യെരുശലേം: ഗസ്സയിൽ കഴിഞ്ഞ രാത്രി ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ, ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചതായി ഇസ്രയേൽ. ഗസ്സ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന ആക്രണത്തിലാണ് ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടത്. ധനമന്ത്രി ജവാസ് അബു ഷമ്മാല, ആഭ്യന്തര മന്ത്രി സക്കറിയ അബു മാമർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇവിടുത്തെ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു.

ജവാസ് അബു ഷമ്മാല, ഹമാസിന്റെ ഫണ്ടുകൾ കൈകാര്യം ചെയ്തിരുന്ന ആളാണ്. സക്കറിയ അബു മാമർ ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ആളും. തീരുമാനങ്ങൾ എടുക്കുന്ന മുതിർന്ന നേതാവും, ഗസ്സ മുനമ്പിലെ ഭീകരഗ്രുപ്പുകൾ തമ്മിലുള്ള ഏകോപനം നിർവ്വഹിച്ചിരുന്ന ആളുമായിരുന്നു. ഹമാസിന്റെ ഗസ്സയിലെ മേധാവി യഹ്യ സിൻവറിന്റെ വിശ്വസ്തൻ കൂടിയായിരുന്നു.

യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 770 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. മരണപ്പെട്ടവരിൽ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്.

ഗസ്സയിലേക്ക് ഭക്ഷണവും ഇന്ധനവും മരുന്നുമുൾപ്പടെയുള്ള അവശ്യവസ്തുക്കളെത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കരുതെന്ന് ഈജിപ്തിന് ഇസ്രയേൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേൽ സേനയുടെ അധീനതയിലാണ്. ഗസ്സയിലെ പ്രധാനമേഖലകളെല്ലാം ഇസ്രയേൽ സേന പിടിച്ചെടുത്തു

അതിനിടെ, ഇസ്രയേലി തുറമുഖ നഗരമായ അഷ്‌കലോണിൽ വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടു. ഹമാസിന്റെ റോക്കറ്റാക്രമണം എന്നാണ് സൂചന. കൂടുതൽ റോക്കറ്റുകൾ തൊടുത്തുവിടുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇസ്രയേലി തുറമുഖ നഗരമായ അഷ്‌കലോണിൽ നിന്ന് ഒഴിഞ്ഞ് പോകണം അല്ലെങ്കിൽ മരണത്തെ വരിക്കണമെന്നായിരുന്നു ഹമാസിന്റെ മുന്നറിയിപ്പ്. പോരാട്ടം അവസാനിക്കും വരെ ഇസ്രയേലി ബന്ദികളെ വിട്ടയ്ക്കില്ലെന്നും അവർ വ്യക്തമാക്കി. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ വധിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഹമാസിന് എവിടെയും ഒളിക്കാൻ ആവില്ലെന്നും ഓരോ നാല് മണിക്കൂറിലും തീവ്രമായ വ്യോമാക്രമണം അഴിച്ചുവിടുമെന്നും ഇസ്രയേലും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഇതുവരെ 600 വിമാനങ്ങളും, 300 റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ച് നിരന്തരം ഗസ്സ മുനമ്പിനെ താറുമാറാക്കുകയാണ് ഇസ്രയേൽ പ്രതിരോധ സേന. 770 ഫലസ്തീൻകാർ മരിച്ചതായാണ് കണക്ക്. വ്യോമാക്രമണങ്ങൾക്ക് ബദലായ അഷ്‌കലോൺ തങ്ങൾ ആക്രമിക്കുമെന്നും, പ്രാദേശിക സമയം അഞ്ചുമണിക്ക് മുമ്പ് അവിടെ വിടുക, അല്ലെങ്കിൽ മരണത്തെ വരിക്കുക എന്ന സന്ദേശമാണ് ഹമാസ് നൽകിയിരിക്കുന്നത്യ അഷ്‌കലോണിൽ റോക്കറ്റാക്രമണം നടത്തുമെന്നാണ് ഹമാസിന്റെ സായുധ വിഭാഗമായ അൽഖാസം പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ. ഗസ്സയിലെ സാധാരണക്കാരെ ദുരിതത്തിലാക്കി വൈദ്യുതിയും, ഇന്ധനവും, ഭക്ഷണവും ഇസ്രയേൽ തടയുന്നത് യുദ്ധകുറ്റമാണെന്ന് ഹ്യുമൻ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നൽകി.

ഭീഷണിക്ക് വഴങ്ങാതെ ഇസ്രയേൽ

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇസ്രയേൽ അതിന് വഴങ്ങില്ലെന്ന സൂചനയാണ്, ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്.

ഇസ്രയേലിൽ കടന്നുകയറിയുള്ള കൂട്ടക്കുരുതിക്ക് പ്രതികാരമായി ഹമാസിനെ ഇല്ലായ്മ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം വാക്കുകളിലൂടെ സൂചിപ്പിച്ചത്. 1996 ൽ ആദ്യമായി അധികാരത്തിൽ വന്ന നെതന്യാഹു പലതവണയായി മുന്നുവട്ടം തലപ്പത്തെത്തിയ നേതാവാണ്. ഐസിസ് പോലെ ഭീകരസംഘടനയാണ് ഹമാസ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഹമാസിന് എതിരായ ആക്രമണം തുടങ്ങിയിട്ടേ ഉള്ളു എന്നാണ് 73 കാരനായ നേതാവ് ടെലിവിഷനിലൂടെ പറഞ്ഞത്. ' തലമുറകളോളം പ്രതിധ്വനിക്കും വിധം വരും ദിവസങ്ങളിൽ ശത്രുക്കളെ പാഠം പഠിപ്പിക്കും. ഹമാസ് ഭീകരർ കുട്ടികളെ കെട്ടിയിട്ടു, കത്തിച്ചു, കൊലപ്പെടുത്തി. അവർ കാട്ടാളന്മാരാണ്, ഹമാസ് ഐസിസാണ്, നെതന്യാഹു പറഞ്ഞു.

കടുത്ത വ്യോമാക്രമണത്തിൽ ആയിരക്കണക്കിന് ഹമാസ് താവളങ്ങളെയാണ് ലക്ഷ്യമിട്ടത്. പക്ഷേ റോക്കറ്റുകൾ പലതും പതിച്ചതും നാമാവശേഷമാക്കിയതും ഫലസ്തീൻ ജനവാസ കേന്ദ്രങ്ങളെയാണ്. നൂറുകണക്കിന് ഫലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.