- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ ഉപരോധത്തിലായ 20 ലക്ഷത്തിലേറെ ഫലസ്തീൻകാരുടെ ദുരിതത്തിനു ശമനമില്ല; ഹമാസിനെ തകർത്ത് ഇസ്രയേൽ വ്യോമാക്രണം തുടരുന്നു; മലിന ജലം കഴിച്ച് ജീവൻ പിടിച്ചു നിർത്തുന്ന സാധാരണക്കാർ; പശ്ചിമേഷ്യയിൽ അശാന്തി മാത്രം
ഖാൻ യൂനിസ്: തെക്കൻ ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ സ്ഥിതി ആശങ്കാജനകം. തെക്കൻ ഗസ്സയിലെ പല പട്ടണങ്ങളിലും ബുധനാഴ്ച ഇസ്രയേൽ ബോംബ് വർഷിച്ചു. ഖാൻ യൂനിസ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തിൽ 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നു. റാഫ അതിർത്തിയിൽ മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസിന്റെ ഭൂഗർഭതാവളങ്ങളും രഹസ്യാന്വേഷണകേന്ദ്രങ്ങളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകർത്തു. ബുധനാഴ്ച ഇസ്രയേലിലേക്ക് ഹമാസും ഷെല്ലാക്രമണം നടത്തി.
ഹമാസിന്റെ നാഷണൽ സെക്യൂരിറ്റി ഫോഴ്‌സ് തലവൻ ജെഹാദ് ഹൈസനെയും കുടുംബത്തെയും ഇസ്രയേൽ വധിച്ചു. ഗസ്സ സിറ്റിയിലെ ഇയാളുടെ വീട് ബോംബിട്ട് തകർക്കുകയായിരുന്നു. ഹമാസിന്റെ പൊളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീല അൽ - ഷാന്തിയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 68കാരിയായ ജമീല ഹമാസ് സഹസ്ഥാപകൻ അബ്ദുൾ അസീസ് അൽ - അൻതിസിയുടെ വിധവയാണ്.
സംഘർഷം 12 ദിവസം പിന്നിടുമ്പോൾ, വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ ഉപരോധത്തിലായ ഗസ്സയിൽ കഴിയുന്ന 20 ലക്ഷത്തിലേറെ ഫലസ്തീൻകാരുടെ ദുരിതത്തിനു ശമനമില്ല. അടിയന്തര സഹായമെത്തിക്കാൻ ഇസ്രയേൽ അനുമതി നൽകിയെങ്കിലും ഒന്നും നടക്കുന്നില്ല, യുഎസ് പ്രസിഡന്റ് ജോ ബൈഡനു പിന്നാലെ ഇസ്രയേലിനു പിന്തുണയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ടെൽ അവീവിൽ എത്തി.
പരിമിതമായ മാനുഷികസഹായം ഈജിപ്ത്വഴി ഗസ്സയിലേക്ക് എത്തിക്കുന്നതിന് ഇസ്രയേൽ അനുമതി നൽകിയതിനു പിന്നാലെയാണ് ആക്രമണങ്ങൾ ശക്തമായത്. യുദ്ധ ഭീതിയിൽ നാടു വിടുന്നവരും ഗതികേടിലാണ്. തെക്കൻ അതിർത്തിപ്രദേശങ്ങളിലെത്തിയവർക്ക് ഒരുനേരത്തെ ആഹാരം നൽകാനേ സന്നദ്ധപ്രവർത്തകർക്കാകുന്നുള്ളൂ. കുടിവെള്ളവിതരണം തടസ്സപ്പെട്ടു. മലിനജലം കുടിച്ചാണ് പലരും കഴിഞ്ഞുകൂടുന്നത്. വടക്കൻ ഗസ്സയിൽനിന്ന് ഒഴിഞ്ഞ് തെക്കന്മേഖലയിലേക്കുപോകാൻ 11 ലക്ഷം പേരോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടത് കഴിഞ്ഞ ആഴ്ചയാണ്. എന്നാൽ ഇപ്പോൾ തെക്കൻ ഗസ്സയും സുരക്ഷിതമല്ല.
യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് റാഫ അതിർത്തിവഴി അല്പം മാനുഷികസഹായമെത്തിക്കുന്നതിന് ഇസ്രയേൽ തടസ്സം നിൽക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. എന്നാൽ, സഹായം ഹമാസിന്റെ കൈകളിലെത്തിയാൽ ഇടപെടുമെന്ന മുന്നറിയിപ്പും നൽകി. ഭക്ഷണം, കുടിവെള്ളം അടക്കമുള്ള അവശ്യസാധനങ്ങളല്ലാതെ ഇന്ധനവിതരണം അനുവദിക്കുന്നില്ലെന്ന് സൂചനയുണ്ട്.
റാഫ അതിർത്തിവഴി ആദ്യഘട്ടം 20 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ എൽ സിസി സമ്മതിച്ചെന്ന് ബൈഡനും അറിയിച്ചു. എന്നാൽ, അതിർത്തിപ്രദേശത്തെ റോഡുകൾ വ്യോമാക്രമണത്തിൽ തകർന്നതിനാൽ സഹായം എത്തിക്കുക അസാധ്യവും. ഗസയിൽ അവശ്യമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഇല്ലാത്തതിനാൽ ആശുപത്രിയാക്രമണത്തിൽ പരിക്കേറ്റവരെ പോലും ചികിത്സിക്കാൻ കഴിയുന്നില്ല. പലയിടത്തും അനസ്‌തേഷ്യക്കുള്ള മരുന്നില്ല.
ഭക്ഷണവും മരുന്നുമടക്കമുള്ള അടിയന്തരസഹായവുമായി ഈജിപ്തിൽനിന്ന് 12 ട്രക്കുകൾക്ക് ഗസ്സയിൽ പ്രവേശിക്കാനാണ് ഇസ്രയേൽ അനുമതി നൽകിയത്. റഷ്യയുടെ 27 ടൺ സഹായവും ഈജിപ്ത് വഴിയാണു നൽകുക. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തെ തുടർന്നാണ് അതിർത്തി തുറക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സിസി തയ്യാറായത്. സഹായമെത്തിക്കാൻ കഴിഞ്ഞ ദിവസം ഇസ്രയേൽ അനുവാദം നൽകിയിരുന്നു. എന്നാൽ ആശുപത്രികളിലെ ജനറേറ്ററുകൾക്കാവശ്യമായ ഇന്ധനം അനുവദിക്കുന്നതിനെ പറ്റി ഇസ്രയേൽ ഒന്നും പറഞ്ഞിട്ടില്ല.
ഹിസ്ബുള്ളയെ ചെറുക്കാൻ ലെബനൻ അതിർത്തിയിലും കൂടുതൽ സൈനികരെ ഇസ്രയേൽ വിന്യസിച്ചു.തങ്ങളുടെ പൗരന്മാരെല്ലാം ഉടൻ ലെബനൻ വിടണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.203 പേരെങ്കിലും ഹമാസിന്റെ ബന്ദികളായുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ