ലണ്ടൻ: രണ്ട് സ്വീഡിഷ് ആരാധകരുടെ ജീവൻ കവർന്ന, ബ്രസ്സൽസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ് മുൻ യു കെ ഡിഫൻസ് സെലെക്ട് കമ്മിറ്റി ചെയർമാൻ. ബെൽജിയത്തിന്റെ തലസ്ഥാനത്ത് ആക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന തോക്കുധാർ ടുണീഷ്യയിൽ നിന്നുള്ള ഒരു അഭയാർത്ഥിയാണ്. യൂറോ കപ്പിൽ, ബെൽജിയവും സ്വീഡനും തമ്മിലുള്ള മത്സരം നടക്കാനിരുന്ന വേദിയിൽ നിന്നും 5 കിലോമീറ്ററോളം ദൂരെയാണ് വെടിവെയ്പ് നടന്നത്.

യു കെയുടെ സുരക്ഷാകാര്യങ്ങളിലും നയതന്ത്ര ബന്ധങ്ങളിലും എന്നും ശബ്ദമുയർത്തിയിട്ടുള്ള എം പി, തോബിയാസ് എൽവുഡ് എക്സ്പ്രസ്സ് യു കെ യോട് പറഞ്ഞത്, മദ്ധ്യപൂർവ്വ ദേശത്തു നിന്നും തീവ്രവാദികളുടെ ഒരു കുത്തൊഴുക്ക് തന്നെ യൂറോപ്പിലേക്ക് ഉണ്ടാകും എന്ന് ഭയക്കേണ്ടിയിരിക്കുന്നു എന്നാണ്. ബ്രസ്സൽസിൽ നടന്നതുപോലുള്ള ആക്രമണങ്ങൾ ഇനിയും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മദ്ധ്യപൂർവ്വ ദേശത്തിനും അപ്പുറത്തുള്ള, തീവ്രവാദികളുടെ സ്ലീപ്പർ യൂണിറ്റുകൾ ഉണരുന്നു എന്നതിന്റെ സൂചനയാണ് ബ്രസ്സൽസ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനും അയൽക്കാർക്കും ഇടയിലെ സംഘർഷം കനത്ത സാഹചര്യത്തെ പരാമർശിച്ചു കൊണ്ട് മുൻ സൈനിക ക്യാപ്റ്റൻ കൂടിയായ അദ്ദേഹം പറഞ്ഞത് ഇസ്രയേലിന്റെയും പാശ്ചാത്യ ശക്തികളുടെയും ഭാഗത്തുണ്ടാകുന്ന പ്രവർത്തനപരവും നയതന്ത്രപരവുമായ തെറ്റുകൾ ഒരുപക്ഷെ ജിഹാദി ഗ്രൂപ്പുകളുടെ വളർച്ചക്ക് കാരണമായേക്കാം എന്നാണ്.

അതിനിടയിൽ, ബ്രസ്സൽസിലെ ആക്രമണത്തിന് ഗസ്സയിലെ സംഭവങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു ഫെഡറൽ പ്രോസിക്യുട്ടർ ഓഫീസ് വക്താവ് നേരത്തെ പറഞ്ഞത്. ഫലസ്തീൻ ജനതയ്ക്ക് പിന്തുണയേകുന്ന ചില പോസ്റ്റുകൾ അക്രമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായും വക്താവ് അറിയിച്ചു..ഹമാസ് തീവ്രവാദികളെ ഇല്ലാതെയാക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ ഇസ്രയേൽ ഗസ്സയിൽ വൻ തോതിൽ ആക്രമണം അഴിച്ചുവിട്ട്, സാധാരണക്കാരുടെ മരണത്തിനിടയാക്കിയാൽ ഒരുപക്ഷെ യൂറോപ്പിൽ തുടരെത്തുടരെ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നു എൽവുഡ് പറയുന്നു.

സാധാരണക്കാരെ സംരക്ഷിക്കുന്നതിനും, ഭരണ നിയന്ത്രണത്തിനും, സുരക്ഷക്കും ഉള്ള അടിയന്തിര പദ്ധതി തയ്യാറാക്കാതെ ഇസ്രയേൽ ഗസ്സയിൽ കരയുദ്ധം തുടങ്ങിയാൽ ഒരുപക്ഷെ അത് കൂടുതൽ ജനങ്ങളെ ഫലസ്തീനിയൻ പക്ഷത്തേക്ക് മാറ്റിയേക്കുമെന്നും അദ്ദേഹം പറയുന്നു. ആഗോള ശക്തികൾ ഒരു സംഗ്രമായ പരിപാടി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും, അങ്ങനെ നോക്കുമ്പോൾ ബൈഡന്റെ ഇസ്രയേൽ സന്ദർശനം കൃത്യ സമയത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.