ന്യൂഡൽഹി: ഗസ്സയിൽ അവശേഷിക്കുന്ന നാല് ഇന്ത്യാക്കാരെ ഇപ്പോൾ ഒഴിപ്പിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അവിടുത്തെ സാഹചര്യം നിലവിൽ അനുകൂലമല്ലെന്നും, അവരെ ഒഴിപ്പിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ, ഇന്ത്യയിൽ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യാക്കാരിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഏതെങ്കിലും, ഇന്ത്യാക്കാരൻ മരിക്കുകയോ, പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ദക്ഷിണ ഇസ്രയേലിലെ അഷ്‌കലോണിൽ ഇന്ത്യാക്കാരിയായ കെയർ ഗിവർക്ക് പരിക്കേറ്റിരുന്നു. ഒക്ടോബർ 7 ന് ഹമാസ് റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടപ്പോഴാണ് ഭർത്താവിനോട് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്ന യുവതിക്ക് പരിക്കേറ്റത്.

ഗസ്സയിലെ ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തിന് പിന്നാലെ അവിടുത്തെ സാധാരണ പൗരന്മാരുടെ സുരക്ഷയിൽ ഇന്ത്യയും ആശങ്ക പ്രകടിപ്പിട്ടുണ്ട്. ' നിങ്ങൾ പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടുകാണുമല്ലോ. പ്രധാനമന്ത്രി സാധാരണക്കാരുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും, കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ എല്ലാ തരത്തിലുള്ള അക്രമത്തെയും അപലപിക്കുന്നു', അരിന്ദം ബാഗ്ചി പറഞ്ഞു.

ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതിൽ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതിൽ ഇസ്രയേലിനൊപ്പം നിൽക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ തരം ഭീകരവാദത്തെയും എതിർക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.