ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കയറി ഫലസ്തീൻ ഹമാസ് നടത്തിയ കൂട്ടക്കുരുതിയെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. ഗസ്സ മുനമ്പിന് സമീപമുള്ള കഫർ ആസയിലെ സമൂഹത്തിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ കുഞ്ഞുങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവർ നിരവധി പേർ കൊല്ലപ്പെട്ടു. എല്ലാ യുദ്ധങ്ങളിലെയുമെന്ന പോലെ കുട്ടികളും നിഷ്‌കരുണം കൊല ചെയ്യപ്പെട്ടതായാണ് വിവരം.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഗസ്സ മുനമ്പിന് സമീപമുള്ള 'കഫർ ആസ' (Kfar Aza) സമൂഹം കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ 70 ഓളം പേരടങ്ങുന്ന സംഘമാണ് 'കഫർ ആസ' സമൂഹത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. പ്രദേശത്ത് നിന്നും ഹമാസ് പിന്മാറിയതിന് പിന്നാലെ 40 കുഞ്ഞുങ്ങളും ചെറിയ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ചില കുട്ടികളുടെ തല വെട്ടിമാറ്റപ്പെട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്തുടനീളം മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്.

ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് മേജർ ജനറൽ ഇറ്റായി വെറൂവ് സംഭവത്തെ വിശേഷിപ്പിച്ചത് 'കൂട്ടക്കൊല' എന്നായിരുന്നു. ആക്രമണത്തിന് ശേഷം കുഞ്ഞുങ്ങളുടെയും മറ്റ് കുടുംബങ്ങളുടെയും അവശിഷ്ടങ്ങൾ അവരുടെ താമസ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയെന്ന് ഇസ്രയേലി സൈന്യം അറിയിച്ചു. നിലവിൽ ഇസ്രയേലി സൈന്യത്തിന്റെ കൈവശമാണ് ഈ പ്രദേശം.

കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും റിസർവ് സൈനികർ പ്രദേശത്ത് മൃതദേഹങ്ങൾ നീക്കം ചെയ്യുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കഫർ ആസ സമൂഹത്തിന് നേരെ ഹമാസ് തോക്കുകളും ഗ്രനേഡുകളും കത്തികളും ഉപയോഗിച്ചെന്ന് ഇസ്രയേലി സേന ആരോപിച്ചു. ആക്രമണത്തിന് പിന്നലെ തോക്കുകളും കഫർ ആസ സമൂഹം പ്രദേശത്ത് നിന്നും പലായനം ചെയ്തു. യുദ്ധത്തിനിടെ ഹമാസിന്റെ 1600 പേരും 1,000 ഇസ്രയേലികളും 830 ഫലസ്തീനികളും ഉൾപ്പെടെ 1,800 പേരും മരിച്ചതായി ഇസ്രയേൽ പുറത്ത് വിട്ട കണക്കുകൾ പറയുന്നു.

അതേ സമയം ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാമെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് സൈനികരെയാണ് ഗസ്സ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം.

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേൽ. ഗസ്സ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. ''ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്.

ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗസ്സയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. സിറിയയിൽ നിന്നും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.

ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികർ അടക്കം 1200 പേരും ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം. ഗസ്സയിൽ അഭ്യർത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്.

ആയിരം പാർപ്പിട സമുച്ഛയങ്ങൾ തകർന്നു. നിരപരാധികൾ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്നതിൽ ഈജിപ്തുമായും ഇസ്രയേലുമായും ചർച്ച നടക്കുന്നുവെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ഏറ്റവുമധികം ആക്രമണങ്ങൾ നടത്താൻ ഇസ്രയേൽ ഉദ്ദേശിക്കുമെന്ന മേഖലയിൽനിന്ന് ജനങ്ങളെ ഈജിപ്തിലേക്ക് ഒഴിപ്പിക്കാനാണ് ആലോചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗസ്സ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞത്. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കുനേരെ സിറിയയിൽ നിന്ന് ആക്രമണം ഉണ്ടായി. പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ല സായുധ സംഘത്തിന് ലെബനോൻപോലെ തന്നെ ശക്തിയുള്ള സ്ഥലമാണ് സിറിയയും. ഹമാസ് ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് സിറിയയിൽ നിന്ന് ആക്രമണം ഉണ്ടാകുന്നത്.

ലെബനോനിൽ നിന്ന് വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായി. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചു വെസ്‌റ്ബാങ്കിൽ ആയിരങ്ങൾ പ്രകടനം നടത്തി. ഹമാസ് നുഴഞ്ഞു കയറിയ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം ഇസ്രയേലിലേക്ക് കയറാൻ ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു. ഒറ്റപ്പെട്ടത് എങ്കിലും ഇസ്രയേൽ നഗരങ്ങളിൽക്ക് റോക്കറ്റ് ആക്രമണവും തുടരുന്നുണ്ട്.