ലണ്ടൻ: സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ ഒരു അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് അദ്ദേഹത്തിന്റെ ഭാര്യ. ഗസ്സയിൽ താമസിക്കുന്ന തന്റെ മാതാപിതാക്കളുടെ വസതിക്കരികിൽ ഇസ്രയെൽ ബോംബ് വർഷം നടത്തിയതായി സംശയിക്കുന്നു എന്ന് അവർ പറഞ്ഞു. ഫസ്റ്റ് മിനിസ്റ്ററുടെ ഭാര്യ നാദിയ എൽ നാക്ലയുടെ മാതാപിതാക്കൾ, മുത്തശ്ശി, സഹോദരനും സഹോദരന്റെ കുട്ടികളും ഗസ്സയിൽ കുടുങ്ങിക്കിടക്കുകയാണ്.

നാദിയയുടെ 93വയസ്സുള്ള മുത്തശ്ശിയെ സന്ദർശിക്കുന്നതിനായിട്ടായിരുന്നു കഴിഞ്ഞയാഴ്‌ച്ച നാദിയയുടെ മാതാപിതാക്കൾ ഗസ്സയിൽ എത്തിയത്. ഹമാസ് ഭീകരർ ആക്രമിച്ചതോടെ ഗസ്സയെ ഒരു ഇസ്രയേൽ അധിനിവേശ പ്രദേശമായി ഉയർന്ന ഇസ്രയേൽ ഉദ്യോഗസ്ഥർ പ്രഖ്യാപിക്കുകയായിരുന്നു. ഈ വാരാന്ത്യത്തിൽ അബെർഡീനിൽ നടക്കുന്ന പാർട്ടി സമ്മേളനത്തിന് മുന്നോടിയായി വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹംസ യൂസഫ്.

ഇതിന്റെ ഭാഗമായി, തന്റെ ഔദ്യോഗിക വസതിയായ ബ്യുട്ട് ഹൗസിന്റെ സ്വീകരണമുറിയിൽ പി എ ന്യുസ് ഏജൻസിയുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു ഫസ്റ്റ് മിനിസ്റ്റർ. അതിനിടയിലാണ്, അവിടേക്ക് കരഞ്ഞുകൊണ്ടെത്തിയ ഭാര്യ നദിയ, തനിക്ക് മാതാപിതാക്കളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും, അവർ താമസിക്കുന്നതിനടുത്തായി ബോംബിങ് നടന്നതായി സംശയിക്കുന്നു എന്നും പറഞ്ഞത്.

ബോംബിംഗുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്റെ ഭാര്യ കാണുന്നുണ്ടെന്നും, നാദിയയുടെ മാതാപിതാക്കൾ താമസിക്കുന്നതിനടുത്തുള്ള സ്ഥലം അവർ തിരിച്ചറിഞ്ഞെന്നും ഹംസ യൂസഫ് പിന്നീട് പറഞ്ഞു. അപ്പോഴാണ് അവർ മാതാപിതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ച്ത്. ഏതായാലും അഭിമുഖം തുടരാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അഭിമുഖത്തിനിടെ ഗസ്സ നഗരത്തിന്റെ പുറത്തുള്ള ഡീർ അൽ ബാല എന്ന സ്ഥലത്താണ് തന്റെ ഭാര്യയുടെ കുടുംബം താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അധികം വൈകാതെ നാദിയയുടെ മാതാപിതാക്കളുടെ സന്ദേശം എത്തി. തങ്ങളുടെ ചുറ്റുവട്ടമുള്ള പലയിടങ്ങളിലും ബോംബ് വർഷം നടന്നു എന്നും തങ്ങൾ പക്ഷെ സുരക്ഷിതരാണ് എന്നുമായിരുന്നു സന്ദേശം. ഗസ്സയിൽ കുരുങ്ങിയ സാധാരണക്കാരെ പുറത്തു കൊണ്ടുവരുന്നതിനായി ഒരു മനുഷ്യ ഇടനാഴി രൂപീകരിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഹംസ യൂസഫ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.