ടെൽ അവീവ്: ഇസ്രയേലിൽ കയറി പൗരന്മാരെ ആക്രമിച്ചു വെടിവെച്ചു കൊന്ന ഹമാസിനെ തുടച്ചു നീക്കുമെന്ന് പ്രതിജ്ഞയെടുത്താണ് ഇസ്രയേലിന്റെ നീക്കം. വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ കരയുദ്ധത്തിനും ഒരുങ്ങുകയാണ് ഇസ്രയേൽ. ഗസ്സയെ അടിമുടി വളഞ്ഞ ശേഷമാണ് ഇസ്രയേലിന്റെ നീക്കം. ഗസ്സയിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചാണ് കരയുദ്ധത്തിനുള്ള സന്നാഹങ്ങൾ കൂടുന്നത്. ഇതോടെ ദുരിതത്തിലായത് ലക്ഷക്കണക്കിന് ഫലസ്തീൻകാരാണ്.

ഇതിനിടെ ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗസ്സയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗസ്സയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗസ്സയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു.

ഗസ്സയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജീപ്തുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു. അതേ സമയം ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ശ്രമം.

അതിനിടെ ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അറബ് ലീഗും അടിയന്തര യോഗം ചേർന്നു. ബുധനാഴ്ച വൈകീട്ട് കെയ്‌റോയിൽ നടന്ന പ്രത്യേക യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു. ഗസ്സയിലെയും അതിർത്തി പ്രദേശത്തെയും സൈനിക വ്യന്യാസം, സാധാരണക്കാരുടെ ജീവനും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ, ഗസ്സ മുനമ്പിലെ സാധാരണക്കാർക്ക് സംരക്ഷണവും സഹായവും നൽകുന്ന മാർഗങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.

ഇസ്രയേൽ സൈന്യം ഗസ്സയിൽ നടത്തുന്ന ആക്രമണം തടയുന്നതിന് എല്ലാ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായും ആശയവിനിമയം നടത്താൻ സാധ്യമായ ശ്രമങ്ങൾ നടത്തുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടിയുടെ അനിവാര്യതയും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.

സമാധാനപ്രക്രിയ പുനരാരംഭിക്കേണ്ടതിന്റെയും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഇസ്രയേലും തമ്മിൽ ഗൗരവമായ ചർച്ചകൾ ആരംഭിക്കുന്നതിന്റെയും അനിവാര്യത ആവർത്തിച്ച് വ്യക്തമാക്കിയാണ് യോഗം അവസാനിച്ചത്. യോഗത്തിനെത്തിയ അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയൻ പ്രധാനമന്ത്രി ഫൈസൽ മെക്ദാദുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. ഗസ്സയിലെയും ചുറ്റുപാടുകളിലെയും നിലവിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇതിനിടെ ഇസ്രയേൽ സുദ്ധസന്നാഹം ശക്തമാക്കുകാണ്. ഗസ്സയിലെ ഏക വൈദ്യുതിനിലയം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പൂട്ടിയിരുന്നു. ഇവിടേക്കുള്ള ഇന്ധനവിതരണം ഇസ്രയേൽ വിച്ഛേദിച്ചതോടെ നിലയംപൂട്ടാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഇതോടെ ഗസ്സ ഇരുട്ടിലായി. ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ആവശ്യം നിർവഹിക്കുന്നത്. എന്നാൽ, അതിനുള്ള ഇന്ധനവും കമ്മിയാണ്.

ശനിയാഴ്ച ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തിയതോടെ ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നും എത്തുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഇസ്രയേലിനും ഈജിപ്തിനുമിടയിൽ മെഡിറ്ററേനിയൻ സമുദ്രതീരത്തുകിടക്കുന്ന ഗസ്സയിലെ 23 ലക്ഷം ഫലസ്തീൻകാരുടെ ജീവിതം ഇതോടെ പൂർണമായും ദുരിതത്തിലായി. തങ്ങളുടെ കരയതിർത്തിയിലൂടെ ഇവിടേക്ക് അവശ്യ വസ്തുക്കളെത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഈജിപ്ത് യു.എസുമായും യു.എന്നുമായും കൂടിയാലോചനനടത്തി. ഇതിന് താത്കാലിക വെടിനിർത്തൽ ആവശ്യമാണ്.

ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഗസ്സയിൽനിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേലിന്റെ തെക്കുള്ള നഗരമായ ആഷ്‌കലോണിലെ കുട്ടികളുടെ ആശുപത്രിയിൽ പതിച്ചു. ആളപായമില്ലെന്ന് ആശുപത്രിവക്താവ് അറിയിച്ചു. അതിനിടെ, ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ള ഇസ്രയേലിലേക്ക് മിസൈലയച്ചു. ഇസ്രയേൽ വ്യോമസേന തിരിച്ചടിച്ചു.

ശത്രുവിനെ നേരിടാനായി ഒന്നിക്കാൻ ഇസ്രയേലിലെ ഭരണ-പ്രതിപക്ഷകക്ഷികൾ തീരുമാനിച്ചു. പ്രതിപക്ഷാംഗങ്ങളെയും ചേർത്ത് അടിയന്തര ദേശീയ സർക്കാർ രൂപവത്കരിക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രമത്തിന് മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷാംഗവുമായ ബെന്നി ഗാന്റ്സ് പിന്തുണയറിച്ചു. നിയമവ്യവസ്ഥാപരിഷ്‌കരണം ഉൾപ്പെടെയുള്ള തീരുമാനങ്ങളിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുമ്പോഴാണ് ഹമാസിനെതിരേ ഒന്നിക്കാനുള്ള പ്രതിപക്ഷത്തിൽ ഒരുവിഭാഗത്തിന്റെ തീരുമാനം.