ന്യൂഡൽഹി: തന്റെ കസിൻ സഹോദരിയെയും ഭർത്താവിനെയും മക്കളുടെ മുന്നിൽ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ ടെലിവിഷൻ താരം മധുര നായിക്. മധുര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടികളുടെ കൺമുന്നിൽ വച്ചാണ് ഇരുവരും കൊല്ലപ്പെടുന്നതെന്നും മധുര പറയുന്നു. ഒക്ടോബർ ഏഴിനായിരുന്നു സംഭവം. ഇന്ത്യയിൽ ജീവിക്കുന്ന ജൂത വിഭാഗത്തിൽ പെട്ടയാളാണ് മധുര. നാഗിൻ എന്ന പരമ്പരയിലൂടെയാണ് മധുര ശ്രദ്ധേയയായത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താനും കുടുംബവും കടന്നുപോകുന്ന അത്യന്തം വേദനാജനകമായ ഘട്ടത്തേക്കുറിച്ച് മധുര നായിക് വിവരിച്ചത്. ഇന്ത്യൻ വംശജയായ ജൂത മത വിശ്വാസിയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിലിപ്പോൾ 3000-ത്തോളം ജൂതർ മാത്രമേ ഉള്ളൂ. ഒക്ടോബർ ഏഴാം തീയതി സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും തങ്ങൾക്ക് നഷ്ടമായി. കസിൻ ഒടയയും ഭർത്താവും അവരുടെ മക്കളുടെ കൺമുന്നിൽവെച്ച് കൊല്ലപ്പെട്ടുവെന്ന് മധുര എഴുതി.

'ഞാൻ മധുര നായിക്. ഇന്ത്യൻ വംശജയായ ജൂത വിഭാഗത്തിൽ നിന്നുള്ളവൾ. ഇന്ത്യയിൽ ഇപ്പോൾ ഞങ്ങൾ 3000 പേരേ ഉള്ളൂ. കഴിഞ്ഞ ദിവസം, ഒക്ടോബർ 7 ന് ഞങ്ങളുടെ കുടുംബത്തിലെ രണ്ട് പേരെ നഷ്ടമായി. എന്റെ കസിൻ ഒടയയും ഭർത്താവും കൊല്ലപ്പെട്ടു. അവരുടെ രണ്ട് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്ന സങ്കടം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. ഇസ്രയേലിന്റെ മക്കളും സ്ത്രീകളും തെരുവുകളും ഹമാസിന്റെ രോഷത്തിൽ കത്തുകയാണ്. അവർ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ലക്ഷ്യമിടുന്നു'- മധുര നായിക് പറഞ്ഞു.

 
 
 
View this post on Instagram

A post shared by Madhura Naik ???? (@madhura.naik)

കൊല്ലപ്പെട്ട സഹോദരിയുടെ ചിത്രം പങ്കുവെച്ചപ്പോൾ സോഷ്യൽ മീഡിയിൽ ട്രോളുകളുണ്ടായെന്നും മധുര പറഞ്ഞു. ജൂതയായതിന്റെ പേരിൽ താൻ അപമാനിക്കപ്പെട്ടെന്നും അവർ പറഞ്ഞു. തന്റെ സങ്കടം സുഹൃത്തുക്കളോടും ഫോളോവേഴ്‌സിനോടും പങ്കുവെയ്ക്കാനാണ് ഈ വീഡിയോ ചെയ്തതെന്നും മധുര ഇൻസ്റ്റഗ്രാം വീഡിയോയിൽ വ്യക്തമാക്കി.

'കഴിഞ്ഞദിവസം, ഞങ്ങളുടെ വേദന ലോകം കാണാനായി ഞാൻ എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ഒരു ചിത്രം പോസ്റ്റ് ചെയ്തു. എന്നാൽ ഫലസ്തീൻ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തിൽ നടക്കുന്നുവെന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരിൽ ഞാൻ ലജ്ജിച്ചു, അപമാനിക്കപ്പെട്ടു, നോട്ടപ്പുള്ളിയാക്കപ്പെട്ടു. ഇന്ന് ഞാൻ ശബ്ദമുയർത്താൻ ആഗ്രഹിക്കുന്നു. ''അവർ കൂട്ടിച്ചേർത്തു.

സ്വയം പ്രതിരോധം തീവ്രവാദമല്ലെന്ന് മധുര നായിക് പറഞ്ഞു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. ഇരുവശത്തും അടിച്ചമർത്തലുണ്ടാകുന്നതിനെയും പിന്തുണയ്ക്കുന്നില്ലെന്ന് മധുര നായിക് വിശദീകരിച്ചു. രവീന്ദ്രനാഥ് ടാ?ഗോറിന്റെ കവിത വായിച്ചു കൊണ്ടാണ് അവർ വിഡിയോ അവസാനിപ്പിക്കുന്നത്. ഐ സ്റ്റാൻഡ് വിത്ത് ഇസ്രയേൽ എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇസ്രയേൽ - ഹമാസ് യുദ്ധത്തിനിടെ ഇതുവരെ മൂവായിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. ഏറ്റുമുട്ടൽ അഞ്ചാം ദിവസത്തിലെത്തിയപ്പോൾ ഇരുപക്ഷത്തും നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു. അവരുടെ പ്രിയപ്പെട്ടവരിലൂടെ ക്രൂരമായ കൊലപാതകങ്ങളുടെ വിശദാംശങ്ങൾ പുറത്തുവരികയാണ്.

ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമാണ് ഇസ്രയേൽ- ഹമാസ് സംഘർഷം ആരംഭിച്ചത്. സംഘർഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 770 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. മരണപ്പെട്ടവരിൽ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്.