ടെൽ അവീവ്; പശ്ചിമേഷ്യൻ സംഘർഷത്തിൽ കൊല്ലപ്പെട്ടവർ 4500 പേരായി എന്ന് റിപ്പോർട്ട്. ഇസ്രയേലിലും ഗസ്സയിലും മരണ നിരക്ക് ഉയരുകയാണ്. അതിനിടെ 3 ലക്ഷത്തോളം റിസർവ് സൈനികരും നൂറുകണക്കിന് ടാങ്കുകളും പീരങ്കികളും ഗസ്സ അതിർത്തിയിൽ എത്തിയിട്ടും ഇസ്രയേൽ കരസൈനികനീക്കം തുടങ്ങിയിട്ടില്ല. വ്യോമാക്രമണം തുടരുകയുമാണ്. വ്യോമാക്രമണം ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ്.

തകർക്കേണ്ട ലക്ഷ്യങ്ങൾ എവിടെയെന്ന് കൃത്യമായി അറിയാം. അതുകൊണ്ടാണ് ആകാശ യുദ്ധം ഇസ്രേയേൽ തുടരുന്നത്. വ്യോമാക്രമണത്തെ പ്രതിരോധിക്കാൻ ഹമാസിന് കഴിയുന്നതുമില്ല. റോക്കറ്റുകളും കാലാൾപ്പടയുടെ ആയുധങ്ങളായ ചെറുപീരങ്കികളും മോർട്ടാറുകളും മെഷീൻ ഗണ്ണുമാണ് ഹമാസിന്റെ പ്രധാന ആയുധങ്ങൾ. വ്യോമാക്രമണത്തെ ചെറുക്കാനുള്ള വിമാനവേധ മിസൈലുകളോ വിമാനവേധതോക്കുകളോ അവർക്കില്ല. എന്നാൽ കരയുദ്ധത്തിൽ അവർക്ക മുൻതൂക്കം നേടാൻ കഴിഞ്ഞേക്കും. ഗറില്ലാ യുദ്ധ മറുയിൽ ഹമാസ് മിടുക്കരാണ്.

കരയുദ്ധമുണ്ടായാൽ നഗരത്തിലെ തെരുവുമൂലകളിൽ നിന്നും കെട്ടിടങ്ങളുടെ മുകളിൽ നിന്നും മറ്റുമാവും ഹമാസ് പ്രതിരോധിക്കുക. അത് ഇസ്രയേലിലെ കര സൈനികർക്ക് തിരിച്ചടിയുമാകും. ഡ്രോണുകൾ ഉപയോഗിച്ച് ഹമാസിന്റെ ചെറിയ പോസ്റ്റുകളും താവളങ്ങളും തകർക്കുകയാണ് ഇസ്രയേൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്യമായി അറിയാത്ത ലക്ഷ്യങ്ങൾക്കെതിരെയാണ് കനത്ത ബോംബിങ്.

ഹമാസ് സൈനികരെന്നു വിളിക്കാവുന്നവരായി പരിശീലനം ലഭിച്ച പോരാളികൾ പതിനായിരത്തോളം വരും. അടിസ്ഥാന ആയുധപരിശീലനം ലഭിച്ച 40,000 പേർ ഗസ്സയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 3 ലക്ഷത്തിലധികമുള്ള ഇസ്രയേൽ സൈന്യവുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതാണ് ഇത്. എന്നാൽ ഒളിയുദ്ധത്തിന് ഇത് തന്നെ അധികമാണ്. ഇതാണ് ഇസ്രയേലിനെ കരുതലിന് പ്രേരിപ്പിക്കുന്നത്.

അതിനിടെ ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎൻ ഭക്ഷ്യ സംഘടന അറിയിച്ചു. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎൻ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗസ്സയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി ഇസ്രയേൽ അറിയിച്ചു.

ഹമാസ് ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗസ്സയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആന്റണി ബ്ലിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തും.

അതേസമയം, അമേരിക്കൻ സൈനിക വിമാനങ്ങൾ യുഎഇയിലെ അൽദഫ്ര എയർ ബേസിൽ എത്തിയതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം തള്ളി. വിമാനം അൽദഫ്‌റയിലെത്തിയത് ഇസ്രയേലിനെ സഹായിക്കാനാണെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വ്യക്തമാക്കി.

അമേരിക്ക, യു എ ഇ സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് തീരുമാനിച്ച പദ്ധതികളുടെ ഭാഗമായാണ് വിമാനമെത്തിയത്. മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി വിമാനത്തിന്റെ വരവിന് ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.