ലെവിസ്റ്റൺ: അമേരിക്കയിലെ മെയിൻ സംസ്ഥാനത്തെ ലെവിസ്റ്റണിൽ 22 പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് സൂചന. അക്രമിയെ തിരിച്ചറിഞ്ഞു. റോബർട്ട് കാർഡ് എന്ന മുൻ സൈനികനാണ് കൊലയാളി. ഇയാൾ നേരത്തെ ഗാർഹിക പീഡന കേസിൽ അറസ്റ്റിലായിരുന്നു. മനോരോഗ കേന്ദ്രത്തിൽ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

40കാരനായ റോബർട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നിടങ്ങളിലായാണ് റോബർട്ട് കാർഡ് വെടിവയ്‌പ്പ് നടത്തിയത്. സ്‌പെയർടൈം റിക്രിയേഷൻ, സ്‌കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവയ്‌പ്പ് നടന്നത്. മാനിസക പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തൽ. വെടിവയ്പ് ആക്രമങ്ങൾ കൂടുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. നാലോ അതിലധികമോ ആളുകൾ വെടിയേറ്റ് കൊല്ലപ്പെട്ട 500 സംഭവങ്ങളാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലെവിസ്റ്റണിൽ കൂട്ട വെടിവയ്‌പ്പിന് ശേഷം റോബർട്ട് കാർഡ് വെള്ള നിറമുള്ള കാറിലാണ് കൊലയാളി രക്ഷപ്പെട്ടത്. തോക്കുചൂണ്ടി നൽക്കുന്ന നീളൻ കയ്യുള്ള ഷർട്ടും ജീൻസും ധരിച്ച അക്രമിയുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമി ആയുധവുമായി പുറത്ത് കറങ്ങി നടക്കുന്നതിനാൽ പുറത്തിറങ്ങാതെ വീടിനുള്ളിൽ വാതിലുകൾ പൂട്ടിയിരിക്കാനാണ് നിർദ്ദേശം.

'ഞങ്ങളുടെ നഗരത്തെയും ആളുകളെയും ഓർക്കുമ്പോൾ ഹൃദയം തകരുന്നു. മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു'- ലെവിസ്റ്റൺ മേയർ കാൾ ഷെലിൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംഭവത്തിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അമേരിക്കയെ ഞെട്ടിച്ചാണ് ആക്രമണം. 22 പേർ മരിച്ചതായി ലെവിസ്റ്റൺ സിറ്റി അഡ്‌മിനിസ്ട്രേറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. മരണം ഇനിയും ഉയരാനാണ് സാധ്യത.

പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമടക്കം പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. തോക്കുമായി ഇരച്ചെത്തിയ ഇആൾ ജനക്കൂട്ടത്തിനു നേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു.