- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിന്റെ ചരിത്രത്തിനിടെയിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊല; ഹമാസിന് പിന്നാലെ പ്രകോപനവുമായി ലെബനനും സിറിയയും; ഒളിഞ്ഞും തെളിഞ്ഞും ഇറാന്റെ പിന്തുണയും; ഹിസ്ബുല്ലയുടെ നിരീക്ഷണ കേന്ദ്രം തകർത്ത് ഇസ്രയേൽ
ടെൽ അവീവ്: ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ 75 വർഷത്തെ ചരിത്രത്തിനിടെയിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊലയാണ് രാജ്യത്ത് അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തിനിടെ ഇസ്രയേൽ അയൽരാജ്യങ്ങളുമായി യുദ്ധമോ മറ്റെന്തെങ്കിലും തരത്തിലുള്ള സങ്കർഷങ്ങളോ ഇല്ലാത്തെ ദിവസങ്ങൾ അപൂർവ്വമായിരുന്നു. ഇതിനിടെ ഇസ്രയേൽ സൈന്യം പതിനെട്ടോളം യുദ്ധങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും സംഭവിക്കാത്ത ആൾ നാശവും നാശനഷ്ടവുമാണ് ഇസ്രയേൽ നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇരുഭാഗത്തുമായി ഇതുവരെ മരണ സംഖ്യ 3,600 കടന്നു. ഒക്ടോബർ 7 ന് ഹമാസ് ആക്രമണം ആരംഭിച്ചതിന് ശേഷം രാജ്യത്തെ 155 സൈനികർ ഉൾപ്പെടെ 1,200 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും 2,616 പേർക്ക് പരിക്കേറ്റെന്നും ഇസ്രയേൽ അവകാശപ്പെട്ടു. തിരിച്ചടിക്ക് 3,00,000 ഇസ്രയേലി സൈനികരാണ് അണിനിരന്നത്. 1973 ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണിതെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
'ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയന്മാരുടെ കൂട്ടക്കൊലയാണ് നടന്നതെന്നാണ്.' ഇസ്രയേലി പ്രതിരോധ വക്താവ് മേജർ ലിബി വെയ്‌സ് പറഞ്ഞത്. ആദ്യമായാണ് ഇത്തരമൊരു പ്രതികരണം ഇസ്രയേലി പ്രതിരോധ വകുപ്പിൽ നിന്നും ഉണ്ടാകുന്നത്.
ഗസ്സ മുനമ്പിന് സമീപമുള്ള 'കഫർ ആസ' (Kfar Aza) സമൂഹം കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു പ്രതിരോധ വകുപ്പിൽ നിന്നും ഇത്തരമൊരു അഭിപ്രായ പ്രകടനമുണ്ടായത്. കഫർ ആസയിൽ 40 ഓളം പിഞ്ചു കുട്ടികളുടെ മൃതദേഹങ്ങൾ ഇസ്രയേലി സൈന്യം കണ്ടെത്തി എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പല കുട്ടികളുടെയും ശിരസ് ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏഴുപതോളം വരുന്ന ഹമാസ് സായുധ സംഘം മുപ്പതോ നാല്പതോ മിനിറ്റുകൊണ്ടാണ് കഫർ ആസ സമൂഹത്തെ കൂട്ടക്കൊല ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. തോക്കുകളും ഗ്രനേഡുകളും കത്തികളും ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് ഇസ്രയേലി സൈന്യം ആരോപിച്ചു. കുട്ടികളോടൊപ്പം കഫർ ആസ സമൂഹത്തിലെ നിരവധി പേർ കൊല ചെയ്യപ്പെട്ടു. ഹമാസ് സായുധ സംഘം അപ്രതീക്ഷിതമായി വീടുകളിലേക്ക് ഇരച്ച് കയറുകയും ആളുകളെ കൊലപ്പെടുത്തുകയയുമായിരുന്നു. മൃതദേഹങ്ങൾ വീടുകൾക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്, 'ഇസ്രയേൽ അത് അവസാനിപ്പിക്കും' എന്നാണ്. ഇസ്രയേലികളുടെ മരണം സങ്കൽപ്പിക്കാനാവാത്തതെന്നായിരുന്നു ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് ജോനാഥൻ പറഞ്ഞത്. ഒപ്പം 30 ഓളം ഹമാസ് അംഗങ്ങളും ബന്ദികളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നാല് ദിവസത്തിനുള്ളിൽ ഗസ്സയിൽ നിന്ന് ഇസ്രയേലിലേക്ക് 4,500 റോക്കറ്റുകൾ തൊടുക്കപ്പെട്ടതായി ഐഡിഎഫ് വെളിപ്പെടുത്തി. തിരിച്ചടിയായി, ഇസ്രയേൽ പ്രതിരോധ സേന ഗസ്സയിലെ 1,290 ഹമാസ് ലക്ഷ്യങ്ങൾ തകർത്തു. നിരവധി പേരെ ഹമാസ്, ഗസ്സയിലേക്ക് തട്ടിക്കൊണ്ട് പോയതായും ഇസ്രയേൽ സേന അവകാശപ്പെട്ടു.
ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായി പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെ, ഇസ്രയേലിനെ ഉന്നമിട്ട് രണ്ട് അയൽരാജ്യങ്ങളിൽ നിന്നും ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഹമാസിനു പുറമെ അയൽ രാജ്യങ്ങളായ സിറിയ, ലെബനൻ എന്നിവിടങ്ങളിൽ നിന്നാണ് ഇസ്രയേലിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. ഹമാസിനെതിരായ പ്രത്യാക്രമണം തുടരുന്നതിനിടെ തന്നെ, ഈ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണത്തിനും തക്ക തിരിച്ചടി നൽകിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹമാസിനേപ്പോലെ തന്നെ ഇരു രാജ്യങ്ങൾക്കും ഇസ്രയേലുമായി വർഷങ്ങളായി തുടരുന്ന നിതാന്ത വൈരമുണ്ടെന്നാണ് ചരിത്രം. പതിറ്റാണ്ടുകൾക്കിടെ ഇസ്രയേൽ നേരിടുന്ന ഏറ്റവും കനത്ത തിരിച്ചടിക്കും ആൾനാശത്തിനുമിടെ, ഹമാസിനൊപ്പം ഇരു കൂട്ടരും കൈകോർക്കുമോ എന്നാണ് ലോകം വീക്ഷിക്കുന്നത്. പ്രത്യേകിച്ചും ഇവർക്കെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഇസ്രയേലിന്റെ ബദ്ധവൈരികളായ ഇറാന്റെ പിന്തുണയുള്ള സാഹചര്യത്തിൽ. അതേസമയം, ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും ആക്രമണത്തിൽ പങ്കില്ലെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, ഇസ്രയേലിന്റെ തിരിച്ചടിയിൽ കുറഞ്ഞത് 260 കുട്ടികളും 230 സ്ത്രീകളും ഉൾപ്പെടെ 900 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4,000 പേർക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്ക് മേഖലയിൽ ശനിയാഴ്ച മുതൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും ഏകദേശം 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ നിന്ന് 2,00,000-ത്തിലധികം ആളുകൾ പലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നു.
2014-ൽ ഇസ്രയേൽ വ്യോമ, കര ആക്രമണം നടത്തിയതിന് ശേഷം ഗസ്സയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഏറ്റവും വലിയ സംഖ്യയാണിതെന്നും യുഎൻ പറയുന്നു. മൂന്ന് ജല, ശുചീകരണ സൗകര്യങ്ങളും ഇസ്രയേൽ സേന തകർത്തതിനാൽ ഗസ്സയിലെ അവശേഷിക്കുന്ന 4,00,000 പേർക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്നില്ല. ഗസ്സയിലെ നിരവധി കെട്ടിടങ്ങൾ നിലം പൊത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഹമാസിന്റെ പ്രകോപനത്തിന് വ്യാപകമായ രീതിയിൽ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേൽ മറുപടി നൽകിയത്. ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ ഫലസ്തീനിൽ ഇതുവരെ 950 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. അതേസമയം, 1500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രയേൽ സൈന്യം പറയുന്നു. ഹമാസിനെ തുരത്തുന്നിനായി യുദ്ധപ്രഖ്യാപനം നടത്തി ഇസ്രയേൽ നടത്തുന്ന പോരാട്ടം ഇപ്പോഴും തുടരുകയാണ്.
ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെയാണ്, ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയത്. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായിരുന്നു ആക്രമണമെന്നാണ് വിശദീകരണം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ നിരീക്ഷണ കേന്ദ്രം രാത്രിക്കു രാത്രി തകർത്താണ് ഇസ്രയേൽ തിരിച്ചടിച്ചത്.
ലെബനൻ ഇസ്രയേൽ അതിർത്തിയിൽ 2006നു ശേഷമുള്ള ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുള്ളത്. ലെബനനിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിനെതിരെ പൊരുതുന്നതിന് ഇറാന്റെ റെവല്യൂഷനറി ഗാർഡ്‌സാണ് 1982ൽ ഹിസ്ബുല്ലയ്ക്കു രൂപം നൽകിയത്. തങ്ങളുടെ കൈവശമുള്ള ആയുധശേഖരത്തിന്റെ വ്യാപ്തി ഇസ്രയേലിന് ഊഹിക്കാൻ പോലും സാധിക്കില്ലെന്നാണ് ഹിസ്ബുല്ലയുടെ അവകാശവാദം.
ഹമാസിനെതിരായ പ്രത്യാക്രമണവുമായി ഇസ്രയേൽ സജീവമാകുന്നതിനിടെ, സിറിയൻ അതിർത്തിയിൽ നിന്നും ആക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ട്. സിറിയയിൽ നിന്നുണ്ടായ പ്രകോപനത്തിന് ഇസ്രയേൽ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ, മറ്റൊരു യുദ്ധമുഖം കൂടി തുറക്കുന്നുവെന്ന ഭീതിയിലാണ് ലോകം.
സിറിയയിൽനിന്നുണ്ടായ ആക്രമണത്തിന് സൈന്യം തക്ക തിരിച്ചടി നൽകിയതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു. സിറിയയിൽനിന്ന് പലതവണ ആക്രമണം ഉണ്ടായതായാണ് സൈന്യം നൽകുന്ന വിവരം. 1967ൽ ആറു ദിവസം നീണ്ടുനിന്ന് പോരാട്ടത്തിനൊടുവിൽ സിറിയയിൽനിന്ന് ഇസ്രയേൽ ഗൊലാൻ കുന്നുകൾ പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ വന്നത്.
മറുനാടന് ഡെസ്ക്