ടെൽ അവീവ്: അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദിയാക്കിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഇസ്രയേലി പൗരന്മാരെ ഗസ്സയിൽനിന്ന് മോചിപ്പിക്കുന്നത് ഇസ്രയേലിന് കടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ. ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ നൂറ്റൻപതോളം ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം.

കടുത്ത ആക്രമണങ്ങൾ തുടരുമ്പോഴും 360 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള നഗരമാണെങ്കിലും ഇവിടെ ഹമാസ് ബന്ദികളാക്കിയ 150 ഇസ്രയേലി പൗരന്മാരെ മോചിപ്പിക്കാൻ വലിയ ശ്രമംതന്നെ വേണ്ടിവരുമെന്നാണ് സൂചന. വിസ്തൃതി കുറഞ്ഞ മേഖലയാണെങ്കിലും ഹമാസ് നിയന്ത്രണത്തിലുള്ള ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്നതാണ് ഇവിടുത്തെ മോചനശ്രമങ്ങളെ ദുഷ്‌കരമാക്കുക.

മേഖലയിലെ കൂടിയ ജനസാന്ദ്രതയും ഭൂർഗഭതുരങ്കങ്ങളും ഇസ്രയേലിന് വെല്ലുവിളിയാണ്. ഇവിടെ ഇസ്രയേൽ തുടരുന്ന ആക്രമണവും തെക്കൻ ഇസ്രയേൽ ലക്ഷ്യമിട്ടുള്ള ഹമാസ് തിരിച്ചടിയും കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാക്കും. സമാനതകളില്ലാത്ത സാഹചര്യമാണ് ഇരുരാജ്യങ്ങളിലും നിലനിൽക്കുന്നത്. അതിർത്തിയിൽ ഇസ്രയേൽ ഭൂപ്രദേശത്തുനിന്ന് ആളുകളെ പിടികൂടി ഗസ്സയിലെത്തിച്ച് ബന്ദിയാക്കിയ ഹമാസ് നടപടി ഇസ്രയേലിന്റെ കണക്കുകൂട്ടലിന് അപ്പുറമായിരുന്നു.

ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി പൗരന്മാരുടെ വീഡിയോ പുറത്തുവന്നിരുന്നു. സ്ത്രീയെ മോട്ടോർസൈക്കിളിൽ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോവുമ്പോൾ, അവരുടെ ആൺസുഹൃത്തിനെ അതിർത്തി വഴി കാൽനടയായി ആയിരുന്നു ഗസ്സയിലേക്കുകൊണ്ടുപോയത്. തന്റെ രണ്ടുകുട്ടികളെ പുതപ്പിൽപൊതിഞ്ഞു ഒരമ്മയെ ബന്ദിയാക്കിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേ സമയം ഗസ്സയിൽ ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് കൈവിലങ്ങണിയിച്ച് കൊലപ്പെടുത്തുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡിഎഫ്) ആരോപിച്ചു. സിനിമകളിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾക്ക് സമാനമായ കാഴ്ചകളാണ് ഹമാസ് ആക്രമണം നടത്തിയ സ്ഥലങ്ങളിലെത്തിയ ഇസ്രയേൽ സേനയ്ക്ക് കാണാൻ കഴിഞ്ഞതെന്ന് ഐഡിഎഫ് വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു.

എന്നാൽ, ഐഡിഎഫിന്റെ ആരോപണം തള്ളി ഹമാസും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലി യുവതിയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ആരോപണം ഹമാസ് നിഷേധിക്കുന്നത്. ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ബന്ദികളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി ഇസ്രയേലും ഹമാസും രംഗത്തെത്തിയിട്ടുള്ളത്.

കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന തരത്തിലുള്ള പ്രാകൃത നടപടികളാണ് ഹമാസ് കൈക്കൊള്ളുന്നത് എന്നാണ് ഇസ്രയേലിന്റെ ആരോപണം. എന്നാൽ, തടവിലാക്കിയ ഒരു ഇസ്രയേൽ യുവതിയെയും അവരുടെ രണ്ട് മക്കളെയും വെറുതെ വിടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ഹമാസ് മറുപടി നൽകുന്നത്. ഹമാസ് ടെലിവിഷൻ നെറ്റ്‌വർക്കായ അൽ-അഖ്‌സയാണ് ദൃശ്യം പുറത്തുവിട്ടത്.

ഇസ്രയേലിനും ഗസ്സ മുനമ്പിനുമിടയിലെ മുള്ളുവേലിപ്രദേശത്ത് ഒരു സ്ത്രീയെയും കുട്ടിയെയും ഹമാസ് സായുധ സംഘത്തിൽപ്പെട്ട മൂന്നുപേരെയും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ഹമാസിന്റെ ഈ അവകാശവാദങ്ങളെ നിഷേധിച്ചുകൊണ്ട് ഇസ്രയേൽ ചാനലുകൾ രംഗത്തെത്തി. മാരകമായി ആക്രമിച്ച ശേഷം സ്ത്രീയെയും രണ്ട് കുട്ടികളെയും ഹമാസ് ഗസ്സ മുനമ്പിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഇസ്രയേൽ പറയുന്നു.

സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവെച്ച് കൊലപ്പെടുത്തുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു. ഗസ്സ അതിർത്തിപ്രദേശത്തുവെച്ച് ഹമാസ് സായുധസംഘം തന്നെയും രണ്ട് കുട്ടികളെയും പിടിച്ചുവെച്ചതായി ഒരു സ്ത്രീ അവകാശപ്പെടുന്ന ദൃശ്യങ്ങൾ ഇസ്രയേൽ ചാനലുകൾ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് കുട്ടികളെയും കൂട്ടി തന്നെ പോകാൻ അനുവദിച്ചതായും ഇവർ പറഞ്ഞിരുന്നു.

ഇസ്രയേൽ തടവിലാക്കിയ 5,200 പേരേയും മോചിതരാക്കണമെന്ന ആവശ്യമാണ് ബന്ദികളെ തുറന്നുവിടാൻ ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. 2014-ലെ ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽക്കൊല്ലപ്പെട്ട രണ്ടു സൈനികരുടേയും വർഷങ്ങൾക്ക് മുമ്പ് അതിർത്ത് കടന്ന് ഗസ്സയിലെത്തിയ രണ്ടു ഇസ്രയേൽ പൗരന്മാരുടേയും മൃതദേഹവും ഹമാസിന്റെ കൈവശമുണ്ട്. അതേസമയം, എത്രപേർ തങ്ങളുടെ കൈവശം ബന്ദികളായുണ്ടെന്നോ അതിൽ എത്രപേർ ജീവിച്ചിരിപ്പുണ്ടോയെന്നതടക്കം ഇനിയും വ്യക്തമാക്കാൻ ഹമാസ് തയ്യാറായിട്ടില്ല. ഹമാസ് ബന്ദികളാക്കിയവരിൽ യു.എസ്. പൗരന്മാരുമുണ്ടെന്ന് ജോ ബൈഡൻ സ്ഥിരീകരിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികളിൽ സഹായിക്കാൻ തയ്യറാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു.

ബന്ദികളിൽ ചിലർ ഇരുരാജ്യത്തേയും പൗരത്വമുള്ളവരാണ്. ബന്ദികളായവർ ഗസ്സയിൽ ചിതറിപ്പോയിരിക്കാമെന്നും ഒരുപക്ഷേ അവരുടെ ഒളിത്താവളങ്ങളും തകർന്നിട്ടുണ്ടാവാം. ബന്ദികൾതന്നെയും ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിൽപ്പെട്ടിരിക്കാമെന്നും ആശങ്കയുണ്ട്. വളരെയധികം പേർ ബന്ദികളാക്കപ്പെട്ടതിനാൽ, താവളങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിൽ വിവരങ്ങളുടെ ചോർച്ചയുണ്ടാവാമെന്നും ഇത് മോചനം എളുപ്പമാക്കുമെന്നും കരുതുന്നവരുമുണ്ട്.

ഇസ്രയേൽ സൈന്യത്തിലെ സ്റ്റാഫ് സെർജന്റായ ഗിലാഡ് ഷാലിറ്റിനെ വിട്ടുകിട്ടാൻ ആയിരത്തോളം ഫലസ്തീനിയൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചിരുന്നു. ഗസ്സയിലെ ഹമാസ് നേതാവായ യെഹിയ സിൻവാറിനെയടക്കം അന്ന് മോചിപ്പിച്ചിരുന്നു. അതേസമയം, ബന്ദികളുടെ സുരക്ഷ കാര്യമായി പരിഗണിക്കാതെ ഹമാസിനെതിരായി ഗസ്സയിൽ മാരക പ്രഹരമുണ്ടാക്കണമെന്ന ആവശ്യവുമായി ഇസ്രയേൽ ധനമന്ത്രി ബസലേൽ സ്‌മോട്രിച്ച് രംഗത്തെത്തിയിരുന്നു.

അതിനിടെ, ഗസ്സയിലെ ഹമാസിന്റെ തുരങ്കങ്ങളും ബങ്കറുകളും തകർക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയെ നിയന്ത്രിക്കാനും ഇസ്രയേലിന് നീക്കമുണ്ട്. ഹിസ്ബുള്ള കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ മിസൈൽ അയച്ചിരുന്നു.