ലണ്ടൻ: മാഡ്രിഡിലെ ഒരു ഹോട്ടലിൽ, ഒരു പുരുഷ ജീവനക്കാരന് നേരെ നഗ്‌നത പ്രകടിപ്പിച്ചു എന്ന കുറ്റത്തിന് ടോറി എം പി പീറ്റർ ബോണിനെ ബ്രിട്ടണിൽ ആറാഴ്‌ച്ച കാലത്തേക്ക് സസ്പെൻഡ് ചെയ്തു. അപമാനിക്കുന്നതിനും, ലൈംഗികമായ പെരുമാറ്റ ദൂഷ്യത്തിനും ശിക്ഷയായി, വെല്ലിങ്ബറോ എം പി സസ്പെൻഷനിൽ ആയതോടെ മറ്റൊരു ഉപതെരഞ്ഞെടുപ്പു കൂടി പ്രധാനമന്ത്രി ഋഷി സുനകിന്റെ മുറ്റത്തെത്തി നിൽക്കുകയാണ്.

മറ്റുള്ളവരെ അപമാനിച്ച ഒന്നിലധികം സംഭവങ്ങളും ഒരു ലൈംഗിക പെരുമാറ്റ ദൂഷ്യവും ആണ് ഈ എം പിയുടെ പേരിൽ തെളിഞ്ഞിട്ടുള്ളത്. 2012- ലും 2013 ലും ആയിരുന്നു ഒരു ജീവനക്കാരന് നേരെ ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറിയത്. ജീവനക്കാരനെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയുമ്മ് പല സാധനങ്ങളും അയാൾക്ക് നേരെ വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ഒരു ഔദ്യോഗിക യാത്രക്കിടെ, മാഡ്രിഡിലെ ഒരു ഹോട്ടലിലെ കുളിമുറിയിൽ വെച്ച് ഈ ജീവനക്കാരന്റെ മുൻപിൽ ബോൺ നഗ്‌നത പ്രദർശനം നടത്തുകയും ചെയ്തു.

മാത്രമല്ല, ഈ ജീവനക്കാരന്റെ ജോലിയിൽതൃപ്തി വന്നില്ലെങ്കിൽ എം പി ഇയാളെ അപമാനിക്കുന്ന രീതിയിൽ, കൈ മടിയിൽ വെച്ച് ഇരിക്കുവാൻ ആവശ്യപ്പെടുമായിരുന്നത്രെ. ഒരു യുവാവായ തന്റെ മാനസിക വീര്യം മുഴുവൻ തകർക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു എം പിയുടേതെന്ന് പരാതിക്കാരൻ ബി ബി സിയോട് പറഞ്ഞു. പലപ്പോഴും വിസ്ഫോടനാത്മകമായ രീതിയിലായിരുന്നു എം പിയുടെ വൈകാരിക പ്രകടനം എന്നും പരാതിക്കാരൻ പറഞ്ഞു.

ഇന്നലെ ജനപ്രതിനിധി സഭ വെല്ലിങ്ബറോ എം പിയുടെ സസ്പെൻഷൻ ശരിവെച്ചു. കൺസർവേറ്റീവ് വിപ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു സ്വതന്ത്രനായിട്ടാണ് അദ്ദേഹം ഇപ്പോൾ പാർലമെന്റിൽ ഇരിക്കുന്നത്. എം പിയെ തിരികെ വിളിക്കുന്നതിനുള്ള ഒരു പെറ്റീഷൻ അണിയറയിൽ ഒരുങ്ങുകയാണ്. നോർത്താംപ്ടൺഷയർ നിയോജകമണ്ഡലത്തിലെ വോട്ടർമാരിൽ ചുരുങ്ങിയത് 10 ശതമാനം പേരെങ്കിലും അതിനെ അനുകൂലിച്ചാൽ ഒരു ഉപതെരഞ്ഞെടുപ്പ് അത്യാവശ്യമായി വരും.

2005 മുതൽ ഇവിടെ കൺസർവേറ്റീവ് പാർട്ടി സീറ്റിൽ മത്സരിച്ച് ജയിക്കുന്ന വ്യക്തിയാണ് ബോൺ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 18,540 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹം സീറ്റ് നിലനിർത്തിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നേരത്തെ ഉപതെരഞ്ഞെടുപ്പ് നടന്ന ടാംവർത്തിലും ബെഡ്ഫോർഡ്ഷയറിലും 2019-ൽ ടോറികൾ നേടിയ ഭൂരിപക്ഷത്തേക്കാൾ കുറവ് ഭൂരിപക്ഷത്തിനായിരുന്നു ടോറികൾ ഈ സീറ്റ് നിലനിർത്തിയത് എന്നർത്ഥം. ടാംവർത്തും, ബെഡ്ഫോർഡ്ഷയറും ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് കഴിഞ്ഞയാഴ്‌ച്ച എം പി പറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ടോറി പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. എം പിമാരുടെ പെരുമാറ്റ ചട്ടം ബോൺ ലംഘിച്ചതായി പാർലമെന്റിന്റെ സ്വതന്ത്ര എക്സ്പർട്ട് പാനൽ കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഇപ്പോൾ സസ്പെൻഷൻ ചെയ്തിരിക്കുന്നത്.