ടെൽ അവീവ്: ഇസ്രയേൽ-ഗസ്സ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേൽ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്നും ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി ഹമാസ് കമാൻഡർ മഹ്‌മൂദ് അൽ-സഹറിന്റെ ഭീഷണി സന്ദേശം പുറത്തുവന്നു. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയൊന്നാകെ ഹമാസിന്റെ നിയമത്തിന് കീഴിലാകും. അനീതിയോ അടിച്ചമർത്തലോ ഇല്ലാത്ത സംവിധാനം നിലവിൽ വരും. ഫലസ്തീൻ ജനതയ്ക്കും ലെബനൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കും, സഹർ വീഡിയോ സന്ദേശത്തിൽ പറയുന്നു.

ഇസ്രയേൽ മാത്രമല്ല, ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ സഹർ സന്ദേശത്തിൽ വ്യക്തമാക്കി. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തായത്. ഇസ്രയേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അൽ സഹർ വ്യക്തമാക്കി. ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഫലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും സിറിയ, ലെബനൻ, ഇറാഖ് രാജ്യങ്ങൾക്കെതിരെ ഇപ്പോൾ നടക്കുന്നത് അടിച്ചമർത്തലാണെന്നും ഹമാസ് നേതാവ് പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. ഹമാസിലെ ഓരോ അംഗവും മരിച്ച മനുഷ്യരാണെന്ന് ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര ആക്രമണത്തിലൂടെ ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഹമാസ് ഐഎസിനേക്കാൾ മോശമാണെന്നും നെതന്യാഹു ആരോപിച്ചു.

മുഹമ്മദ് ദെയ്ഫ് 'ഒളിവിൽ'

അതേസമയം, ഹമാസിന്റെ സായുധവിഭാഗമായ അൽ കസം ബ്രിഗേഡ്സിന്റെ തലവനായ മുഹമ്മദ് ദെയ്ഫാണ് തങ്ങൾക്കെതിരായ ആക്രമണത്തിന്റെ ആസൂത്രകനെന്നാണ് ഇസ്രയേൽ കരുതുന്നത്. ഇസ്രയേലിന്റെ കുറ്റവാളിപ്പട്ടികയിലെ ഒന്നാമനാണ് ദെയ്ഫ്. ശനിയാഴ്ച ഹമാസിന്റെ ആയിരക്കണക്കിനു റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചതിനുപിന്നാലെ ദെയ്ഫിന്റെ ശബ്ദസന്ദേശമെത്തി. ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ കടന്നുകയറിയതിനുള്ള തിരിച്ചടിയാണെന്ന് അതിൽ ദെയ്ഫ് സൂചിപ്പിച്ചു.

2021 മേയിലായിരുന്നു ഇസ്രയേൽ പൊലീസും പട്ടാളവും അൽ അഖ്സയിൽ കടന്നത്. തുടർന്ന് ഇസ്രയേലും ഹമാസും തമ്മിൽ നടത്തിയ യുദ്ധം 11 ദിവസം നീണ്ടു. അന്നുമുതൽ ഇസ്രയേലിനുനേരെ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ദെയ്ഫ്. ഇയാളെ വധിക്കാൻ ഏഴുതവണ ഇസ്രയേൽ ശ്രമിച്ചു. ഏറ്റവുമൊടുവിലത്തെ വധശ്രമം 2021-ലായിരുന്നു. അതും അതിജീവിച്ചു. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഇക്കാലത്തിനിടെ മൂന്നേമൂന്നു ചിത്രങ്ങളേ ദെയ്ഫിന്റേതായി വന്നിട്ടുള്ളൂ. ഒന്ന് ഒരു നിഴൽച്ചിത്രം. മറ്റൊന്ന് പ്രായം ഇരുപതുകളിലായിരുന്നപ്പോഴത്തേത്. വേറൊന്ന് മുഖംമറച്ചതും.

ഗസ്സയിൽ തുരങ്കങ്ങളുണ്ടാക്കുന്നതിനും ബോംബുകളുണ്ടാക്കുന്നതിനും ചുക്കാൻപിടിച്ചത് ദെയ്ഫാണ്. ഇസ്രയേലിന്റെ വധശ്രമങ്ങളിൽ ദെയ്ഫിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടെന്നും ഒരുകാലിന് ഗുരുതരമായി പരിക്കേറ്റെന്നും ഹമാസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. 2014-ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇയാളുടെ ഭാര്യയും ഏഴുമാസം പ്രായമുള്ള മകനും മൂന്നുവയസ്സുള്ള മകളും കൊല്ലപ്പെട്ടിരുന്നു.

ദെയ്ഫ് എവിടെയാണെന്നത് അജ്ഞാതം. ഗസ്സയിലെ പല തുരങ്കങ്ങളിലൊന്നിൽ ഒളിച്ചിരിക്കുകയാവാമെന്നു കരുതുന്നു. കഴിഞ്ഞദിവസം ഇസ്രയേലിലെ വ്യോമാക്രമണത്തിൽ ദെയ്ഫിന്റെ സഹോദരനും കുടുംബത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. പിതാവിന്റെ വീടിനുനേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. 1965-ൽ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ദെയ്ഫ് ജനിച്ചത്. യഥാർഥ പേര് മുഹമ്മദ് മസ്രി. 1987-ലെ ആദ്യ ഫലസ്തീൻ വിപ്ലവത്തിന്റെ സമയത്താണ് ദെയ്ഫ് ഹമാസിലെത്തിയത്. 1989-ൽ ഇയാൾ ഇസ്രയേലിന്റെ പിടിയിലായി. 16 മാസം തടവിൽക്കിടന്നു. ഗസ്സയിലെ ഇസ്ലാമിക് സർവകലാശാലയിൽനിന്ന് ശാസ്ത്രത്തിൽ ബിരുദം. സർവകലാശാലയുടെ വിനോദസമിതിയുടെ ചുമതലവഹിച്ചു. ഹാസ്യനാടകങ്ങളിൽ അഭിനയിച്ചു.

അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗസ്സയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണമായി വിച്ഛേദിച്ചു. ഇതോടെ ഗസ്സയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗസ്സയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. ഗസ്സയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജിപ്തുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു.