ലണ്ടൻ: ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജ്യുവിഷ് സ്‌കൂളികൾക്ക് തിങ്കളാഴ്‌ച്ച വരെ അവധി നൽകി. എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്‌കൂളും കോളിൻഡെയ്ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്‌കൂളുമാണ് തിങ്കളാഴ്‌ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്‌കൂൾ അധികൃതർ രക്ഷകർത്താക്കൾക്ക് കത്തെഴുതിയതായി സ്‌കൈ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ പരിധിയിലുള്ള എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും ബ്രിട്ടനിലെ യഹൂദ സമൂഹത്തെ സംരക്ഷിക്കും എന്ന് ഋഷി സുനക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. മദ്ധ്യപൂർവ്വ ദേശത്തെ സംഘർഷം ബ്രിട്ടനിൽ നിരവധി യഹൂദ വിരുദ്ധ പ്രകടനങ്ങൾക്ക് വഴി തെളിച്ചിരുന്നു. യഹൂദ സമൂഹത്തിന്റെ സ്‌കൂളുകൾ, സിനഗോഗുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണാർത്ഥം 3 മില്യൻ പൗണ്ടിന്റെ അധിക ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനുമായും മറ്റ് മുതിർന്ന മന്ത്രി സഭാംഗങ്ങളുമായും പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസിൽ ഒരു വട്ടമേശ സമ്മേളനം നടത്തിയതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. വിവിധ പൊലീസ് സേനകളുടെ തലവന്മാർ, കമ്മ്യുണിറ്റി സെക്യുരിറ്റി ട്രസ്റ്റ് പ്രതിനിധികൾ എന്നിവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ് നാല് ദിവസങ്ങൾക്കുള്ളിൽ 139 യഹൂദ വിരുദ്ധ പ്രവർത്തനങ്ങളാണ് ബ്രിട്ടനിൽ കമ്മ്യുണിറ്റ് സെക്യുരിറ്റി ട്രസ്റ്റ് രേഖപ്പെടുത്തിയത്. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രി, നൂറുകണക്കിന് ഫലസ്തീൻ അനുകൂലികൾ പടിഞ്ഞാറൻ ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി ഒത്തു ചേർന്നിരുന്നു. കടുത്ത പ്രതിഷേധങ്ങൾ നടന്ന സെൻട്രൽ ലണ്ടനിൽ മെട്രോപോളിറ്റൻ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. എമർജൻസി ജീവനക്കാരനെ ആക്രമിച്ചതിനും, ആയുധങ്ങൾ കൈവശം വച്ചതിനും സ്വത്തുക്കൾ നശിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വാരാന്ത്യത്തിലും ബ്രിട്ടനിലുടനീളം ധാരാളം പ്രതിഷേധ പ്രകടനങ്ങൾ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രയേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 1300 ഇസ്രയേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ, തീവ്രവാദികൾ ബന്ധികളാക്കിയ 97 ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ 1400 ഫലസ്തീനിയക്കാർ കൊല്ലപ്പെട്ടു എന്നും 6000 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നും ഗസ്സ അധികൃതർ പറയുന്നു. 1970 -ന് ശേഷം നടക്കുന്ന മൂന്നാമത്തെ വലീയ തീവ്രവാദ ആക്രമണമാണ് ഇസ്രയേലിൽ നടന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. അതുകൊണ്ടു തന്നെ ബ്രിട്ടൻ ഇസ്രയേലിന് പുറകിൽ ഉറച്ചു നിൽക്കും എന്നും അദ്ദേഹം പറഞ്ഞു.