ന്യൂഡൽഹി: ഇസ്രയേൽ - ഹമാസ് സംഘർഷം കടുത്തതോടെ ഇസ്രയേലിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള 'ഓപ്പറേഷൻ അജയ്' ദൗത്യത്തിന് തുടക്കമാകും. ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്നു രാത്രി ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്നും പുറപ്പെടും. 230 പേർ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നാട്ടിലേക്കു മടങ്ങാൻ താൽപര്യമുള്ള എല്ലാ ഇന്ത്യക്കാർക്കും 'ഓപ്പറേഷൻ അജയ്' എന്ന ദൗത്യപ്രകാരം സൗകര്യമൊരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചിരുന്നു. ഇതിന്റെ തയ്യാറെടുപ്പുകൾ ജയശങ്കർ വിലയിരുത്തി. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ഇസ്രയേലിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹമറിയിച്ച് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ആദ്യ ബാച്ചാണ് ഇന്നു രാത്രി പുറപ്പെടുക. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും പൗരന്മാരെ ഇസ്രയേലിൽനിന്ന് ഒഴിപ്പിക്കാൻ ആരംഭിച്ചിരുന്നു.

ടെൽ അവീവിൽനിന്ന് ഡൽഹിയിലേക്കു ചാർട്ടേഡ് വിമാനം തയാറാണെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം നാട്ടിലേക്കു മടങ്ങാൻ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മെയിൽ അയച്ചു. ഇസ്രയേൽ സമയം ഇന്നു രാത്രി 9 മണിക്ക് ടെൽ അവീവിൽനിന്ന് വിമാനം പുറപ്പെടുമെന്നാണ് അറിയിപ്പ്. ഇന്ത്യൻ സമയം ഇസ്രയേൽ സമയത്തേക്കാൾ രണ്ടര മണിക്കൂർ മുന്നോട്ടായതിനാൽ, ഇന്ത്യൻ സമയം രാത്രി 11.30നാകും വിമാനം പുറപ്പെടുക.

വിമാനത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്ന മെയിലിൽ, പൂരിപ്പിക്കാനായി ഒരു ഗൂഗിൾ ഫോമുമുണ്ട്. ഇതു പൂരിപ്പിക്കുമ്പോഴാണ് വിമാനയാത്രയ്ക്കുള്ള സ്ഥിരീകരണം ലഭിക്കുക. ഒരാൾക്ക് പരമാവധി 23 കിലോഗ്രാം വരെ ഭാരമുള്ള ലഗേജ് ആണ് അനുവദിക്കുക. അതിനു പുറമെ ഒരു ക്യാബിൻ ലഗേജും അനുവദിക്കും.

സംഘർഷ ബാധിത മേഖലയിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാർക്കായി ഇസ്രയേലിലെ ഇന്ത്യൻ എംബസി ഹെൽപ്ലൈൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ശാന്തത കൈവിടരുതെന്നും സമയാസമയത്ത് എംബസി നൽകുന്ന സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ. ഈ രണ്ട് ദൗത്യങ്ങൾക്ക് സമാനമായാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയിന് തുടക്കമാകുന്നത്. ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലിൽ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രയേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.

ആദ്യ ബാച്ചാകും ഇന്ന് പുറപ്പെടുകയെന്നും കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമാകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ജോലിക്കായി ഇസ്രയേലിൽ എത്തിയ മലയാളികളിൽ ഭൂരിപക്ഷവും നിലവിൽ തിരികെ എത്താനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. സാഹചര്യം നോക്കി മാത്രമേ തീരുമാനമെടുക്കൂ എന്നാണ് പലരുടെയും നിലപാട്.

ഓപ്പറേഷൻ അജയ് ഒരു നിർബന്ധിത ഒഴിപ്പിക്കൽ അല്ലെന്നും താൽപര്യമുള്ളവരെ മാത്രം തിരികെ കൊണ്ടുവരുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും നിലവിൽ ഇവിടെയുണ്ട്.