ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. സംഘർഷത്തിന് അയവുണ്ടാക്കുകയാണ് അമേരിക്കൻ പ്രസിഡന്റിന്റെ യാത്രാ ഉദ്ദേശമെന്നാണ് സൂചന. ഗസ്സ പിടിച്ചെടുക്കുന്നതിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. ഹമാസിനെതിരെ മാത്രം മതി പ്രത്യാക്രമണം എന്നതാണ് അമേരിക്കൻ നിലപാട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിന്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. ജെറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം വീണ്ടും നടത്തിയെന്നും ഹമാസ് അറിയിച്ചു.

ഗസ്സയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗസ്സയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗസ്സയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യർത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. ഇതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇസ്രയേൽ യാത്ര.

ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ സൈന്യം ഗസ്സ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗസ്സയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിൻ നെതന്യാഹുവിനുവിനുണ്ട്. ഗസ്സയ്ക്കുള്ളിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന്
മറ്റൊരു തടസം.

ഇസ്രയേൽ ഗസ്സ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. എന്നാൽ ഗസ്സ എന്നും കയ്യടക്കി വെക്കാനോ അവിടെ സ്ഥിരമായി തങ്ങാനോ ഉദ്ദേശമില്ലെന്ന് യുഎന്നിലെ ഇസ്രയേൽ വക്താവ് വ്യക്തമാക്കി. അതിനിടെ ലെബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെ അവിടുത്തെ ചില മേഖലകളിൽ നിന്ന് ജനങ്ങളെ ഇസ്രയേൽ ഒഴിപ്പിച്ചു തുടങ്ങി. വടക്കൻ ഗസ്സയിൽനിന്ന് അഞ്ചുലക്ഷം പേർ വീടുവിട്ടു. ലക്ഷക്കണക്കിനാളുകൾ തെരുവിലാണ്. ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്ന ഇന്ധനം കൂടി ഉടൻ തീരുമെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

ഹമാസിനെതിരായ പോരാട്ടം തുടരുന്നതിനിടെ, സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേലിൽ ആലോചന ശക്തമാണ്. സംഘർഷം 10 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ്, പൗരന്മാർക്കും ആയുധങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ പൊലീസിന്റെ നീക്കം.

ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ നിലവിലുള്ള ഫസ്റ്റ് റെസ്‌പോണ്ടർ യൂണിറ്റുകൾ വിപുലീകരിക്കുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇത്താൻ ബെൻ ഗിവിർ, പൊലീസ് കമ്മിഷണർ കോബി ഷബ്തായ് എന്നിവർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 347 പുതിയ യൂണിറ്റുകൾക്കാണ് രൂപം നൽകുക. ഇത്രയും യൂണിറ്റുകളിലായി 13,200 പൊലീസ് വൊളണ്ടിയർമാർ രംഗത്തിറങ്ങും. ഇവരുടെ പേര് പട്ടികപ്പെടുത്തി റൈഫിളും പ്രൊട്ടക്ടീവ് ഗീയറും നൽകാനാണ് തീരുമാനം.