- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇസ്രയേൽ പ്രതിരോധ നടപടികളുടെ അതിർവരമ്പുകൾ മറികടക്കുന്നു; ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് നിർത്തണം; ഫലസ്തീൻ ജനത അനുഭവിക്കുന്നത് അനീതി'; ഹമാസിനെപറ്റി മൗനംപാലിച്ച് ഇസ്രയേലിനെ വിമർശിച്ച് ചൈന
ബെയ്ജിങ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചും ഹമാസിനെക്കുറിച്ച് മൗനം പാലിച്ചും ചൈന. ഇസ്രയേലിന്റെ പ്രവൃത്തികൾ പ്രതിരോധ നടപടികളുടെ അതിർവരമ്പുകൾ കടന്നുവെന്നും ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികൾ ഇസ്രയേൽ ഉടൻ നിറുത്തിവെക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. പ്രശ്നങ്ങൾ എത്രയും വേഗം ചർച്ചയിലൂടെ പരിഹരിക്കണമെന്നും സംഘർഷം കൂടുതൽ രൂക്ഷമാക്കാനുള്ള നീക്കം മറ്റ് രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് കഴിഞ്ഞ് ഇതാദ്യമായാണ് ചൈന പ്രതികരണം നടത്തുന്നത്.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ആദ്യമായാണ് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. ശനിയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് വാങ് ഹി ചൈനീസ് നിലപാട് വ്യക്തമാക്കിയത്. 'അന്താരാഷ്ട്ര സമൂഹത്തിന്റേയും യുഎൻ സെക്രട്ടറി ജനറലിന്റേയും ആഹ്വാനങ്ങൾ ഇസ്രയേൽ കണക്കിലെടുക്കണം, ഗസ്സയിലെ ജനങ്ങളെ കൂട്ടായ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇസ്രയേൽ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം', വാങ് യി പറഞ്ഞു.
വിഷയത്തിൽ യുഎസ് ഫലപ്രദവും ഉത്തരവാദിത്വപരവുമായ ഇടപെടൽ നടത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ മറ്റൊരു ഫോൺ സംഭാഷണത്തിൽ വാങ് യി ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനായിസമാധാന യോഗം വിളിക്കണമെന്നും വാങ് യി ബ്ലിങ്കനോട് പറഞ്ഞു. കൂടാതെ, ഫലസ്തീൻ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിയാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്നങ്ങൾക്ക് കാരണമെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി ജയിംസ് ബോറലുമായി നടത്തിയ കൂടിക്കാഴ്ചയിൽ വാങ് യി പറയുകയുണ്ടായി.
ഇസ്രയേൽ-ഗസ്സ സംഘർഷത്തിൽ ചൈന നടത്തിയ ഔദ്യോഗികപ്രസ്താവനകളിൽ ഹമാസിനെക്കുറിച്ച് പരാമർശമുണ്ടായില്ലെന്ന് ചില പാശ്ചാത്യരാജ്യങ്ങളിൽനിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാനും സമാധാനചർച്ചകൾ നടപ്പിലാക്കാനുമായി ചൈനയുടെ പ്രത്യേകപ്രതിനിധി ഷായ് ജുൻ വരുന്നയാഴ്ച പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് ചൈനയുടെ ദേശീയ ടെലിവിഷൻ ചാനലായ സിസിടിവി വീഡിയോയിൽ വ്യക്തമാക്കി.
അറബ് ലീഗിന്റെ പ്രതിനിധികളുമായി ഷായ് ജുൻ ബെയ്ജിങ്ങിൽ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലസ്തീന്റെ വിഷയത്തിൽ സുപ്രധാന ഇടപെടൽ നടത്തുന്ന പ്രാദേശിക സംഘടനയ്ക്ക് ചൈന പിന്തുണ നൽകിയതായും ഷായ് ജുൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സമധാന പുനഃസ്ഥാപനത്തിനായി ചൈന പ്രയത്നിക്കുമെന്നും ഷായ് ജുൻ പ്രസ്താവിച്ചു.
അതേ,സമയം ചൈനയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത് വിമർശനത്തിന് ഇടയാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും ഇസ്രയേൽ എംബസി അധികൃതർ അറിയിച്ചു. എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം ഉണ്ടായത്. ആരാണ് ആക്രമിച്ചതെന്നു കണ്ടെത്താനായില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചത്. ഹമാസിനെ അനുകൂലിക്കുന്ന തരത്തിൽ ചൈന പ്രസ്താവന നടത്തിയതിനെ ഇസ്രയേൽ അംബസഡർ റാഫി ഹർപാസ് വിമർശിച്ചതിനു പിന്നാലെയാണ് ആക്രമണം.
അതേ സമയം വടക്കൻ ഗസ്സയിൽ താമസിക്കുന്നവർക്ക് സുരക്ഷിതമായി തെക്കൻ ഭാഗത്തേക്ക് പോകാൻ സുരക്ഷിത ഇടനാഴി തുറന്നുവെന്ന് ഇസ്രയേൽ സൈന്യം ഞായറാഴ്ച അറിയിച്ചിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഈ ഇടനാഴിയിൽ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) എക്സിൽ അറിയിച്ചു.
'ഗസ്സ സിറ്റിയിലെയും വടക്കൻ ഗസ്സയിലെയും നിവാസികളേ, കഴിഞ്ഞ ദിവസങ്ങളിൽ, നിങ്ങളുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശത്തേക്ക് മാറാൻ ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു. രാത്രി 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഈ റൂട്ടിൽ ഐഡിഎഫ് ഒരു പ്രവർത്തനവും നടത്തില്ലെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' ഇസ്രയേൽ സൈന്യം അറിയിച്ചു.
വടക്കൻ ഗസ്സയിൽ നിന്ന് തെക്കോട്ട് നീങ്ങാൻ ഈ അവസരം ഉപയോഗിക്കുകയെന്നും ഗസ്സ നിവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ പ്രധാനമാണെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ