായി അധികാരത്തിൽ വന്ന നെതന്യാഹു പലതവണയായി മുന്നുവട്ടം തലപ്പത്തെത്തിയ നേതാവാണ്. ഐസിസ് പോലെ ഭീകരസംഘടനയാണ് ഹമാസ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഹമാസിന് എതിരായ ആക്രമണം തുടങ്ങിയിട്ടേ ഉള്ളു എന്നാണ് 73 കാരനായ നേതാവ് ടെലിവിഷനിലൂടെ പറഞ്ഞത്. ' തലമുറകളോളം പ്രതിധ്വനിക്കും വിധം വരും ദിവസങ്ങളിൽ ശത്രുക്കളെ പാഠം പഠിപ്പിക്കും. ഹമാസ് ഭീകരർ കുട്ടികളെ കെട്ടിയിട്ടു, കത്തിച്ചു, കൊലപ്പെടുത്തി. അവർ കാട്ടാളന്മാരാണ്, ഹമാസ് ഐസിസാണ്, നെതന്യാഹു പറഞ്ഞു.

കടുത്ത വ്യോമാക്രമണത്തിൽ ആയിരക്കണക്കിന് ഹമാസ് താവളങ്ങളെയാണ് ലക്ഷ്യമിട്ടത്. പക്ഷേ റോക്കറ്റുകൾ പലതും പതിച്ചതും നാമാവശേഷമാക്കിയതും ഫലസ്തീൻ ജനവാസ കേന്ദ്രങ്ങളെയാണ്. നൂറുകണക്കിന് ഫലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.

ഗസ്സ അതിർത്തിയിൽ, 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സൈനിക വക്താവ് റിച്ചാർ ഹെക്ത് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗസ്സയുടെ നിയന്ത്രണം ഏകദേശം ഇസ്രയേൽ സുരക്ഷാ സേനയുടെ കൈയിലായെന്നും അദ്ദേഹം അവകാശപ്പെട്ടു.

വൈദ്യുതിയും, ഇന്ധനവും, ഭക്ഷണവും നിഷേധിച്ചതോടെ 23 ലക്ഷത്തോളം ഫലസ്തീൻകാരാണ് ദുരിതത്തിൽ കഴിയുന്നത്. നാലുദിവസത്തെ യുദ്ധത്തിൽ ഇതിനകം, 1600 ഓളം പേരുടെ ജീവൻ പൊലിഞ്ഞു. കടുത്ത വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ, ഇസ്രയേലി ബന്ദികളെ വകവരുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഞങ്ങളുടെ ജനങ്ങൾക്ക് നേരേ മുന്നറിയിപ്പില്ലാതെ ഉള്ള ഏത് ആക്രമണത്തിനും മറുപടി ഒരു ഇസ്രയേലി ബന്ദിയുടെ കൊലയായിരിക്കും, ഹമാസിന്റെ സായുധ വിഭാഗമായ എസ്സെഡിൻ അൽഖാസം വ്യക്തമാക്കി.

ഇസ്രയേലി അധിനിവേശം സഹിക്ക വയ്യാതായെന്നും, ദീർഘനാളത്തെ യുദ്ധത്തിന് തയ്യാറാണെന്നുമാണ് ഹമാസിന്റെ പ്രഖ്യാപനം. ഇസ്രയേലിന്റെ വർദ്ധിച്ചുവരുന്ന നിയന്ത്രണത്തിൽ കീഴിൽ ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്ന ചിന്തയും വളർന്നുകഴിഞ്ഞു.

അതിനിടെ, ഗസ്സയ്ക്ക് അടുത്തുള്ള പട്ടണങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഇസ്രയേലികളെ ഒഴിപ്പിച്ചു. പുതിയ നുഴഞ്ഞുകയറ്റങ്ങൾ തടയാൻ ഗസ്സ അതിർത്തി വേലിയിൽ ടാങ്കുകളും, ഡ്രോണുകളും വിന്യസിച്ചു. ഗസ്സ മുനമ്പിലും, വ്യോമാക്രമണത്തിൽ കെട്ടിടങ്ങൾ തകർന്നതോടെ ആയിരക്കണക്കിന് പേർ ഭവനരഹിതരായി.