- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ ബോംബിങ് നിർത്തണം; ഋഷി സുനകിന്റെ മുഖത്ത് ഹിറ്റ്ലറുടെ മീശവെച്ച് ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധത്തിനിറങ്ങിയത് ഒരു ലക്ഷം ആളുകൾ; ഇസ്രയേൽ വിരുദ്ധർ യുകെയിലും പ്രതിഷേധത്തിൽ
ലണ്ടൻ: ഹിറ്റ്ലറുടെ കുപ്രസിദ്ധമായ കുറുമീശവെച്ച ഋഷി സുനകിന്റെയും ബെന്യാമിൻ നേതന്യാഹുവിന്റെയും ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകൾ ഏന്തി ഒരു ലക്ഷത്തോളം പേരായിരുന്നു സെൻട്രൽ ലണ്ടനിൽ ഇന്നലെ ഉച്ചതിരിഞ്ഞ് പ്രകടനത്തിനിറങ്ങിയത്. ഫലസ്തീനികൾക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ച നടത്തിയ പ്രകടനത്തിൽ, മുസ്ലീ സേനകൾ ഒരുമിച്ച് ഇസ്രയേലിനെ ആക്രമിക്കാനും, ഗസ്സയിലെ ജനങ്ങളെ രക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന പ്ലക്കാർഡുകളും ഉയർത്തിയിരുന്നു.
ഏകദേശം 70,000 ഓളം ഫലസ്തീൻ അനുകൂലികൾ തലസ്ഥാനത്തെ വീഥികളിൽ ഇന്നലെ പ്രകടനം നടത്തിയതായി മെറ്റ് പൊലീസ് പറയുന്നു. ഏകദേശം 1 ലക്ഷത്തോളം പേർ പ്രകടനത്തിൽ പങ്കെടുത്തതായാണ് അനൗദ്യോഗിക കണക്ക്. അതിനൊപ്പം, ഇസ്രയേലിനെതിരെ സൈനിക നടപടിക്ക് മുതിരണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത് എംബസിക്ക് മുൻപിലും ചെറിയൊരു ആൾക്കൂട്ടം പ്രകടനം നടത്തി. ലിബറേഷൻ പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ബ്രിട്ടനിലെ ഇസ്ലാമിക ഗ്രൂപ്പ് ആയ ഹിസ്ബത്ത് താഹിർ ബ്രിട്ടൻ, എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും നിരവധി പേർ പ്രകടനത്തിൽ പങ്കെടുക്കുന്നത് കാണാം.
അല്ലാഹു അക്‌ബർ വിളികൾ മുഴക്കി നടത്തിയ പ്രതിഷേധത്തിൽ ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രകടനത്തിന്റെ ഭാഗമായി ആയിരങ്ങൾ ലണ്ടനിലെ മാർബിൾ ആർച്ചിന് മുൻപിലും അണിനിരന്നു. ഫലസ്തീന് സ്വാതന്ത്ര്യം വേണമെന്നും, ഗസ്സയിൽ ബോംബിങ് നിർത്തണമെന്നും വിളിച്ചു പറഞ്ഞ ജനക്കൂട്ടം ഇസ്രയേൽ എന്ന രാജ്യം ഇല്ലാതെയാകണം എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
പ്രതിഷേധത്തിനിടയിൽ ചെറീയ തോതിൽ സംഘർഷങ്ങളും ഉണ്ടായി. പടക്കങ്ങൾ തീകൊളുത്തി വലിച്ചെറിയുക, പൊതു സമാധാനം തകർക്കുക, എമർജൻസി ജീവനക്കാരെ ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ചിലരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അഞ്ചോളം പൊലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കുകളും ഏറ്റിട്ടുണ്ട്.
അതിനിടയിൽ കാർഡിഫിൽ നടന്ന പ്രകടനത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. ബ്രിട്ടീഷ്, വെൽഷ് സർക്കാരുകളോട് ഫലസ്തീനിൽ വെടി നിറുത്തുവാനായി ഇടപെടൽ നടത്തണം എന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. സാൽഫോർഡ്, ബിർമ്മിങ്ഹാം, ബെൽഫാസ്റ്റ്, ഡുബ്ലിൻ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. തുടർച്ചയായി ഇത് രണ്ടാം തവണയാണ് വാരാന്ത്യങ്ങളിൽ ഫലസ്തീൻ അനുകൂല പ്രകടനം നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ