- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരയുദ്ധം തുടങ്ങുമ്പോൾ ഇസ്രയേൽ സൈന്യത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങൾ; 500 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളിൽ കയറിയാൽ ഇസ്രയേലി സൈനികരെ കാത്തിരിക്കുന്നത് ചതിക്കുഴികളും
യെരുശലേം: ഹമാസിനെ അടിയറവ് പറയിക്കാൻ, ഇസ്രയേൽ സേന കരയുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ, ഒരു പക്ഷേ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ഹമാസിന്റെ വിപുലമായ ടണൽ ശൃംഖലയാണ്. വലിയ ജനസംഖ്യയുള്ള ഗസ്സയിലെ ഈ തുരങ്കങ്ങളുടെ ചില ഭാഗങ്ങൾ തകർക്കാൻ കഴിഞ്ഞേക്കുമെങ്കിലും വ്യോമാക്രമണം പോലെ കരയുദ്ധം അത്ര എളുപ്പമല്ല.
2021 ൽ ഇസ്രയേൽ പ്രതിരോധ സേന ഹമാസിന്റെ ഭൂഗർഭ ടണൽ ശൃംഖലയിലെ 100 കിലോമീറ്ററോളം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അന്ന് ഹമാസ് നേതാവ് യഹിയ സിൻവർ പറഞ്ഞത് ടണൽ ശൃംഖല 500 കിലോമീറ്റർ ദൈർഘ്യമുള്ളതാണെന്നും, ഇസ്രയേൽ അഞ്ചുശതമാനം മാത്രമാണ് തകർത്തെതെന്നും ആയിരുന്നു. ഡൽഹി മെട്രോ 392 കലോമീറ്ററാണ് നീളം. ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അതിന്റെയർഥം ഗസ്സമുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ്.
ഗസ്സയിൽ, മുൻപിൻ നോക്കാതെ കെട്ടിടങ്ങൾക്ക് നേരേ വ്യോമാക്രമണം നടത്തുന്നതിന് കാരണമായി ഇസ്രയേൽ സേന വാദിക്കുന്നത് സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾക്ക് അടിയിലൂടെയാണ് ഹമാസിന്റെ ടണലുകളെന്നാണ്. 2007 ൽ ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഹമാസ് ഈ തുരങ്കങ്ങൾ നഗരത്തിനുള്ളിലും, ഗസ്സ-ഇസ്രയേലി അതിർത്തിയിലേക്കും വിപുലമാക്കുകയായിരുന്നു.
ഗസ്സ മെട്രോ
ഈ വിപുലമായ ശൃംഖലയെ ഇസ്രയേലി സൈന്യം വിശേഷിപ്പിക്കുന്നത് ഗസ്സ മെട്രോ എന്നാണ്. ഈ ടണലുകളിൽ വെളിച്ചമുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാൻ മതിയായ സ്ഥലവുമുണ്ട്. ഭിത്തിയെല്ലാം സിമന്റിൽ തീർത്തിരിക്കുന്നു. ഗസ്സയിലേക്ക് ഒഴുകുന്ന മാനുഷിക സഹായമെല്ലാം, ഇത്തരത്തിൽ ഹമാസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വകമാറ്റിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് കര-കടൽ മാർഗ്ഗങ്ങളിലൂടെ ഒരേസമയം ആക്രമിക്കുകയായിരുന്നു. ഗസ്സ-ഇസ്രയേൽ അതിർത്തി വേലിയിൽ സെൻസറുകൾ ഉള്ളതുകൊണ്ടുതന്നെ കടന്നുകയറുക എളുപ്പമല്ല. ടണലുകൾ വഴിയാണ് ഹമാസ് ഇസ്രയേലിലേക്ക് ആരുമറിയാതെ കടന്നതെന്ന് കരുതുന്നു.
ഇസ്രയേൽ-ഗസ്സ അതിർത്തി വേലി 30 അടി ഉയരത്തിലാണ്. അടിയിൽ കോൺക്രീറ്റ് ബാരിയറുമുണ്ട്. അതുകൊണ്ട് തന്നെ ഗസ്സ നഗരത്തിലെ പോലെ സൗകര്യങ്ങളുള്ള ടണലുകൾ ആവില്ല അതിർത്തി കടക്കാനുള്ള ടണലുകൾ. അവ ഒറ്റതവണ ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്നവ ആയിരിക്കും. എങ്ങനെയും ഇസ്രയേലിൽ കടക്കുക മാത്രം ലക്ഷ്യം. ഹമാസിന്റെ നേതാക്കൾ ഗസ്സയിലെ ടണലുകളിൽ ഒളിച്ചിരുന്നാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും അവർ ഗതാഗതത്തിനും, ആശയവിനിമയത്തിനും ഈ ടണലുകൾ ഉപയോഗിക്കുന്നതായും ഈ വിഷയത്തിലെ വിദഗ്ദ്ധർ പറയുന്നു.
കള്ളക്കടത്തിനായി പണിത ഗസ്സ ടണലുകൾ
ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കും മുമ്പ് ഈ ടണൽ ശൃംഖല കള്ളക്കടത്തിനായാണ് ഉപയോഗിച്ചിരുന്നത്. 2005 ൽ ഇസ്രയേൽ ഗസ്സയിൽ നിന്ന് വിട്ടുപോയതിന് ശേഷവും 2006 ലെ തിരഞ്ഞെടുപ്പിൽ ഹമാസ് ജയിച്ചതിനും പിന്നാലെ ഇസ്രയേലും, ഈജിപ്റ്റും, തങ്ങളുടെ അതിർത്തി വഴി കടക്കുന്നത് നിയന്ത്രിച്ചിരുന്നു.
പിന്നീട് കള്ളക്കടത്തിന് മാത്രമല്ലാതെ ടണലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഗസ്സയുമായുള്ള തങ്ങളുടെ അതിർത്തിയിലെ ടണലുകൾ ഈജിപ്‌ററ് നശിപ്പിച്ചിരുന്നു. എന്നാൽ, ഇസ്രയേലിലേക്കുള്ള ടണലുകൾ കൂടുതൽ വിപുലമാവുകയാണ് ചെയ്തത്. 2006 ൽ ഹമാസ് ഇസ്രേലി സൈനികൻ ഹിലാദ് ഷാലിദിനെ പിടികൂടുകയും, രണ്ടുസഹപ്രവർത്തകരെ വകവരുത്തുകയും ചെയ്തത് ഈ ടണലുകൾ വഴി കടന്നായിരുന്നു. രണ്ടുവർഷത്തിന് ശേഷം തടവുകാരെ വിട്ടയ്ക്കാനുള്ള കരാറിന്റെ ഭാഗമായാണ് ഗിലാദ് ഷാലിദിനെ വിട്ടയച്ചത്.
പിന്നീട് ഇസ്രയേൽ ഈ തുരങ്കങ്ങളെ ഭീകര ടണലുകൾ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.
ഇസ്രയേലി ബന്ദികളെ ടണലിൽ ഒളിപ്പിച്ചോ?
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ ടണലുകളിൽ ഒളിപ്പിച്ചോ എനന് സംശയിക്കുന്നുണ്ട്. ഭൂമി നിരപ്പാക്കിയ ശേഷം ഈ ഭൂഗർഭ ടണലുകളിൽ എത്തുകയാണ് മാർഗ്ഗം. ബങ്കർ തകർക്കുന്ന ബോംബുകളും, മെർക്കാവ ടാങ്കുകളും ഉപയോഗിച്ചായിരിക്കും ഇസ്രയേൽ ടണലുകൾ തകർക്കുക. എന്നാൽ, തുരങ്കത്തിൽ പ്രവേശിക്കുമ്പോൾ ഇസ്രയേലി സൈനികരെ ചതിയിൽ പെടുത്താൻ തുരങ്കത്തിന്റെ ഉള്ളുകള്ളികൾ നന്നായി അറിയാവുന്ന ഹമാസിന് കഴിയും എന്നതാണ് അപകടം.
മറുനാടന് ഡെസ്ക്