- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ അമേരിക്കയിൽ വിദ്വേഷക്കൊല; കൊല്ലപ്പെട്ടത് ഫലസ്തീൻ വംശജരുടെ മകനായ ആറ് വയസുകാരൻ; കുത്തേറ്റത് 26 തവണ; കുട്ടിയുടെ അമ്മക്കും ഗുരുതര പരിക്ക്; 71കാരനായ വീട്ടുടമ പിടിയിൽ
വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ അമേരിക്കയിൽ ഫലസ്തീൻ വംശജരുടെ മകനായ ആറ് വയസ്സുകാരൻ കുത്തേറ്റു മരിച്ചു. വിദ്വേഷക്കൊലയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെയും അക്രമി കുത്തിക്കൊല്ലാൻ ശ്രമിച്ചു. ഗുരുതര പരിക്കേറ്റ അവർ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇസ്രയേൽ - ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്കും പടർന്നേക്കുമെന്ന കടുത്ത ആശങ്കകളുയരുന്നതിനിടെയാണ് സംഭവം.
ആറുവയസ്സുകാരനായ വാദിഅ അൽ ഫായൂമാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ഹനാൻ ഷാഹിനും ഗുരുതരമായി പരിക്കേറ്റു. യു.എസ്. സംസ്ഥാനമായ ഇല്ലിനോയിയിലെ പ്ലെയ്ൻഫീൽഡിലാണ് സംഭവം. ഫലസ്തീൻ വംശജരായ കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ 71-കാരനായ ജോസഫ് ചൂബ എന്നയാളാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുടുംബത്തോട് തോന്നിയ വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരുടെ വീട്ടിലെത്തിയ ഇയാൾ കൈയിൽ കരുതിയ കത്തി കൊണ്ട് ഇരുവരേയും അക്രമിക്കുകയായിരുന്നു. വിവരം കുട്ടിയുടെ അമ്മയാണ് പൊലീസിനെ അറിയിച്ചത്.
പൊലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. പക്ഷേ ആറു വയസ്സുകാരൻ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണപ്പെടുകയായിരുന്നു. 26 തവണയാണ് കുട്ടിക്ക് കുത്തേറ്റത്. നെഞ്ചിലും കൈകളിലുമാണ് ഇരുവരുടേയും മുറിവുകൾ. ഗുരുതരമായി പരിക്കേറ്റ മാതാവ് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. കൊലയാളിയായ ജോസഫ് ചൂബയെ വീടിനു സമീപം തന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. 12 വർഷങ്ങൾക്ക് മുമ്പാണ് ഫയൂമിന്റെ കുടുംബം വെസ്റ്റ്ബാങ്കിൽ നിന്ന് യു.എസിലെത്തിയത്. ജോസഫിനെതിരെ കൊലകുറ്റത്തിനും മതവിദ്വേഷത്തിനും കേസെടുത്തിട്ടുണ്ട്.
ആക്രമണത്തിൽ യുവതിക്കും കൊല്ലപ്പെട്ട ആറു വയസ്സുകാരനും നെഞ്ചിലുൾപ്പെടെ പലയിടത്തായി കുത്തേറ്റു. മരിച്ച കുട്ടിക്ക് 26 കുത്തേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും വിൽ കൗണ്ടി ഷെരിഫ് ഓഫീസ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. 12 ഇഞ്ച് നീളമുള്ള കത്തി ഉപയോഗിച്ചാണ് ഇയാൾ ഇരുവരെയും ആക്രമിച്ചത്. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ പിന്നാലെയെത്തിയ പ്രതി വീണ്ടും കുത്തിയതായി പൊലീസ് പറയുന്നു. താമസ സ്ഥലത്തിനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ആക്രമണത്തെ ചെറുത്തുനിന്ന കുട്ടിയുടെ അമ്മ 911 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഇരുവരും കുത്തേറ്റ നിലയിൽ കിടപ്പുമുറിയിലായിരുന്നു. നെറ്റിയിൽ മുറിവേറ്റ സ്യൂബ സമീപത്തായി നിലത്ത് ഇരിക്കുകയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി.
'നിങ്ങൾ മുസ്ലീങ്ങൾ' മരിക്കണം' എന്ന് ആക്രോശിച്ചാണ് 70കാരൻ അമ്മയെയും കുട്ടിയെയും ആക്രമിച്ചതെന്ന് സിഎഐആറിന്റെ ഷിക്കാഗോയിലെ മേധാവി അഹമ്മദ് റിഹാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അക്രമത്തെ അപലപിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ യാതൊരു തരത്തിലുമുള്ള വിദ്വേഷത്തിനും അമേരിക്കയിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി. വിശ്വാസങ്ങൾക്കും മതത്തിനും അതീതമായി ഏതൊരാൾക്കും ഭയം കൂടാതെ ജീവിക്കാനാകുന്ന സ്ഥലമാണ് അമേരിക്കയെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. എല്ലാ തരത്തിലുള്ള മതഭ്രാന്തിനും വിദ്വേഷപ്രചരണത്തിനും മുസ്ലിം വിരുദ്ധതയ്ക്കുമെതിരെ ഒന്നിച്ചു നിൽക്കണമെന്നും ബൈഡൻ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്