ന്യുയോർക്ക്; അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്പ്. മെയ്നിലെ ലെവിസ്റ്റണിൽ എആർ 15-സ്‌റ്റൈൽ റൈഫിൾ ഉപയോഗിച്ച് ആയുധധാരിയായ ഒരു തോക്കുധാരി മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി 22 പേരെ വെടിവച്ചു കൊന്നുവെന്നാണ് റിപ്പോർട്ട്.  60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയെ ഞെട്ടിച്ചാണ് ആക്രമണം. 22 പേർ മരിച്ചതായി ലെവിസ്റ്റൺ സിറ്റി അഡ്‌മിനിസ്‌ട്രേറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. മരണം ഇനിയും ഉയരാനാണ് സാധ്യത. വെടിയുതിർത്തയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആക്രമിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമടക്കം പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. യുഎസ് ആർമി റിസർവ്വിലെ പരിശീലകനായിരുന്ന റോബർട്ട് കാഡ് എന്നയാളാണ് അക്രമിയെന്നും ഇയാൾ മനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. 

തോക്കുമായി ഇരച്ചെത്തിയ ഇആൾ ജനക്കൂട്ടത്തിനു നേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു. ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്‌പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്‌പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനങ്ങൾക്ക് പൊലീസ് ജാഗ്രതാനിർദ്ദേശം നൽകി. സ്‌പെയർടൈം റിക്രിയേഷൻ, സ്‌കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്‌പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല. പ്രതികളിൽ ഒരാളുടേതെന്ന് സംശയിക്കുന്ന ഫോട്ടോകൾ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവർ അറിയിക്കാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

അക്രമികളെ പിടികൂടാത്തതിനാൽ വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങൾക്ക് പൊലീസ് നൽകിയ നിർദ്ദേശം. പ്രതികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുകയാണ്.  പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെടിയൊച്ചയും ആളുകൾ മരിച്ചു വീഴുന്നതും കണ്ട് ആളുകൾ പരിഭ്രാന്തരായി. നിരവധി പേർ തോക്കിൻ മുനയിൽ നിന്നും ഓടി രക്ഷപ്പെട്ടു.  അക്രമിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.