ഗസ്സ സിറ്റി: വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനികം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ നിർദ്ദേശം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. അത് സാധ്യമല്ല. യുദ്ധമായാലും മാനുഷികനിയമങ്ങൾ പാലിക്കപ്പെടണം -അദ്ദേഹം പറഞ്ഞു. അതിനിടെ പലായനം വേഗത്തിലാക്കണമെന്ന് ഇസ്രയേൽ പ്രതിരോധസേനയായ ഐ.ഡി.എഫ്. വീണ്ടും മുന്നറിയിപ്പ് നൽകി. 11 ലക്ഷം ആളുകളെ ഒഴിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇസ്രയേൽ തള്ളി.

ഗസ്സ സിറ്റിയിലെ ജനവാസകേന്ദ്രങ്ങളിൽ പതിയിരിക്കുന്ന ഹമാസ് അംഗങ്ങളെ തുരത്താനാണ് ഒഴിപ്പിക്കലെന്നായിരുന്നു സൈന്യം നൽകിയ വിശദീകരണം. തങ്ങളെ മനുഷ്യകവചമാക്കുന്ന ഹമാസിൽനിന്ന് അകലം പാലിക്കണമെന്നും സൈന്യം ജനങ്ങളോടാവശ്യപ്പെട്ടു. കരയുദ്ധത്തിനുള്ള സൂചനൽകി കഴിഞ്ഞദിവസങ്ങളിലായി മൂന്നരലക്ഷം സൈനികരെയാണ് ഇസ്രയേൽ ഗസ്സയിൽ വിന്യസിപ്പിച്ചത്.

വടക്കൻ ഗസ്സയെ ലക്ഷ്യമിട്ട് കടലിൽനിന്ന് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിൽ രണ്ടു ഹമാസ് കമാൻഡർമാരുൾപ്പെടെ 324 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരത്തിലധികംപേർക്ക് പരിക്കേറ്റു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300-ഉം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1900-ഉം കടന്നു. ഗസ്സയിൽ 1300-ലധികം കെട്ടിടങ്ങൾ തകർന്നെന്ന് യു.എൻ. അറിയിച്ചു.

ഹമാസിനെ ഉന്മൂലനംചെയ്യാനുള്ള ശ്രമങ്ങളുടെ തുടക്കംമാത്രമാണ് ഇസ്രയേൽ ഒരാഴ്ചയായി നടത്തുന്ന ആക്രമണങ്ങളെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. സമ്പൂർണ ഉപരോധം നാലുദിവസം പിന്നിട്ടതോടെ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, അവശ്യമരുന്നുകൾ എന്നിവ കിട്ടാതെ ഗസ്സയിലെ 23 ലക്ഷം ജനങ്ങൾ പ്രതിസന്ധിയിലാണ്. ഗസ്സയിൽനിന്ന് ഇതുവരെ അഞ്ചുലക്ഷത്തിലധികംപേർ പലായനംചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്.

അതിനിടെ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നവർക്കായി സുരക്ഷിത ഇടനാഴി ഒരുക്കുമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിച്ചാർഡ് ഹെഷ്റ്റ് അറിയിച്ചു. പത്തുമുതൽ നാലുവരെയാണ് സമയം. എന്നാൽ ഇളവ് എത്ര ദിവസത്തേക്കെന്ന് അറിയിച്ചിട്ടില്ല. പലായനം വൈകിപ്പിക്കരുതെന്നും കരയുദ്ധം ആരംഭിച്ചാൽ വടക്കൻ ഇസ്രയേലിലെ റോഡുകൾ ഗതാതതയോഗ്യമല്ലാതാവുമെന്നും സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു.

ഗസ്സയിൽ കരയുദ്ധം ഉറപ്പെന്ന് പ്രഖ്യാപിച്ച് ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജീവനുംകൊണ്ട് രക്ഷപ്പെടുന്നവർക്കുനേരെയും ആക്രമണം നടന്നവെന്ന് റിപ്പോർട്ടുണ്ട്. വാഹനങ്ങളിൽ തെക്കൻ മേഖലയിലേക്ക് പോയവർക്കുനേരെ മൂന്നിടത്തായി വ്യോമാക്രമണം നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. തെക്കൻ ഗസ്സയിലേക്കും വ്യോമാക്രമണം നടത്തിയതോടെ ജനങ്ങൾ ഈജിപ്തിലേക്ക് പ്രവേശനം പ്രതീക്ഷിച്ച് റാഫ അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്.

കയ്യിൽ കിട്ടിയതെടുത്ത് കൂട്ടത്തോടെ ജനങ്ങൾ ഗസ്സ സിറ്റിയും വടക്കൻ ഗസ്സയും ഒഴിഞ്ഞു പോവുകയാണ് ഫലസ്തീൻ ജനത. കാറിലും ട്രക്കിലുമായാണു മിക്കവരും വീടൊഴിഞ്ഞു പോകുന്നത്. കഴുതപ്പുറത്തു വീട്ടുസാധനങ്ങൾ കെട്ടിവച്ചു നടന്നു പോകുന്നവരുമുണ്ട്.

വെള്ളവും വൈദ്യുതിയുമില്ലാതെ വലയുകയാണു ഫലസ്തീൻ ജനത. മിക്കവരുടെ ഫോണുകളിലും ചാർജ് തീർന്നു. ഉറ്റവർ എവിടെയെന്നു തിരക്കാൻ യാതൊരു വഴിയുമില്ല. ഇന്റർനെറ്റ് ബന്ധം ഇല്ലാത്തതിനാൽ പുറം ലോകവുമായി പൂർണമായി അകലുകയാണിവർ. വാഹനങ്ങൾക്ക് ആവശ്യത്തിന് ഇന്ധനം ഇല്ല.

ഇസ്രയേൽ സൈന്യം ആകാശമാർഗം ലഘുലേഖകൾ വിതരണം ചെയ്തു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ തിരിച്ചു വരരുതെന്നാണു ഫലസ്തീനുകാരോട് ആവശ്യപ്പെടുന്നത്. കൂട്ട പലായനം കൂടുതൽ ദുരിതം വിതയ്ക്കുമെന്നും യുഎൻ മുന്നറിയിപ്പു നൽകുന്നു.