- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനമില്ലാതെ ഏക വൈദ്യുതി നിലയം പൂട്ടിയതോടെ ഗസ്സ പൂർണമായി ഇരുട്ടിൽ; ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഡീസലിനായി നെട്ടോട്ടം; ഇസ്രയേൽ ഹമാസിനെ പാഠം പഠിപ്പിക്കുമ്പോൾ തീ തിന്നുന്നത് സാധാരണക്കാർ
ഗസ്സ: യുദ്ധത്തിന് ആരെ പഴിച്ചാലും, ദുരിതം മുഴുവൻ അനുഭവിക്കുന്നത് സാധാരണക്കാരാണ്. വ്യോമാക്രമണത്തിലൂടെ ഗസ്സയെ തകർത്തുതരിപ്പണമാക്കിയ ഇസ്രയേൽ, കരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗസ്സ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു. അതിനിടെ, ഇസ്രയേലിന്റെ കടുത്ത ഉപരോധത്തിൽ പെട്ട് ഗസ്സയിലെ ഏക വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം നിലച്ചു. ഇന്ധനം കിട്ടാതായതോടെയാണ് പ്ലാന്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്.
ഇതോടെ, ആളുകൾക്ക് വെളിച്ചത്തിനായി പൂർണമായി ജനറേറ്ററുകളെ ആശ്രയിക്കേണ്ടി വരും. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഉണ്ടെങ്കിൽ മാത്രം. വൈദ്യുതി നിലച്ചതോടെ കുടിവെള്ള വിതരണവും നിലയ്ക്കും. ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനായി മൊബൈലുകൾ ചാർജ് ചെയ്യാനും കഴിയില്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആകെയുള്ള വൈദ്യുതി നിലയം അടച്ചുപൂട്ടേണ്ടി വന്നതെന്ന് ഗസ്സ ഊർജ്ജ അഥോറിറ്റി മേധാവി ജലാൽ ഇസ്മയിൽ അറിയിച്ചത്. ാെരു മണിക്കൂർ കഴിഞ്ഞപ്പോൾ ഗസ്സ ഇരുട്ടിലായി.
' വളരെയധികം ബുദ്ധിമുട്ടാണ്...ഞങ്ങൾക്ക് വെള്ളമില്ല, ഇന്റനെറ്റില്ല, വൈദ്യുതിയില്ല, ഗസ്സ നിവാസിയായ കമാൽ മഷ്ഹറാവി ബിബിസിയോട് പറഞ്ഞു. ' ഞങ്ങൾ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോകാൻ ശ്രമിച്ചു. എന്നാൽ, തുടർ സ്‌ഫോടനങ്ങൾ കാരണം സുരക്ഷിതമല്ലാത്തതുകൊണ്ട് പോകേണ്ടെന്ന് വച്ചു. സാധാരണക്കാരെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുത്', അദ്ദേഹം പറഞ്ഞു.
വൈദ്യുതി മുടക്കത്തോടെ, ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ പരിക്കേറ്റ് കഴിയുന്ന ആയിരക്കണക്കിന് പേർക്ക് ചികിത്സ നൽകാനും കഴിയാതെ വന്നിരിക്കുകയാണ്. ഇസ്രയേൽ, ഗസ്സയിലെ 365 ചതുരശ്ര കിലോമീറ്റർ പൂർണമായി ഉപരോധിച്ചതോടെ, 23 ലക്ഷം പേരാണ് കടുത്ത ദുരിതത്തിലായത്. ' വൈദ്യുതിയില്ല, ഭക്ഷണമില്ല, ഇന്ധനമില്ല, എല്ലാം അടച്ചിരിക്കുന്നു', പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുകൂടാതെ മരുന്നുകൾ, ഓക്‌സിജൻ സിലണ്ടറുകൾ എന്നിവയ്ക്ക് ആശുപത്രികളിൽ ക്ഷാമം നേരിട്ടുതുടങ്ങി.
ഗസ്സ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. 'ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നുമായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗസ്സയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി.
ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രയേലിൽ 1200 പേരും ഗസ്സയിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ കേന്ദ്രങ്ങൾ എല്ലാം തകർത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗസ്സ പിടിക്കാൻ ഇറങ്ങുകയാണ്. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം.
മറുനാടന് ഡെസ്ക്