യെരുശലേം: ഗസ്സ പൂർണമായി വളഞ്ഞാക്രമിക്കാനും, ഹമാസിനെ തുടച്ചുനീക്കാനും ശപഥം ചെയ്തിരിക്കുകയാണ് ഇസ്രയേൽ. ഗസ്സ മുനമ്പ് നിയന്ത്രിക്കുന്നത് ഹമാസാണ്. ഡൽഹിയുടെ നാലിലൊന്ന് വലുപ്പം മാത്രമുള്ള ഈ ഇടുങ്ങിയ സ്ഥലത്ത് 23 ലക്ഷത്തോളം പേർ ജീവിക്കുന്നു.
2005 ൽ പൂർണമായി പിൻവാങ്ങിയെങ്കിലും, ഗസ്സയുടെ കര, സമുദ്ര, ആകാശ അതിർത്തികളുടെ കടിഞ്ഞാൺ ഇസ്രയേലിന്റെ കൈയിലാണ്. മേഖലയിലേക്ക് ഹമാസിന് ആയുധങ്ങൾ വിതരണം ചെയ്യാതിരിക്കാനാണ് ഈ ജാഗ്രത. 365 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂമിയിൽ രണ്ട് അതിർത്തി കവാടങ്ങളാണുള്ളത്. ഒന്ന് ഇസ്രയേലും, ഒന്ന് ഈജിപ്റ്റും നിയന്ത്രിക്കുന്നു.

ഹമാസിന് ആയുധങ്ങൾ കിട്ടുന്നത് എങ്ങനെ?

ഗസ്സ രണ്ടുവശത്ത് നിന്നും ഇസ്രയേൽ വളഞ്ഞിരിക്കുകയാണ്. ഇസ്രയേലുമായും ഒരു അതിർത്തി പങ്കിടുന്നു. പടിഞ്ഞാറൻ ഭാഗം മെഡിറ്ററേനിയൻ കടലാണ്. അവിടെ 12 നോട്ടിക്കൽ മൈലിന്റെ യാത്രാപരിധി ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്നു.

ആയുധ കടത്തുകാർ മെഡിറ്ററേനിയൻ കടലിനോട് ചേർന്ന തീരത്ത് ആയുധങ്ങൾ എത്തിക്കുന്നു. അവ പിന്നീട് ഹമാസിന് എത്തിക്കുന്നു. ഇസ്രയേൽ നാവികസേനയെ വെട്ടിച്ചാണ് ഈ ആയുധക്കടത്ത് എന്നോർക്കണം.

ഇതുകൂടാതെ, ടണലുകൾ ബദൽ മാർഗ്ഗമാക്കിയും ആയുധ വിതരണമുണ്ട്. ഈജിപ്റ്റുമായുള്ള അതിർത്തിയിൽ ടണലുകൾ തീർത്താണ് ആയുധങ്ങൾ എത്തിക്കുന്നത്. ഇറാനിൽ നിന്നും സിറിയയിൽ നിന്നും ഉള്ള ഫജർ-3, ഫജർ-5, എം 302 റോക്കറ്റുകൾ എന്നിവ ടണലിലൂടെ എത്തിക്കുന്നു. ഫജർ-3 ഇറാനിയൻ നിർമ്മിത ഭൂതല ആർട്ടിലറി റോക്കറ്റാണ്. 43 കിലോമീറ്ററാണ് ആക്രമണ പരിധി. ഇറാനും, സിറിയയുമായി അടുത്ത ബന്ധമുള്ള ഹിസ്ബുള്ളയുടെ പക്കലാണ് ഈ റോക്കറ്റിന്റെ വൻശേഖരമുള്ളത്. ഫജർ-5 ന് 75 കിലോമീറ്റർ ദുരപരിധി ഉണ്ടെന്ന് മാത്രമല്ല, 90 കിലോ ഭാരമുള്ള സ്‌ഫോടക വസ്തുവും ഘടിപ്പിച്ചിട്ടുണ്ട്.

എം-302 റോക്കറ്റ്, അഥവാ ഖൈബർ-1 നിർമ്മിച്ചതും ഇറാനാണ്. ഹമാസ് ഉപയോഗിക്കുന്ന ദീർഘദൂര റോക്കറ്റ് വിതരണം ചെയ്യുന്നത് ഹിസ്ബുള്ളയാണ്. ഇസ്രയേലിൽ കടന്നുകയറുന്നതിന് മുമ്പ് ഹമാസ് തൊടുത്തത് 5000 റോക്കറ്റുകളാണെന്നാണ് അവകാശവാദം. കഴിഞ്ഞ കുറെ വർഷങ്ങളായി ഹമാസ് തങ്ങളുടെ റോക്കറ്റ് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി വരികയായിരുന്നു എന്നാണ് ആക്രമണശേഷിയിൽ നിന്ന് വ്യക്തമാകുന്നത്. ഇസ്രയേലിന്റെ അയൺ ഡോം സംവിധാനത്തെയും അതിന് മറികടക്കാൻ കഴിഞ്ഞു. ഓപ്പറേഷൻ അൽ അഖ്‌സ ഫ്‌ളഡിൽ തങ്ങൾക്ക് നേരിട്ട് ഒരു പങ്കുമില്ലെന്ന് ഇറാൻ പറയുന്നുവെങ്കിലും, ഇസ്രയേൽ അത് വിശ്വാസത്തിലെടുക്കുന്നില്ല. ഇറാനിൽ നിന്ന് ഹമാസിന് ആയുധങ്ങളും, പരിശീലനവും, ഫണ്ടും കിട്ടുന്നുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് 2021 ൽ ആരോപിച്ചിരുന്നു. ആ റിപ്പോർട്ട് പ്രകാരം, ഹമാസിന്റെ 70 ശതമാനം ഫണ്ടും ഇറാനിൽ നിന്നാണ്.

താലിബാൻ ബന്ധം

ഹമാസ് ഉപയോഗിക്കുന്നത് അമേരിക്കൻ നിർമ്മിത ആയുധങ്ങളാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഈ ആയുധങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ വിതരണം ചെയ്തതാണ്. 2021 ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ, ഉപേക്ഷിച്ച ആയുധശേഖരം താലിബാന്റെ പക്കലെത്തിയിരുന്നു.

അമേരിക്കയുടെ പിൻബലത്തിൽ ഇസ്രയേൽ

അതേസമയം, ഇതേ, അമേരിക്ക തന്നെയാണ് ഇസ്രയേലിന്റെ ആയുധപിൻബലം. യുഎസ്എസ്എസ് ജെരൾഡ് ആർ ഫോർഡ് നയിക്കുന്ന യുദ്ധക്കപ്പൽ വ്യൂഹം തുണയ്ക്കായി മെഡിറ്ററേനിയന്റെ കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയാണ്. ഗൈഡഡ് മിസൈൻ ക്രൂസറും, നാല് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.