- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ ഇനിയും തങ്ങുന്നവരെ ഹമാസുകാരായി കണക്കാക്കും; ഇനി കൂടുതൽ ശക്തമായ ആക്രമണമെന്ന് ഇസ്രയേൽ; കരയുദ്ധം തുടങ്ങുമെന്നും വിലയിരുത്തൽ; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല; ലെബനൻ അതിർത്തിയിലും സംഘർഷം അതിരൂക്ഷം

ടെൽ അവീവ്: ഗസ്സയിൽ ആദ്യ സഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ. ഗസ്സാ മുനമ്പിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കും. ഇനിയും ഗസ്സയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുകയാണ്. കരയുദ്ധവും ഇസ്രയേൽ തുടങ്ങുമെന്നാണ് സൂചന. വ്യോമാക്രമണം കൂടുതൽ ശക്തമാക്കും. ഹമാസിനെ തുടച്ചു നീക്കാനാണ് തീരുമാനം. ഇതിനിടെ ലെബനൻ അതിർത്തിയിലും യുദ്ധ രൂക്ഷമാണ്.
ഗസ്സയിലേക്കുള്ള റഫ അതിർത്തി ഈജിപ്ത് തുറന്നിട്ടുണ്ട്. ഇതോടെ യുദ്ധം തുടങ്ങി 14 ദിവസങ്ങൾക്ക് ശേഷം ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിത്തുടങ്ങി. 23 ലക്ഷം ജനങ്ങൾ ഉള്ള ഗസ്സയിലേക്ക് ദിവസം വെറും 20 ട്രക്കുകളിലാണ് ഭക്ഷണവും മരുന്നും എത്തുന്നത്. വേണ്ടതിന്റെ ആയിരത്തിലൊന്നുപോലും ആകുന്നില്ലെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്. എങ്കിലും 14 ദിവസമായി വെള്ളം പോലും കിട്ടാത്ത ഗസ്സയിലെ മനുഷ്യർക്ക് നേരിയ ആശ്വാസമാണ് റഫ അതിർത്തി തുറന്നത്. ഈ സഹായം ഗസായിൽ നിന്നും ഒഴിഞ്ഞു പോകുന്നതിന് വേണ്ടി നൽകുന്നതെന്നതാണ് ഇസ്രയേൽ നിലപാട്.
ഗസ്സാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ സൈന്യം കനത്ത വില നൽകേണ്ടി വരുമെന്ന് ലബനോൻ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചു. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികർ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട്‌ചെയ്തു. പതിനാല് ദിവസത്തിന് ശേഷം ഗസ്സയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കൻ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ യുദ്ധത്തിന് നേരിയ അയവ് വന്നേക്കുമെന്ന് പ്രതീക്ഷ ഉയർന്നിരുന്നു. ഇതിനിടെയാണ് വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേൽ വ്യക്തമാകിയത്. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഹമാസ് മോചിപ്പിച്ച വനിതകളോട് വീഡിയോ കോളിലൂടെ സംസാരിച്ചു.
ഫലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചിട്ടുണ്ട്. ഈജിപ്തിലെ കെയ്റോവിൽ അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് ഫലസ്തീൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്റോവിൽ അറബ് ഉച്ചകോടി നടന്നത്.
അതിനിടെ ഗസ്സയിലെ സംഘർഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും ഐക്യരാഷ്ട്ര സഭ രക്ഷാ കൗൺസിലിന് കഴിയാത്തതിൽ സൗദി അറേബ്യ നിരാശ പ്രകടിപ്പിച്ചു. കെയ്‌റോയിലെ സമാധാന ഉച്ചകോടിയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. സംഘർഷം ഒഴിവാക്കാനും, മാനുഷിക ഇടനാഴി ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണം എന്നും സൗദി ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യ സമാധാന ഉച്ചകോടിയിൽ പങ്കെടുത്തത്. യു എൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഉൾപ്പടെ മേഖലയിലെ പ്രധാന രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയിൽ, നിർണായക പ്രഖ്യാപനങ്ങളോ ഉടമ്പടികളോ ഉണ്ടായില്ല. യുദ്ധം അതിവേഗം അവസാനിപ്പിക്കമെന്ന ആഹ്വാനം ഉച്ചകോടി മുമ്പോട്ട് വച്ചിട്ടുണ്ട്. ഇത് നടക്കാനിടയില്ലെന്നാണ് ഇസ്രയേൽ നൽകുന്ന സൂചനകൾ.
ഖത്തർ , യു എ ഇ , സൗദി അറേബ്യ , ബഹ്‌റൈൻ , കുവൈത്ത് , ജോർദാൻ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തിൽ ഒത്തു ചേർന്നത്. ഇവർക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ , ജർമനി , തുർക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും ഫലസ്തീന്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും കെയ്‌റോയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുത്തു.
ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് റഫ അതിർത്തി ഈജിപ്ത് തുറന്നത്. ലോകാരോഗ്യ സംഘടനയുടെ ട്രക്കുകൾ ആണ് മരുന്നുകളുമായി ആദ്യം അതിർത്തി കടന്നത്. അതേസമയം വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ മരണം അയ്യായിരത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.


