ടെൽ അവീവ്: ഗസ്സയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ. ഗസ്സയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണം. ഗസ്സയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പിൽ വിശദീകരിച്ചുന്നു. ആക്രമണം അതീവ ദുഃഖകരമെന്ന് അമേരിക്ക പ്രതികരിച്ചു. നിഷ്ഠൂരമെന്നാണ് ഖത്തറിന്റെ നിലപാട്. യുദ്ധ കുറ്റമാണെന്ന വിലയിരുത്തലുമുണ്ട്. ഇതിനിടെയാണ് ഇസ്രയേൽ തങ്ങളല്ല ഇതിന് പിന്നിലെന്ന് പറയുന്നത്.

ഇസ്ലാമിക് ജിഹാദികൾ ഇസ്രയേലിനെതിരെ തൊടുത്ത മിസൈൽ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്ന് ഇസ്രയേൽ സൈനിക വക്താവും അറിയിച്ചു അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗസ്സയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവർത്തന സംവിധാനങ്ങൾ വിശകലനം ചെയ്തപ്പോൾ, ഗസ്സയിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച ഇന്റലിജൻസ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേൽ സൈനിക വക്താവ് ട്വീറ്റിൽ കുറിച്ചു.

മധ്യ ഗസ്സയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങൾ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.

പരിക്കേറ്റവരും അഭയംതേടിയെത്തുന്നവരുമായ നിരവധിയാളുകളാണ് ഗസ്സയിലെ ആശുപത്രികളിലുള്ളത്. അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു സ്‌കൂളിനു നേർക്കും ആക്രമണമുണ്ടായതായി ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. ആക്രമത്തിന് പിന്നിൽ ഇസ്രയേലാണെന്നാണ് ഫലസ്തീൻ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചർച്ച ഫലസ്തീൻ വേണ്ടെന്ന് വച്ചു. ഈ സാഹചര്യത്തിൽ ഫലസ്തീനിലേക്ക് ജോ ബൈഡൻ പോകില്ലെന്നാണ് സൂചന. ഹമാസും ആശുപത്രിയിലെ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് പറയുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ, ജോർദൻ സന്ദർശനത്തിനായി വാഷിങ്ടണിൽ നിന്ന് തിരിച്ചു. ഗസ്സയിലെ ആശുപത്രി ആക്രമണത്തിന് ശേഷം സ്ഥിതി കൂടുതൽ രൂക്ഷമായിട്ടുണ്ട്. ഇതിനിടെയും ഇസ്രയേൽ സന്ദർശനത്തിന് മാറ്റം വരുത്താതെയാണ് ബൈഡന്റെ യാത്ര. ഇന്ത്യൻ സമയം ബുധനാഴ്‌ച്ച പുലർച്ചെ മൂന്ന് മണിക്കാണ് ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് ഇസ്രയേൽ സന്ദർശനത്തിനായി പുറപ്പെട്ടത്. ഇന്ന് തന്നെ ബൈഡൻ നെതന്യാഹുവുമായി സുപ്രധാന കൂടിക്കാഴ്‌ച്ച നടത്തും.

ടെൽ അവീവിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയശേഷം ജോർദാനിലെ അമ്മാനിലെത്തുന്ന അദ്ദേഹം അബ്ദുല്ല രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായും ചർച്ച നടത്തും. ഫലസ്തീൻകാർക്കു ഗസ്സയിൽ 'സുരക്ഷിതമേഖല' അനുവദിക്കാനും അടിയന്തര സഹായം എത്തിക്കാനുമായി യുഎസ്-ഇസ്രയേൽ കരാറിന് ഇന്ന് ധാരണയായേക്കും.

തെക്കൻ ഗസ്സയിലെ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ 80 ഫലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. ഇതുവരെ 3000 ഫലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു. അതിനിടെ, തെക്കൻ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഷെല്ലാക്രമണത്തിൽ ഹിസ്ബുല്ല പക്ഷത്തെ 4 പേർ കൊല്ലപ്പെട്ടു.