യെരുശലേം: ഹമാസുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്രയേലിൽ അടിയന്തര സർക്കാർ രൂപീകരിക്കാൻ ധാരണ. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുൻ പ്രതിരോധ മന്ത്രിയും, സെൻട്രിസ്റ്റ് പ്രതിപക്ഷ പാർട്ടി നേതാവുമായ ബെന്നി ഗാൻസുമാണ് ധാരണായത്. ഗാൻസിന്റെ നാഷണൽ യൂണിറ്റി പാർട്ടിയാണ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.

ബെഞ്ചമിൻ നെതന്യാഹു, ബെന്നി ഗാൻസ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർ ഉൾപ്പെടുന്നതാണ് യുദ്ധകാല മന്ത്രിസഭ. ഇവരെ കൂടാതെ നിരീക്ഷക അംഗങ്ങളായി രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടാകും. മുൻ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാൻസ്, യുദ്ധകാല മന്ത്രിസഭയിലേക്കെത്തുന്നതോടെ യുദ്ധം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്. ഹമാസുമായുള്ള യുദ്ധത്തിനിടെ, അതുമായി ബന്ധമില്ലാത്ത നയമോ നിയമങ്ങളോ മന്ത്രിസഭ മുന്നോട്ടുവയ്ക്കില്ല.

അസേസമയം, ഇസ്രയേൽ പ്രതിരോധ സേന ഗസ്സയിലെ ബീക് ഹാനോണിൽ 80 ലേറെ സ്ഥലങ്ങളിൽ ആക്രമണം നടത്തി.വ്യോമാക്രമണത്തിലൂടെ ഗസ്സയെ തകർത്തുതരിപ്പണമാക്കിയ ഇസ്രയേൽ, കരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗസ്സ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു.

ഗസ്സ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. 'ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നുമായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗസ്സയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി.

ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രയേലിൽ 1200 പേരും ഗസ്സയിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ കേന്ദ്രങ്ങൾ എല്ലാം തകർത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗസ്സ പിടിക്കാൻ ഇറങ്ങുകയാണ്. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം.

ഇന്ത്യാക്കാർ സുരക്ഷിതർ

20,000 ത്തിലേറെ ഇന്ത്യാക്കാർ ഇസ്രയേലിൽ ജീവിക്കുന്നുണ്ട്. ഇതുവരെ ആർക്കെങ്കിലും, പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി വിവരമില്ല, മുംബൈയിലെ ഇസ്രയേൽ കോൺസുൽ ജനറൽ കോബി ഷോഷാനി അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. ഇസ്രയേലിൽ ഒറ്റപ്പെട്ട് പോയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം ശ്രമം തുടരുകയാണ്.