യെരുശലേം: ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ അഞ്ചാം ദിവസം മരണസംഖ്യ 3,600 ആയി ഉയർന്നപ്പോഴും, ശമനത്തിന്റേതായ ലക്ഷണങ്ങൾ ഇല്ലെന്ന് മാത്രമല്ല, കൂടുതൽ തീവ്രമാവുകയാണ് പോരാട്ടം. ലബനനിൽ നിന്നുള്ള വ്യോമാക്രമണം സംശയിക്കുന്നതായി ഇസ്രയേൽ സൈന്യം അറിയിച്ചതാണ് ഒടുവിലത്തെ വാർത്ത. ലെബനനുമായി അതിർത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്കൻ മേഖലയിൽ റോക്കറ്റ് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

അതിനിടെ, ഹമാസ് ഇന്ന് വൈകുന്നേരം നടത്തിയ ഒടുവിലത്തെ റോക്കറ്റാക്രമണത്തിൽ, ഒരു കുട്ടികളുടെ ആശുപത്രിയും, സൂപ്പർ മാർക്കറ്റും തകർന്നു. തെക്കൻ നഗരമായ ആഷ്‌കലോണിലാണ് സംഭവം. ബർസിലായി മെഡിക്കൽ സെന്ററാണ് തകർന്നുവീണത്. അവിടെ കുട്ടികളുടെ വിഭാഗം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്. റോക്കറ്റാക്രമണത്തിൽ തകർന്ന ഒരുസൂപ്പർ മാർക്കറ്റിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്നീട് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരുകുട്ടിയുടെ ചിത്രം പുറത്തുവിട്ടിട്ട്, ഹമാസ് ഐസിസിനേക്കാൾ വഷളാണെന്ന് കുറിച്ചു.

സൈറൺ കേട്ട് രക്ഷയ്ക്കായി ഓടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ഇസ്രയേലിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിക്കും ഉണ്ടായി പേടിപ്പിക്കുന്ന അനുഭവം. ഗസ്സയിൽ നിന്ന് 20 മൈൽ അകലെയുള്ള ഒഫാകിമിലായിരുന്നു അപ്പോൾ ക്ലവേർലി. വ്യോമാക്രമണ സൈറൺ മുഴങ്ങിയപ്പോളാണ് അദ്ദേഹത്തിന് മറ്റുള്ളവർക്കൊപ്പം രക്ഷയ്ക്കായി ഓടേണ്ടി വന്നത്. അതിന്റെ വീഡിയോയും പുറത്തു വന്നു.

17 ഓളം ബ്രിട്ടീഷ്-ഇസ്രയേലി പൗരന്മാർ സംഘർഷത്തിൽ പെട്ട് കൊല്ലപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടന്റെ അചഞ്ചലമായ പിന്തുണ ഇസ്രയേലിനുണ്ടെന്നും ജെയിംസ് ക്ലവർലി സന്ദർശനത്തിനിടെ പറഞ്ഞു. ഇസ്രയേലിലേക്കും, തിരിച്ചുമുള്ള വിമാനങ്ങൾ ബ്രിട്ടീഷ് എയർവെയ്‌സ് റദ്ദാക്കിയിട്ടുണ്ട്.

ഈജിപ്റ്റ് നേരത്തെ മുന്നറിയിപ്പ് നൽകി

ഹമാസിന്റെ ആക്രമണ സാധ്യതയെ കുറിച്ച് ഇസ്രയേലിന് ഈജിപ്റ്റ് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം, ഹമാസിന്റെ കടന്നുകയറ്റത്തിന് മൂന്നുനാൾ മുമ്പാണ് ഈജിപ്റ്റ് മുന്നറിയിപ്പ് നൽകിയതെന്ന് യുഎസിലെ വിദേശകാര്യ കമ്മിറ്റി ചെയർമാനും, റിപ്പബ്ലിക്കൻ നേതാവുമായ മൈക്കിൾ മാക് കോൾ പറഞ്ഞു.

ഇതോടെ മുന്നറിയിപ്പ് കിട്ടിയിട്ടും, ഇസ്രയേൽ ഇന്റലിജൻസ് വിഭാഗം എന്തുകൊണ്ടു തയ്യാറെടുത്തില്ല എന്ന ചോദ്യം ഉയരുന്നു. മുന്നറിയിപ്പിനെ ലാഘവത്തോടെ കണ്ടതാണെങ്കിൽ അത് വിവാദത്തിന് ഇടയാക്കിയേക്കും.

അസേസമയം, ഇസ്രയേൽ പ്രതിരോധ സേന ഗസ്സയിലെ ബീക് ഹാനോണിൽ 80 ലേറെ സ്ഥലങ്ങളിൽ ആക്രമണം നടത്തി.വ്യോമാക്രമണത്തിലൂടെ ഗസ്സയെ തകർത്തുതരിപ്പണമാക്കിയ ഇസ്രയേൽ, കരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗസ്സ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു.

ഗസ്സ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. 'ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നുമായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗസ്സയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി.

ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രയേലിൽ 1200 പേരും ഗസ്സയിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ കേന്ദ്രങ്ങൾ എല്ലാം തകർത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗസ്സ പിടിക്കാൻ ഇറങ്ങുകയാണ്. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം.

ഇന്ത്യാക്കാർ സുരക്ഷിതർ

20,000 ത്തിലേറെ ഇന്ത്യാക്കാർ ഇസ്രയേലിൽ ജീവിക്കുന്നുണ്ട്. ഇതുവരെ ആർക്കെങ്കിലും, പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി വിവരമില്ല, മുംബൈയിലെ ഇസ്രയേൽ കോൺസുൽ ജനറൽ കോബി ഷോഷാനി അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. ഇസ്രയേലിൽ ഒറ്റപ്പെട്ട് പോയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം ശ്രമം തുടരുകയാണ്.