- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിക്കണം; കേവലം നിരീക്ഷകനായി തുടരാൻ കഴിയില്ല; ഞങ്ങളുടെ വിരലുകൾ കാഞ്ചിയിൽ'; ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ; യു എസിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ്
ടെൽ അവീവ്: ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഗസ്സയിൽ ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സൂചനകളുയരുന്നതിനിടെ ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി ഇറാൻ. 1,400-ലധികം ഇസ്രയേലികളെ കൊന്നൊടുക്കിയ വിനാശകരമായ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് ആയുധങ്ങളടക്കം എത്തിച്ചുനിൽകി പിന്തുണച്ചതിന് യുഎസിനെയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദെല്ലാഹിയാൻ വിമർശിച്ചു.
'ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും കൈകൾ കാഞ്ചിയിലായിരിക്കു'മെന്ന് ഹുസൈൻ അമിറബ്ദെല്ലാഹിയാൻ പറഞ്ഞു. ''സാഹചര്യം നിയന്ത്രിക്കാനും സംഘർഷങ്ങൾ വിപുലീകരിക്കാതിരിക്കാനും ആർക്കും ഉറപ്പ് നൽകാൻ കഴിയില്ല. യുദ്ധത്തിന്റെയും പ്രതിസന്ധിയുടെയും വ്യാപ്തി വികസിക്കുന്നത് തടയാൻ താൽപ്പര്യമുള്ളവർ, ഗസ്സയിലെ പൗരന്മാർക്കും സാധാരണക്കാർക്കും എതിരായ നിലവിലെ പ്രാകൃത ആക്രമണങ്ങൾ തടയേണ്ടതുണ്ട്'' ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഗസ്സ യുദ്ധം വലിയൊരു സംഘട്ടനത്തിലേക്ക് നീങ്ങിയാൽ യുഎസിന് കാര്യമായ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ''ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് കേവലം ഒരു നിരീക്ഷകനായി തുടരാൻ കഴിയില്ലെന്ന് ഇസ്രയേലിന് അതിന്റെ സഖ്യകക്ഷികളിലൂടെ ഞങ്ങളുടെ സന്ദേശം കൈമാറി. യുദ്ധത്തിന്റെ വ്യാപ്തി വികസിക്കുകയാണെങ്കിൽ, അമേരിക്കയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും'' അദ്ദേഹം വ്യക്തമാക്കി.
മിന്നലാക്രമണത്തിനു പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് യുഎസ്. എന്നാൽ, ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യത്യസ്ത അഭിപ്രായം പങ്കുവച്ചിരുന്നു. വീണ്ടും ഗസ്സ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം 'വലിയ അബദ്ധം' ആകുമെന്നു ബൈഡൻ പ്രതികരിച്ചത്. ഗസ്സയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേൽ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേൽ ഗസ്സ പിടിച്ചെടുക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സിബിഎസ് വാർത്താ ചാനലിന്റെ അഭിമുഖത്തിൽ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''അതു വളരെ വലിയ അബദ്ധമാകുമെന്നാണു കരുതുന്നത്'' എന്നായിരുന്നു ബൈഡന്റെ മറുപടി. ''എല്ലാ ഫലസ്തീൻ ജനതയെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ല. ഭീരുക്കളുടെ കൂട്ടമായ ഹമാസിനെ പൂർണമായും ഇല്ലാതാക്കണം. ഫലസ്തീൻ യാഥാർഥ്യമാക്കുന്നതിനു വഴിയൊരുക്കേണ്ടതുമുണ്ട്. തീവ്രവാദികളെ തുരത്തേണ്ടതും അത്യാവശ്യമാണ്.'' ബൈഡൻ പറഞ്ഞു.
ഗസ്സയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സി.ബി.എസ്. ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ജോ ബൈഡൻ വ്യക്തമാക്കി. ഹമാസ് പ്രകടമാക്കുന്ന ഭീകരവാദത്തിന്റെ പേരിൽ ഫലസ്തീനിലെ മുഴുവൻ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ലെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. എന്നാൽ ഭീകരതയെ തുടച്ചുനീക്കേണ്ടത് അനിവാര്യതയാണെന്നും ബൈഡൻ പറഞ്ഞു. ഫലസ്തീൻ അതിർത്തിക്കുമേൽ ഇസ്രയേൽ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ഫലസ്തീൻ സ്വതന്ത്രരാഷ്ട്രമാകണമെന്നും ബൈഡൻ വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തിയതിനു പിന്നാലെ ബൈഡൻ ഇസ്രയേൽ സന്ദർശനം നടത്താമെന്ന തീരുമാനം ബൈഡന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. നേരത്തെ വടക്കൻ ഗസ്സയിലുള്ള 11 ലക്ഷം പേരോട് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. കരയുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു ഇസ്രയേലിന്റെ ഉത്തരവ്. അഞ്ചുദിവസമായിത്തുടരുന്ന സമ്പൂർണ ഉപരോധവും വടക്കൻ മേഖലയിൽനിന്ന് ഉടൻ ഒഴിയണമെന്ന ഇസ്രയേൽ ഉത്തരവും ഗസ്സയിലെ ജനങ്ങളെ നരകയാതനയിലാക്കി.
ഗസ്സയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമായിരിക്കെ, ജാഗ്രത പുലർത്തണമെന്ന സന്ദേശമാണു ബൈഡൻ നൽകുന്നതെന്നാണു വിലയിരുത്തൽ. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. തുടർന്ന് ഈജിപ്തിലേക്കുപോയ ബ്ലിങ്കൻ വീണ്ടും ഇസ്രയേലിലെത്തും. യുദ്ധം മേഖലയാകെ വ്യാപിക്കാതിരിക്കാനാണ് യുഎസിന്റെ ശ്രമം.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, ഇസ്രയേലിൽ യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചും ഇസ്രയേലിന്റെ ദീർഘകാല എതിരാളിയായ ഇറാൻ നേരിട്ട് ഇടപെടാനുള്ള സാധ്യതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗസ്സയിൽ തുടർച്ചയായി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 700-ലധികം കുട്ടികൾ ഉൾപ്പെടെ 2,670-ലധികം പേർ കൊല്ലപ്പെട്ടു. ജനസാന്ദ്രതയേറിയ തീരദേശ മേഖലയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇസ്രയേൽ വിച്ഛേദിച്ചെങ്കിലും തെക്കൻ മേഖലയിൽ ഇന്നലെ ജലവിതരണം പുനഃസ്ഥാപിച്ചിരുന്നു.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കൊണ്ട് എങ്ങനെ പലായനം ചെയ്യുമെന്നതാണ് പലരുടെയും ആശങ്ക. ഗസ്സ സിറ്റിയിൽ ഹമാസ് അംഗങ്ങൾക്കായി ഇസ്രയേൽ പ്രതിരോധസേന അരിച്ചുപെറുക്കുകയാണ്. ഇവരെ വധിക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം.
തെക്കൻ ഗസ്സയിലേക്ക് പോകുന്നവർക്ക് ഞായറാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഇസ്രയേൽ സുരക്ഷിത ഇടനാഴിയൊരുക്കി. ഈ വഴിയിലൂടെ പോകുന്നവരെ ആക്രമിക്കില്ലെന്നായിരുന്നു ഉറപ്പ്. ഇതിനിടെ ഗസ്സയിൽ ഭക്ഷണ-കുടിവെള്ള-വൈദ്യുതി ക്ഷാമം അതിരൂക്ഷമായിത്തുടരുകയാണ്. ജനറേറ്ററുകളുപയോഗിച്ചാണ് ആശുപത്രികളുടെ പ്രവർത്തനം.
ഗസ്സയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ ഖാൻ യൂനിസിലെ നാസ്സറിൽ തീവ്രപരിചരണവിഭാഗം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. കൂടുതലും മൂന്നുവയസ്സിൽതാഴെയുള്ള കുട്ടികൾ. തിങ്കളാഴ്ചയോടെ ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം പൂർണമായും തീരും. വെന്റിലേറ്ററിൽ 35 പേരുണ്ട്.
അതിനിടെ ഞായറാഴ്ച രാവിലെ ലെബനീസ് അതിർത്തിയിൽനിന്ന് ഇസ്രയേലിലേക്ക് വെടിവെപ്പുണ്ടായി. ഒരാൾ മരിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ലെബനീസ് അതിർത്തിയിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ലെബനനിൽ മൂന്ന് ഹമാസുകാരും കൊല്ലപ്പെട്ടു.
മറുനാടന് ഡെസ്ക്