ഗസ്സ സിറ്റി: ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഉമർ ദറാഗ്മ ഇസ്രയേൽ ജയിലിൽ മരിച്ച് വിവാദത്തിൽ. ഉമറിനെ ഇസ്രയേൽ സൈന്യം തടവറയിൽ വച്ച് പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. എന്നാൽ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രയേൽ വിശദീകരണം.

ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബർ ഒൻപതിനാണ് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800ഓളം ഫലസ്തീനികളെ തടവിലാക്കിയതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇതിൽ 500ഓളം പേർ ഹമാസ് അംഗങ്ങളാണെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ഇതിലെ പ്രധാനിയായിരുന്നു ഉമർ.

ദറാഗ്മയുടെ ജന്മനഗരമായ തൂബാസിൽ വൻ പ്രതിഷേധ റാലിയുമായി ജനങ്ങൾ തെരുവിലിറങ്ങി. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം 800 ഫലസ്തീനികളെ തടവിലാക്കിയതായും ഇവരിൽ 500പേർ ഹമാസ് അംഗങ്ങളാണെന്നും ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. അതിനിടെ രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.

കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം ഗസ്സയിൽ പ്രവേശിച്ചതായി ഹമാസ് പറയുന്നു. ഗസ്സയിൽ പ്രവേശിച്ച സൈന്യത്തെ തങ്ങൾ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ രക്തകലുഷിതമായ രാത്രികളിൽ ഒന്നായിരിക്കും ഇതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഗസ്സയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗസ്സയ്ക്കരികിലുള്ള അൽ-ഷിഫ, അൽ-ഖുദ്‌സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ നൂറുക്കണക്കിനുപേർ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.

വെസ്റ്റ് ബാങ്കിൽ അർധരാത്രിയിൽ ഇസ്രയേൽ സൈന്യം നടത്തിയ തിരച്ചിലിൽ രണ്ട് ഫലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തിയിരുന്നു. ഇതുവരെയായി ഇസ്രയേൽ ആക്രമണത്തിൽ 5087 ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് വിവരം. 1400ലേറെ ഇസ്രയേലികൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

വടക്കൻ ഗസ്സയിൽ നിന്ന് ഇനിയും പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് ഇസ്രയേൽ ഭീഷണി കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഇതിനുപിന്നാലെയാണ്, ദിവസങ്ങളായി അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന ഇസ്രയേൽ സൈനിക ടാങ്കുകൾ വടക്കൻ ഗസ്സയിലേക്ക് പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്.