ന്യൂഡൽഹി: ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് ആവർത്തിച്ച് ഇന്ത്യ. ഹമാസിന്റേത് ഭീകരാക്രമണമാണെന്നും ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേലിൽനിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷൻ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം നടപടികൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ഗസ്സക്ക് പിന്നാലെ സിറിയക്കു നേരെയും ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ട്.

ഫലസ്തീനെക്കുറിച്ചുള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര ഫലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചിയാണ് നിലപാട് അറിയിച്ചത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് വിദേശകാര്യമന്ത്രാലയം വക്താവ് ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തിൽ ഇന്ത്യയുടെ നയം ദീർഘകാലമായുള്ളതും സുസ്ഥിരവുമാണ്. സ്വതന്ത്ര-പരമാധികാര ഫലസ്തീൻ രുപീകരിക്കുന്നതിനായുള്ള ചർച്ചകൾ തുടരണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത്തരത്തിൽ രൂപീകരിക്കുന്ന രാജ്യത്തിന് സുരക്ഷിതമായ അതിർത്തികളും ഇസ്രയേലുമായി സമാധാനപരമായ ബന്ധവും വേണമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സാധാരണക്കാരുമായി ബന്ധപ്പെട്ട ചോദ്യത്തിന് മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തീവ്രവാദത്തിനെതിരെ പോരാടുകയെന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കാരെ ഇന്ത്യയിൽ നിന്ന് തിരികെയെത്തിക്കുന്നതിനായി ആദ്യ വിമാനം ഇന്ന് രാത്രിയോടെ ടെൽ അവീവിലെത്തും. 230 ഇന്ത്യൻ പൗരന്മാരെ വിമാനത്തിൽ നാട്ടിലെത്തിക്കും. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള 'ഓപ്പറേഷൻ അജയ്' ഇന്ന് തന്നെ ആരംഭിക്കുമെന്നും വ്യോമസേനയെ ഇതിന്റെ ഭാഗമാക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ പരിക്കേറ്റ മലയാളി ഷീജയുമായി സമ്പർക്കത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഓപ്പറേഷൻ അജയ് ദൗത്യത്തിന് തൽക്കാലം വ്യോമസേന വിമാനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടില്ല. ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്നും നാളെ രാവിലെ ഇന്ത്യക്കാരുമായി തിരികെ എത്തുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, കാനഡ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടും വിദേശകാര്യ മന്ത്രാലയം തള്ളിയില്ല. പല തലത്തിൽ ഇന്ത്യ, കാനഡയുമായി സമ്പർക്കത്തിലാണെന്നും കാനഡ ഭീകരർക്ക് ഇടം നല്കുന്നതാണ് പ്രധാന വിഷയമെന്നുമായിരുന്നു വിഷയത്തിൽ അധികൃതരുടെ പ്രതികരണം.

ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായി പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. 230 പേരെയാണ് ഇസ്രയേലിൽനിന്ന് നാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ. ഈ രണ്ട് ദൗത്യങ്ങൾക്കു ശേഷമാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയക്ക് തുടക്കമാകുന്നത്. ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലിൽ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രയേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.

അതേ സമയം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കൻ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനെതിരെ സിറിയൻ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

12 വർഷത്തെ സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യംവെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയിട്ടുള്ളത്. ഗസ്സ മുനമ്പിൽ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേൽ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയിരുന്നു.

'ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം; ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണം'; പരമാധികാര ഫലസ്തീൻ രാജ്യം രൂപീകരിക്കണമെന്നും ഇന്ത്യ; സിറിയയിൽ തിരിച്ചടിച്ച് ഇസ്രയേൽ; വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് ഡമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങളെന്ന് റിപ്പോർട്ട്