നേരത്തെ റഷ്യൻ- യുക്രെയിൻ യുദ്ധത്തിലും പല തവണ ലോക മഹായുദ്ധത്തിലേക്ക് വഴിമാറുമോ എന്ന് ഭയപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അതിനേക്കാൾ ഗൗരവമാവുകയാണ് ഇസ്രയേൽ- ഹമാസ് സംഘർഷം. ഭീകരർക്കെതിരെ പോരാടുന്ന ജനാധിപത്യ രാജ്യത്തിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചൈന അവരുടെ ആറ് യുദ്ധക്കപ്പലുകൾ മദ്ധ്യപൂർവ്വദേശത്തേക്ക് അയച്ചിരിക്കുന്നു.

എന്നാൽ, ഇത് ഒരു സാധാരണ പരിശീലന നടപടി മാത്രമാണെന്നാണ് ചൈന വ്യക്തമാക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തീയറ്ററിൽ നിന്നുള്ള കപ്പലുകൾ ഇന്നലെ ഒമാൻ തീരം വിട്ടു. എന്നാൽ എവിടേക്കാണ് ഇത് സഞ്ചരിക്കുന്നത് എന്നതിന് വ്യക്തതയില്ല. നേരത്തെ മസ്‌കറ്റിൽ വെച്ച് ചൈനീസ് സൈന്യവും ഓമാൻ സൈന്യവും ഒരു സംയോജിത സൈനിക പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് സൈനിക കമാൻഡർമാർ ഒമാൻ സനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സൈനിക ആസ്ഥാനങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആറു മാസത്തിലേറെയായി ചൈനീസ് യുദ്ധക്കപ്പലുകൾ മദ്ധ്യപൂർവ്വ ദേശത്ത് തന്നെ കറങ്ങിത്തിരിയുകയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. സൊമാലിയയ്ക്ക് വടക്കുമാറിയുള്ള ഏഡൻ കടലിടുക്കിലായിരുന്നു ഇത് ആദ്യം എത്തിച്ചേർന്നത്. അതിനിടയിൽ ഇസ്രയേൽ- ഹമാസ് പ്രശ്നം പരിഹരിക്കാൻ ഒരു ദ്വിരാഷ്ട്ര ഫോർമുലയ്ക്ക് മാത്രമെ കഴിയു എന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് പ്രസ്താവിച്ചു.

സംഘർഷം കൂടുതൽ വ്യാപകമാകാതിരിക്കാൻ, എത്രയും പെട്ടെന്ന് വെടിനിർത്തൽ നിലവിൽ വരുത്തുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം എന്നും അദ്ദേഹം പറഞ്ഞു. ഈ സംഘർഷണം നിയന്ത്രണാതീതമായാൽ അത് മനുഷ്യ കുലത്തിനു തന്നെ വൻ നാശങ്ങൾ വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഹമാസ് സംഘർഷം കൈവിട്ട കളിയാകുമോ എന്ന് ചില പാശ്ചാത്യ യുദ്ധ നിരീക്ഷകരും നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു.

അതിനിടയിൽ ലെബനൻ അതിർത്തിയിലും ഇസ്രയേൽ പുതിയ പോർമുഖം തുറന്നു. ഹിസ്ബുള്ള തീവ്രവാദികളെ നേരിടാനാണിത്. ലബനീസ് അതിർത്തിയോട് ചേർന്നുള്ള കിര്യാറ്റ് ഷ്മോണ പട്ടണത്തിൽ നിന്നും 20,000 പേരെ മാറ്റിപ്പാർപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും അമേരിക്ക എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ഒരു വിമാനവാഹിനി യാത്ര തിരിച്ചതായും പറയുന്നു. വരും ദിവസങ്ങളിൽ മറ്റൊരു വലിയ യുദ്ധക്കപ്പൽ കൂടി ഈ മേഖലയിലെത്തും.

അറിയിപ്പ് ലഭിച്ചാൽ 24 മണിക്കൂറിനകം പ്രവർത്തനക്ഷമമാകാൻ പാകത്തിൽ 2000 സൈനികരെ അമേരിക്ക ഇവിടെ സജ്ജമാക്കി നിർത്തിയിരിക്കുന്നു. വെള്ളിയാഴ്‌ച്ച ഇസ്രയേലിനെ പ്രതിരോധിക്കാനായി യമനിലെ ചെങ്കടൽ തീരത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾ വെടിയുതിർത്തു. ഇറാൻ ആസ്ഥാനമാകി പ്രവർത്തിക്കുന്ന ഹൂത്തി വിമതർ, ഇസ്രയേലിന് നേരെ അയച്ച 15 ഓളം ഡ്രോണുകളും നാല് ക്രൂയിസ് മിസൈലുകളും അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇറാഖിലേയും സിറിയയിലേയും സൈനിക ആസ്ഥാനങ്ങളെയും ഇറാനിൽ നിന്നുള്ള ഭീകരർ ലക്ഷ്യം വയ്ക്കുന്നുണ്ട്.