- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗസ്സ ഇനിയൊരിക്കലും പഴയത് പോലെ ആകാൻ പോകുന്നില്ല; ആ നിമിഷത്തിൽ അവർ ഖേദിക്കും; വിട്ടുവീഴ്ചയില്ലാതെ ഉന്മൂലനം ചെയ്യും'; ഇസ്രയേൽ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രതിരോധ മന്ത്രി
ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് ഏറ്റുമുട്ടൽ അഞ്ചാംദിനത്തിലേക്ക് പ്രവേശിച്ചതോടെ ഫലസ്തീനിൽ നിന്നുള്ള കൂട്ടപ്പലായനം തടയാൻ ശക്തമായ നീക്കവുമായി ഇസ്രയേൽ. ഗസ്സയിൽ നിന്ന് പുറത്തുകടക്കാനുള്ള കവാടത്തിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ഗസ്സയിൽ ഇസ്രയേൽ പൂർണ്ണമായും കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഗസ്സ ഇനി ഒരിക്കലും പഴയത് പോലെ ആകില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇസ്രയേൽ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. മുതിർന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു.
ഗസ്സയിൽ അഞ്ചാം ദിനവും കനത്ത ബോംബിങ് തുടരുകയാണ്. കുടിവെള്ളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലാണ് ഗസ്സ നിവാസികൾ. ആക്രമണം നടത്തുന്ന ഇസ്രയേലും കടലുമാണ് ഗസ്സ മുനമ്പിനു ചുറ്റിലും. ഇതുവഴി ഫലസ്തീനിൽ നിന്നുള്ള അഭയാർഥികൾക്കു രക്ഷപ്പെടാനാകില്ല.
'ഞാൻ നിങ്ങളെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കിയിരിക്കുകായണ്. നമ്മൾ പ്രദേശത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. നമ്മൾ ഇനി ഒരു പൂർണ്ണമായ കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണ്' ഗസ്സ അതിർത്തിയിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് ഗാലന്റ് പറഞ്ഞു.
ഇവിടെയുള്ള യാഥാർഥ്യങ്ങളെ മാറ്റാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകും. ഗസ്സയിൽ മാറ്റം വരണമെന്ന് ഹമാസ് ആഗ്രഹിച്ചു. അത് അവർ വിചാരിച്ചതിലും 180 ഡിഗ്രിയിൽ മാറ്റം വരുത്താൻ നമ്മൾക്കാകുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.
'ഗസ്സ ഇനിയൊരിക്കലും പഴയത് പോലെ ആകാൻ പോകുന്നില്ല. ആ നിമിഷത്തിൽ അവർ ഖേദിക്കും'അദ്ദേഹം കൂട്ടിചേർത്തു. തല വെട്ടാൻ വരുന്നവരേയും സ്ത്രീകളെ കൊലപ്പെടുത്താൻ വരുന്നവരേയും കൂട്ടക്കൊലയ്ക്കെത്തുന്നവരേയും പൂർണ്ണ ശക്തിയോടെയും വിട്ടുവീഴ്ചയില്ലാതേയും ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ വെടിനിർത്തൽ നീക്കങ്ങൾക്ക് ഈജിപ്ത് മുൻകൈ എടുത്ത് ചർച്ചകൾ നടത്തിയെങ്കിലും തങ്ങൾ അത് നിരാകരിച്ചതായി ഇസ്രയേൽ ഔദ്യോഗികമായി അറിയിച്ചു. ഹമാസിന് പൂർണ്ണ പ്രഹരമേൽപ്പിക്കാതെ ഒരു തരത്തിലുമുള്ള വെടിനിർത്തലിനും തങ്ങളില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഗസ്സയിൽ ഹമാസിനെതിരെ ഒരു കര ഓപ്പറേഷൻ ആരംഭിക്കുകയല്ലാതെ ഇസ്രയേലിന് മറ്റ് മാർഗമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണ് സൈന്യമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹമാസിന്റെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് അറിയിച്ചു. 'മുതിർന്ന ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ഞങ്ങൾ അവസാനിപ്പിക്കില്ല, ഇത് ഒരു പ്രധാന മുൻഗണനയാണ്' ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
ഗസ്സയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്ന പ്രദേശത്ത് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഈജിപ്ത് നടുക്കം രേഖപ്പെടുത്തി. ഗസ്സയിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽസിസി പറഞ്ഞു. അതേസമയം സിനായിലേക്കുള്ള പലായനത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മറ്റുള്ളവരുടെ പ്രശ്‌നങ്ങളുടെ ചെലവ് വഹിക്കാൻ ഈജിപ്ത് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനിൽ നിന്നുള്ള കൂട്ടപ്പലായനത്തെ തുടർന്ന് ഈജിപ്ത്, അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. ഗസ്സയിലെ 2.3 മില്യൻ ജനങ്ങൾക്ക് റഫ വഴി സിനായിലെത്തുകയാണ് ഏകരക്ഷാമാർഗം. 2007ൽ ഗസ്സയിൽ നിന്നുള്ള ജനങ്ങൾക്കും ചരക്കു നീക്കത്തിനും ഇസ്രയേലും ഈജിപ്തും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിനിടെ നിരവധി ഫലസ്തീനികൾ ഈജിപ്തിലേക്കു കുടിയേറിയതായും ഈജിപ്ത് അറിയിച്ചു.
മറുനാടന് ഡെസ്ക്