- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം മേഖലയാകെ വ്യാപിക്കാതിരിക്കാനാണ് യുഎസിന്റെ ശ്രമം; ഗസ്സയിൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാനും; ചൈനയുടെ ഇടപെടലിന് ഹമാസ് അനുകൂലികൾ; ഗസ്സയിൽ നിന്നും ഒഴിഞ്ഞത് നാലരലക്ഷം പേർ; കരയുദ്ധം ഉടനെന്ന് സൂചന
ടെൽഅവീവ്: ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്‌ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പ്രഖ്യാപിക്കുമ്പോൾ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്. താലിബാനും ഹിസ്ബുള്ളയും ഹമാസിനൊപ്പം ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുമെന്നാണ് സൂചനകൾ. ഇതിന്റെ തുടക്കമാണ് ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
അതേസമയം, യുദ്ധഭൂമിയിൽ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോയത് നാലരലക്ഷം പേരാണ്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. ഫലസ്തീനിൽ നിന്ന് വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കാൻ ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. ഇതിനിടെ 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ രംഗത്തെത്തി. അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതിൽ 126 സൈനികരുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്.
വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ഇസ്രയേൽ ആവർത്തിച്ചു. അതേസമയം, വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവർത്തിച്ച ഇസ്രയേൽ കരയുദ്ധം ഉടനെന്ന് മുന്നറിയിപ്പും നൽകി. ഗസ്സയിൽ മരണ സംഖ്യ 2300 കടന്നു. ഇതിനിടെയാണ് ചൈനയെ വിഷയത്തിൽ ഇടപെടുവിക്കാനുള്ള ഇറാൻ നീക്കം. ലബനോൻ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടിരുന്നു.
അതിർത്തി ഗ്രാമമായ നർഹയ്യ പട്ടണത്തോട് ചേർന്ന സ്തൂല ഗ്രമത്തിലാണ് റോക്കറ്റ് പതിച്ചത്. മൂന്ന് പേർക്ക് മാരകമായി പരിക്കേറ്റു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റ് ആക്രമണം നടത്തി. അതിർത്തിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും, വന്നാൽ വെടിവെച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേൽ ആക്രമണത്തിൽ ആലപ്പോ വിമാനത്താവളം തകർന്നതായി സിറിയ ആരോപിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം ആക്രമണത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
അതിർത്തിനഗരമായ സ്‌ദെറോതിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതോടെ ഗസ്സയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചനയാണ് പുറത്തു വരുന്നത്. ഇസ്രയേൽ മന്ത്രിസഭ അടിയന്തരയോഗം ചേർന്നു. യുഎസ് പടക്കപ്പലുകളും ഗസ്സ അതിർത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി. ഗസ്സയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. തെക്കൻ ഗസ്സയിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചതായി യുഎസ് അറിയിച്ചു.
ഈമാസം ഏഴിനു ഹമാസിന്റെ ആക്രമണത്തിനു നേതൃത്വം നൽകിയ കമാൻഡോ യൂണിറ്റ് കമാൻഡർ ബിലാൽ അൽ കെദ്രായെ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചു. 100 ഹമാസ് കമാൻഡിങ് കേന്ദ്രങ്ങളിലും വ്യോമാക്രമണം നടത്തി. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2670 കവിഞ്ഞു. ഇവിടെ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇസ്രയേലിൽ 1400 പേർ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ആകെ മരണം 4070.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. യുദ്ധം മേഖലയാകെ വ്യാപിക്കാതിരിക്കാനാണ് യുഎസിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ